എന്ത്_കൊണ്ടെന്നാൽ_വിശുദ്ധ_കുരിശിനാൽ_അങ്ങ്_ലോകത്തെ_വീണ്ടു_രക്ഷിച്ചു.
.
കുരിശാണ് രക്ഷ………
കുരിശിലാണ്‌ രക്ഷ……
കുരിശേ നമിചീടുന്നു……
.
" വിശുദ്ധ കുരിശോ, കാണുമ്പോൾ ശത്രുക്കൾ ഭയന്ന് വിറയ്ക്കുകയും മൂടൽ മഞ്ഞു പോലെ സാത്താൻ പാലായനം ചെയ്യുകയും ചെയ്യുന്ന അത്ഭുത ധന്ടാണ് അത്."
.
ലോകരക്ഷകനായ ഈശോ മൂന്ന് ആണികളില്‍ തൂങ്ങിക്കിടന്ന് ജീവിതബലിയര്‍പ്പിച്ച തിരുക്കുരിശിന്റെ ചരിത്രം നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
.
ബൈബിളിലെ പുതിയ നിയമത്തിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നതുപോലെ ഏ.ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യകാലത്തുതന്നെ വി. പത്രോസും വി. പൗലോസും റോമായില്‍ചെന്ന് സുവിശേഷം അറിയിച്ചു.
.
.ബഹുദൈവാരാധകരായിരുന്ന റോമാചക്രവര്‍ത്തിമാരും പല ദേവന്മാരെ ആരാധിച്ചിരുന്ന റോമന്‍ പ്രഭുക്കന്മാരും ക്രിസ്തുമതത്തെ എതിര്‍ത്തു.
.
ക്രിസ്തുവിന്റെ വചനം പ്രസംഗിക്കുന്നവരെയും അത് സ്വീകരിച്ച് ക്രിസ്ത്യാനികളാക്കുന്നവരെയും നശിപ്പിക്കുവാന്‍ സര്‍വശക്തിയും പ്രയോഗിച്ചവര്‍ പീഡിപ്പിച്ചു.
.
ഏ.ഡി 310 വരെ ഏതാണ്ട് 15 റോമാചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികള്‍ക്കെതിരായി മതപീഡനം നടത്തി. വി.പത്രോസും വി.പൗലോസും തുടങ്ങി അനേകം ക്രിസ്ത്യാനികള്‍ രക്തസാക്ഷികളായി.
.
അവസാനത്തെ ക്രിസ്തുവിരോധിയായിരുന്ന റോമാചക്രവര്‍ത്തിയാണ് 'കോണ്‍സ്റ്റന്റയിന്‍' ഏ.ഡി 313-ല്‍ അയല്‍രാജാവായിരുന്ന മര്‍ച്ചന്‍സിയുസുമായി കോണ്‍സ്റ്റന്റയിന് യുദ്ധം ചെയ്യേണ്ടിവന്നു. മര്‍ച്ചന്‍സിയൂസിന്റെ സൈന്യം റോമാ ആക്രമിച്ചു.
.
കോണ്‍സ്റ്റന്റയിന്‍ റോമാരാജ്യം നഷ്ടപ്പെട്ട് പരാജിതനാകുമെന്ന് തോന്നിയപ്പോള്‍, അദ്ദേഹം എല്ലാ റോമന്‍ ദേവന്മാരെയും വിളിച്ച് പ്രാര്‍ത്ഥിച്ചു.
.
ഒരു ശാന്തിയും കിട്ടിയില്ല. ശത്രു മുന്നേറിക്കൊണ്ടിരുന്നു. വിജയ പ്രത്യാശയെല്ലാം നശിച്ച് ചക്രവര്‍ത്തി നിരാശനായി.
.
മര്‍ച്ചേന്‍സിയൂസിന്റെ സൈന്യം റോമായോടടുത്ത് ഇരമ്പി കയറിക്കൊണ്ടിരുന്നു. ആ രാത്രി കോണ്‍സ്റ്റന്റയിന്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ കയറിനിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.
.
ഏറെ മര്‍ദ്ദനങ്ങള്‍ സഹിച്ചിട്ടും തളരാതെ വളരുന്ന ക്രിസ്ത്യാനികളുടെ ദൈവത്തെ വിളിച്ചദ്ദേഹം പ്രാര്‍ത്ഥിച്ചു. സമയം അര്‍ദ്ധരാത്രി.
.
''ക്രിസ്ത്യാനികളുടെ ദൈവമേ ശത്രുവില്‍നിന്ന് എന്നെ രക്ഷിക്കണമേ'' എന്നദ്ദേഹം നിലവിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകാശത്ത് പ്രകാശിക്കുന്ന ഒരു വലിയ കുരിശടയാളം കണ്ടു.
.
അതിനടിയില്‍ റോമാക്കാരുടെ അന്നത്തെ മാതൃഭാഷയായിരുന്ന 'ലത്തീനി'ല്‍ ഒരു സന്ദേശവും എഴുതപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. ''Hoc Sig no Vinees'' ''ഈ അടയാളത്താല്‍ നീ വിജയിക്കും'' എന്നാണ് കുരിശടയാളത്തിനടിയില്‍ എഴുതിയിരുന്നത്.
.
രാജാവിന് കാര്യം മനസിലായി. ആകാശത്ത് കുരിശടയാളവും തിരുവചനം എഴുതിയതും കണ്ടപ്പോള്‍ത്തന്നെ. പിറ്റേദിവസം യുദ്ധത്തിന് പോകുമ്പോള്‍ സൈനികനിരയുടെ മുമ്പില്‍ ഒരു കുരിശടയാളം പിടിച്ചുകൊണ്ട് യുദ്ധത്തിന് പോകുകയാണെങ്കില്‍ ജയിക്കും എന്ന് ഒരു ദൈവിക വെളിപാടും അദ്ദേഹത്തിന് കിട്ടി.
.
അതനുസരിച്ച് പിറ്റേദിവസം മര്‍ച്ചേന്‍സിയൂസിന്റെ സൈന്യത്തിനെതിരെ യുദ്ധത്തിനു പോകവേ, റോമാസൈന്യത്തിന്റെ മുന്‍നിരയില്‍ ഒരു കുരിശു പിടിച്ചുകൊണ്ട് മുന്നേറി യുദ്ധം ചെയ്തു. ശത്രുക്കള്‍ തോറ്റോടി.
.
റോമാസാമ്രാജ്യം സ്വതന്ത്രമായി. കുരിശടയാളത്താല്‍ ശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി യുദ്ധം ജയിച്ചു വന്ന ഉടനെ അഞ്ച് കാര്യങ്ങള്‍ ചെയ്തു.
.
1. അന്നുവരെ (313 വരെ) ഭൂഗര്‍ഭാലയങ്ങളിലും ഒളിതാവളങ്ങളിലും ആരാധന നടത്തിയിരുന്ന ക്രിസ്ത്യാനികള്‍ക്ക് സക ല സ്വാതന്ത്ര്യവും വിളംബരം ചെയ്തു.
.
ക്രിസ്ത്യാനികള്‍ക്ക് സകല സ്വാതന്ത്ര്യവും കൊടുത്ത വിളംബരമാണ് ''മിലാന്‍ വിളംബരം'' (313 ഏ.ഡി) എന്ന് ലോകചരിത്രത്തില്‍ നാം വായിക്കുന്നത്.
.
2. രണ്ടാമതായി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയും കുടുംബവും ക്രിസ്തുമതം സ്വീകരിച്ചു.
.
3. മൂന്നാമതായി ചക്രവര്‍ത്തിയുടെ വക 'ലാറ്ററന്‍' കൊട്ടാരം ക്രിസ്ത്യാനികളുടെ നേതാവായിരുന്ന 'മെല്‍കിയാഡസ്' മാര്‍പാപ്പയ്ക്ക് സൗജന്യമായി കൊടുത്തു.
.
4. നാലാമതായി ''വിശുദ്ധ കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ തമ്പുരാനേ'' എന്ന പ്രാര്‍ത്ഥന മാര്‍പാപ്പയുമായിട്ടാലോചിച്ച് പ്രസിദ്ധീകരിച്ചു.
.
(പില്‍ക്കാലത്ത് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ദൈവാലയങ്ങളില്‍ മൂന്നുവീതം മൂന്നുപ്രാവശ്യം കുരിശുമണി അടിക്കണമെന്നും അപ്പോഴെല്ലാം ഈ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്, രക്ഷാകരസംഭവം ''കര്‍ത്താവിന്റെ മാലാഖ... സ്മരിച്ച് പ്രാര്‍ത്ഥിക്കണമെന്നും സഭയില്‍ പാരമ്പര്യമുണ്ടായി.)
.
5. അഞ്ചാമത്, കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മ, 'ഹെലേനാ' രാജ്ഞി ക്രിസ്ത്യാനിയായ ശേഷം ഈ കുരിശ് എന്താണെന്നും അന്നുവരെയുള്ള അതിന്റെ ചരിത്രവും ക്രിസ്ത്യാനികളില്‍നിന്നും ചോദിച്ചറിഞ്ഞതിന്റെ ഫലമായി ഏ.ഡി 325 ല്‍ ഹെലേനാ രാജ്ഞി തന്നെ കുറേ പട്ടാളക്കാരുമായി പലസ്തീനായിലേക്ക് പോയി.
.
അവിടെ ക്രിസ്ത്യാനികളില്‍ നിന്നും കേട്ട വിവരം അനുസരിച്ച് ഗാഗുല്‍ത്തായില്‍ ചെന്ന് ഭടന്മാര്‍ രാജ്ഞിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. ഒരു പൊട്ടക്കുഴിയില്‍ നിന്നും മൂന്നു കുരിശുകള്‍ കണ്ടെടുത്തു.
.
യേശുവും രണ്ട് കള്ളന്മാരും തറയ്ക്കപ്പെട്ട കുരിശുകളാണവ എന്ന് അവര്‍ സ്ഥിരീകരിച്ചു.
.
എന്നാല്‍ ഏതാണ് യേശുവിന്റെ കുരിശ് എന്നറിയാനായി രോഗികളെ സുഖപ്പെടുത്തിയ ഈശോയോട് പ്രാര്‍ത്ഥിച്ചുകൊണ്ട് മൂന്നു കുരിശുകളിലും രോഗികളെ കൊണ്ട് തൊട്ട് പ്രാര്‍ത്ഥിച്ചു. ഒരു കുരിശില്‍ തൊട്ടു പ്രാര്‍ത്ഥിച്ച രോഗികള്‍ എല്ലാവരും സുഖം പ്രാപിച്ചതായി കണ്ടു.
.
അതിനാല്‍ അതുതന്നെ ക്രിസ്തുവിന്റെ കുരിശെന്ന് വിശ്വസിച്ച് ആ കുരിശ് ഒരു വെള്ളിപെട്ടിയിലാക്കി. ഹെലേനാരാജ്ഞിയുടെ നിര്‍ദ്ദേശപ്രകാരം ഗാഗുല്‍ത്തായില്‍ ഒരു ദൈവാലയം പണി കഴിച്ച്, തിരുക്കുരിശ് ഉള്‍ക്കൊള്ളുന്ന വെള്ളിപേടകം ഏ.ഡി.326-ല്‍ പ്രസ്തുത ദൈവാലയത്തില്‍ സ്ഥാപിച്ചശേഷം, തിരുകുരിശിന്റെ ഒരു ചെറിയ തിരുശേഷിപ്പും കൊണ്ട് രാജ്ഞി റോമായിലേക്ക് മടങ്ങിപ്പോയി.
.
ഏ.ഡി.328 ല്‍ റോമായില്‍ വച്ച് പുണ്യവതിയായ ഹെലേനരാജ്ഞി നിര്യാതയായി.
.
ദൈവജനം പലസ്തീനായിലേക്ക് തീര്‍ത്ഥയാത്ര നടത്തി വിശുദ്ധ കുരിശു വണങ്ങിയിരുന്നു.
ഏ.ഡി 614 ല്‍ പേര്‍ഷ്യന്‍ രാജാവായ 'കോസ്‌റോസ്' പലസ്തീനാ ആക്രമിച്ചു. തിരുക്കുരിശും വെള്ളിപേടകവും അദ്ദേഹം പേര്‍ഷ്യയിലേക്ക് കൊണ്ടുപോയി.
.
ക്രിസ്ത്യന്‍ രാജാക്കന്മാര്‍ പലരും കുരിശും പേടകവും വീണ്ടെടുക്കാന്‍ നടത്തിയ യുദ്ധങ്ങ ള്‍ വിഫലമായി.
.
ഏ.ഡി.628 ല്‍ 'ഹെരാക്ലിയുസ്' എന്ന ക്രിസ്ത്യന്‍ രാജാവ് പേര്‍ഷ്യന്‍ രാജാവായ കോസ്‌റോസിനെ തോല്‍പിച്ച്, കുരിശും പേടകവും വീണ്ടെടുത്ത് പലസ്തീനായില്‍ കൊണ്ടുവന്നു.
.
കുരിശ് വീണ്ടെടുത്തത് തന്റെ സ്വന്തം ശക്തികൊണ്ടാണെന്ന അഹങ്കാരത്തോടെ ഹെരാക്ലിയുസ് രാജാവ് ഒരു വലിയ ദൈവാലയം പണി കഴിച്ചു.
.
അതിലെ അള്‍ത്താരയില്‍ വിശുദ്ധ കുരിശ് പ്രതിഷ്ഠിക്കുവാനായി, രാജാവ് രാജകീയ വസ്ത്രങ്ങളും പൊന്‍കിരീടവും ധരിച്ച് പരിവാരങ്ങളോടെ വന്നുനിന്നു.
.
കുരിശിന്റെ പേടകം എടുത്ത് അള്‍ത്താരയില്‍ വയ്ക്കുവാന്‍ രാജാവും പ്രഭുക്കന്മാരും ഒത്തുപിടിച്ചു. എത്ര ശ്രമിച്ചിട്ടും പേടകം നിലത്തുനിന്നും പൊക്കുവാന്‍ സാധിച്ചില്ല.
.
അതേസമയം ദൈവാലയത്തിലെ പുരോഹിതന് ഒരു വെളിപാടുണ്ടായി, ലോകത്തില്‍ ആര്‍ക്കും ദൈവസഹായവും എളിമയുമില്ലാതെ ജീവിതകുരിശു വഹിക്കുവാന്‍ സാധിക്കുകയില്ല.
അതിനാല്‍ രാജാവ് രാജകീയ വസ്ത്രങ്ങളും കിരീടവും മാറ്റിയിട്ട് എളിമയോടെ സാധാരണ ക്രിസ്തുവിശ്വാസിയുടെ വസ്ത്രമണിഞ്ഞ്, ദൈവാലയത്തിലെ വൈദികന്റെ കാര്‍മികത്വത്തില്‍ ശ്രമിച്ചാല്‍ കുരിശെടുത്ത് പ്രതിഷ്ഠിക്കാന്‍ സാധിക്കും.
.
ഇതായിരുന്നു ആ വെളിപാട്. പുരോഹിതന്‍ രാജാവിനോട് ഈ വിവരം പറഞ്ഞു.
.


രാജാവ് കിരീടം മാറ്റി, രാജകീയ പട്ടാമ്പരങ്ങള്‍ മാറ്റി, ഒരു സാധാരണ വിശ്വാസിയുടെ വസ്ത്രമണിഞ്ഞ് എളിമയോടെ വന്നുനിന്നു.
.
പുരോഹിതനും രാജാവും കൂടി എളുപ്പം കുരിശിരിക്കുന്ന പേടകം അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. ഈ സംഭവം നടന്നത് ഏ.ഡി 629 സെപ്റ്റംബര്‍ പതിനാലാം തിയതിയായിരുന്നു.
.
അന്നുമുതലാണ് സെപ്റ്റംബര്‍ 14-ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ തിരുസഭയില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്.
.
ഏ.ഡി 1500-നുശേഷം ലോകമെമ്പാടുമുള്ള മെത്രാന്മാരില്‍ ഏറെ പേരും മാര്‍പാപ്പയോടപേക്ഷിച്ചതിന്റെ ഫലമായി മാര്‍പാ പ്പ വി.കുരിശിന്റെ മുഖ്യഭാഗവും റോമായിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അത് വളരെ ചെറിയ കഷണങ്ങളാക്കി,

അരുളിക്കയില്‍ വച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള മെത്രാസന പള്ളികളിലേക്ക് കൊടുത്തയയ്ക്കുകയുണ്ടായി.
.
ഇപ്പോള്‍ സഭയിലെ മറ്റുചില പ്രമുഖ ദൈവാലയങ്ങളിലും ഈ തിരുശേഷിപ്പുണ്ട്. ദുഃഖവെള്ളിയാഴ്ചകളില്‍ കേരളത്തിലും വിശ്വാസികള്‍ കര്‍ത്താവിന്റെ തിരുക്കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി, നന്മയും സമാധാനവും മാനസാന്തരവും പാപമോചനവും മോക്ഷപ്രത്യാശയും നേടി വരുന്നുണ്ട്.
.
നമുക്ക് പ്രാര്‍ത്ഥിക്കാം. വി.കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണേ തമ്പുരാനേ... പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍.
ആമ്മേന്‍..
.
ആവേ…ആവേ… ആവേമരിയ……
.
ദൈവകൃപയാൽ Noel Moothedeth

Post a Comment

Previous Post Next Post

Total Pageviews