പ്രാര്‍ത്ഥനക്ക് മുന്‍പ്...ഒരു നിമിഷം



ദൈവവചനത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന വിശ്വാസം, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുമ്പോള്‍ മാത്രമേ ഒരു ക്രിസ്ത്യാനിയുടെ ജീവിതം ഫലദായകമാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥനകള്‍  ദൈവസന്നിധിയില്‍ സ്വീകരിക്കപ്പെടുകയുള്ളൂ. പ്രാര്‍ത്ഥനയുടെ അടിസ്ഥാനം നിത്യജീവനാണെന്നും രക്ഷയുടെ ആദ്യാനുഭവം വീണ്ടുംജനനമാണെന്നും നാം കണ്ടുകഴിഞ്ഞു.... അല്ല, അനുഭവിച്ചു കഴിഞ്ഞു എന്നു വിശ്വസിക്കട്ടെ.....  

നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. കുടുംബാഗങ്ങള്‍ ഒന്നു ചേര്‍ന്നും, കൂട്ടായ്മയില്‍ക്കൂടിയും നമ്മള്‍ വിവിധ തരത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവവചന അടിസ്ഥാനത്തില്‍ ഇവയെല്ലാം ശരിയും ആവശ്യവുമാണ്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനക്ക്‌ വളരെ പ്രാധാന്യമുണ്ട്. വിശ്വാസികള്‍ ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത് ഒരു വിശ്വാസ പ്രഖ്യാപനം എന്നതിലുപരി വിശ്വാസത്തില്‍ വളരുവാനും, കൂടുതല്‍ ആത്മീയശക്തിയോടുകൂടി മുന്നോട്ടു പോകുവാനും നമ്മെ സഹായിക്കുന്നു. എന്നാല്‍ വ്യക്തിപരമായ പ്രാര്‍ത്ഥന ദൈവവുമായി നടത്തുന്ന ഒരു സ്വകാര്യ സംഭാഷണമാണ്.(Mathew 6:6 )

എപ്പോള്‍ .....എവിടെ വച്ച് .....എങ്ങനെ....ഞാന്‍ പ്രാര്‍ത്ഥിക്കണം ?. 


പ്രാര്‍ത്ഥിക്കേണ്ട സമയമോ, സ്ഥലമോ,  ക്രമങ്ങളോ വചനം നിഷ്കര്‍ഷിക്കുന്നില്ല. ഒരു പുതിയ നിയമ വിശ്വാസി ആത്മാവിനാല്‍ നയിക്കപ്പെടുന്നവനാകയാലും(Romans 8:14), ദൈവാത്മാവ് അവനില്‍ വസിക്കുന്നതിനാലും (Galatians 2:20) പഴയനിയമം അനുശാസിക്കുന്നതുപോലെ ആഴ്ചയില്‍ ഒരിക്കലോ ആണ്ടിലൊരിക്കലോ അല്ല  മറിച്ച്, ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരിക്കണം. കാരണം അവന്‍ നമ്മെ ഉയര്‍ത്തിയത്‌, നമുക്ക് രക്ഷ നല്‍കിയിരിക്കുന്നത്  നമ്മുടെ പ്രവര്‍ത്തിയാലല്ല മറിച്ച് അവന്റെ കാരുണ്യത്താല്‍  ദാനമായിട്ടാണ്(Ephesians 2:8). അതിനാല്‍ ഞാനല്ല ക്രിസ്തുവാണ്‌ എന്നില്‍ ജീവിക്കുന്നത് (Galatians 2:20) എന്ന വെളിപാട്‌ നമ്മില്‍  ഉണ്ടാകണം.

തിരക്കുപിടിച്ച ഈ ജീവിത ഓട്ടത്തിനിടയില്‍ പ്രാര്‍ത്ഥനയുടെ സമയം ഏതാനും ചില നിമിഷങ്ങള്‍ ... പലപ്പോഴും അതുപോലും ഇല്ലാത്ത ഒരു അവസ്ഥ. ഒരുവിധ യാന്ത്രിക ജീവിതം അല്ലെ സുഹൃത്തേ.... യഥാര്‍ത്ഥ രക്ഷാനുഭവം അനുഭവിക്കാത്തതാണ് ഇതിനു കാരണം.പ്രാര്‍ത്ഥനയ്ക്ക് ഭൗതീകമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. എന്ന്...എപ്പോള്‍ ...എവിടെ...എങ്ങനെ.....ഈ തീരുമാനം തികച്ചും വ്യക്തിപരമാണ് .  

പ്രാര്‍ത്ഥനയുടെ സമയം :  പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു( Psalms5:3). ആലോചിച്ചുറക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്ര തിരിക്കുമോ ?(Amos 3:). ദൈവത്തില്‍ ആശ്രയം വച്ച് , പ്രാര്‍ത്ഥനയോടുകൂടി, ആരംഭിക്കുന്ന ദിവസം എത്രയോ സന്തോഷകരം. ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഊര്‍ജ്ജമായി നമ്മില്‍ നിലനില്‍ക്കും.പ്രാര്‍ത്ഥനയോടുകൂടി ഒരു ദിവസം അരംഭിക്കുനത് കൂടുതല്‍ അഭികാമ്യം. 

ഈ ലോകത്ത് ആയിരിക്കുന്ന നമുക്ക് ഭൗതീകമായ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെല്ലാം നിറവേറ്റുന്നതിനൊടൊപ്പം, പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സ്വസ്ഥമായ ഒരു സമയം ഉണ്ടാക്കിയെടുക്കാന്‍ നാം തന്നെ ശ്രമിക്കണം. സ്വസ്ഥമായ ഒരു സമയം...അതിനാണ് കഴിയാത്തത് എന്നായിരിക്കും ഇപ്പോള്‍ തങ്ങളുടെ മനസ്സില്‍ . മനസിലുള്ള ആലോചന അഗാധമായ ജലം പോലെയാണ് . ഉള്‍കാഴ്ച ഉള്ളവന് അത് കൊരിയെടുക്കാം(Proverbs 20:5 ).നമ്മുടെ ചിന്തകളും മനസും അറിയുന്ന ദൈവം, നാം ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും ദൈവം വഴിയൊരുക്കും.നാം എന്തുമാത്രം ആഗ്രഹിക്കാറുണ്ട് എന്ന് ചിന്തിച്ച് നോക്കുക. ദിവസത്തില്‍ മറ്റ് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ കഴിയുമെങ്കില്‍  ജീവന്റെ അപ്പം ഭക്ഷിക്കാന്‍, പ്രാര്‍ത്ഥിക്കാന്‍ എന്തുകൊണ്ട് നമുക്ക് സമയം ലഭിക്കുന്നില്ല ?.വചനം പറയുന്നു' എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍'(Ephesian 6:18). നിശ്ചിത സമയത്തിനല്ല മറിച്ച് ദൈവീക അനുഭവത്തിനാണ് പ്രാധാന്യം.

സ്ഥലം  : പഴയനിയമ ക്രമമനുസരിച്ച് ദൈവീക മഹത്വം നിറഞ്ഞിരിക്കുന്നത്‌ കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്താണ്(Exodus 25:21-22). എന്നാല്‍ പുതിയ നിയമ വിശ്വാസിയോട് വചനം പറയുന്നു 'നിങ്ങള്‍ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ ??(1Corinthians 3:16). എന്നാല്‍ നമ്മളോ ദൈവം വസിച്ചിരുന്ന മനുഷ്യ നിര്‍മ്മിതമായ ആലയം, കാലഹരണപ്പെട്ട  ആ  പഴയനിയമ കൂടാരം  അന്വേഷിച്ചു നടക്കുന്നു(Acts 17:24). ഇത്തരം പാരമ്പര്യ വിശ്വാസത്തില്‍ നിന്നും, പുണ്യ സ്ഥലങ്ങള്‍ എന്ന് മനുഷ്യര്‍ വിളിക്കുന്ന  ചില പ്രത്യേക സ്ഥലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന  ക്രിസ്തീയാടിസ്ഥാനമല്ലാത്ത, തെറ്റായ വിശ്വാസം നാം പുലര്‍ത്തി പോരുന്നു. ഇവിടെ പ്രാര്‍ത്ഥന എന്നത് ദൈവത്തോടുള്ള ബന്ധം എന്നതില്‍ നിന്നും ആ സ്ഥലത്തോടും സാഹചര്യത്തോടുമുള്ള ഒരു  വിശ്വാസം ആയി മാറ്റപ്പെടുന്നു .എളുപ്പത്തില്‍ ദൈവത്തെ അനുഭവിക്കാന്‍ മനുഷ്യന്‍ കണ്ടെത്തുന്ന കുറുക്കുവഴികള്‍ . സ്വസ്തമായിരിക്കാന്‍ കഴിയുന്ന എവിടെയും നമുക്ക് പ്രാര്‍ത്ഥിക്കാം.വീട്ടിലോ, കാറിലോ,മറ്റു എവിടെയുമാകട്ടെ, പ്രാര്‍ത്ഥിക്കുന്ന സ്ഥലമല്ല മറിച്ച്  ദൈവം നമ്മില്‍ വസിക്കുന്നു(Galatians 2:20) എന്ന തിരിച്ചറിവാണ് പ്രാധാന്യം. നമ്മുടെ ആത്മീയ അന്ധതയെ നീക്കി വചനത്തിന്റെ പ്രകാശത്തില്‍ നടക്കാം.   

സൗകര്യം : മുട്ടുകള്‍ കുത്തി, കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന രീതികള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും.(1Kings8:54, Psalms95:6).മുട്ടുകുത്തല്‍ എളിമപ്പെടലിന്റെയും, കൈകള്‍ ഉയര്‍ത്തുന്നത് യാചനയുടെയും ബാഹ്യ പ്രകടനങ്ങള്‍ ആണ്.പഴയനിയമത്തില്‍ , ഇവയെല്ലാം സ്വീകാര്യവുമായിരുന്നു . എന്നാല്‍ നമ്മോടു വചനം പറയുന്നു' പ്രവര്‍ത്തികള്‍ കൂടാതെ പാപിയെ നീതികരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു(Romans 4:5). പുതിയനിയമ വിശ്വാസത്തില്‍ ബാഹ്യ പ്രകടനങ്ങള്‍ക്ക് സ്ഥാനമില്ല . മുട്ടുകുത്തുന്നതും , കൈകള്‍ ഉയര്‍ത്തി  പ്രാര്‍ത്ഥിക്കുന്നതും തെറ്റാണ് എന്നല്ല, ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന പൂര്‍ണ്ണമാകു എന്ന തെറ്റായ ബോധ്യം നാം മാറ്റണം എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. പ്രാര്‍ത്ഥന എന്നത് ചിട്ടയായ നിയമത്തിന്റെ സാക്ഷാത്കാരമല്ല മറിച്ച്, എളിമയുള്ള ഹൃദയം ദൈവവുമായി പങ്കുവെക്കുന്നതില്‍ കൂടിയുള്ള സന്തോഷത്തിന്റെ ഒരു അനുഭവമായിരിക്കണം .നിയമത്തിന് കീഴിലല്ല , കൃപക്ക് കീഴിലാണ് എന്ന വെളിപാട്(Romans 6:14).   



ഉയര്‍ന്ന സ്വരത്തില്‍ : ശക്ത്തമായ വാക്കുകള്‍ പറഞ്ഞ് ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തപ്പെടു എന്ന മിഥ്യാധാരണ നമ്മില്‍ പലര്‍ക്കും ഉണ്ട് .  നന്ദികളും, സ്തുതികളും നമ്മുടെ അധരങ്ങള്‍ സംസാരിക്കുന്നത്; ഹൃദയത്തിന്റെ നിറവില്‍ നിന്നു കൊണ്ടായിരിക്കണം(Luke 6:43). മനപാഠം ആക്കിയ ചില വാചകങ്ങള്‍ക്ക്  പ്രാര്‍ത്ഥന എന്ന പേര്‍ ചൊല്ലി അതിനെ വീണ്ടും വീണ്ടും ഉരിവിടുന്ന നാം വിജാതിയന് തുല്ല്യനാണ്.ഹൃദയത്തിന്റെ നിറവില്‍ നിന്നല്ലാതെ ആര്‍ക്കോ വേണ്ടി ചെയ്യുന്ന ഇത്തരം പ്രവര്‍ത്തിയില്‍ സംതൃപ്തികണ്ടെത്താന്‍  ശ്രമിക്കുന്ന നമ്മെ നോക്കി കാപട്യനാട്യക്കാര്‍ നടത്തുന്ന അതിഭാഷണം(Mathew 6:7)എന്ന് യേശു പറയുന്നു. 'വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ . എന്നാല്‍ , അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു'(Romans 8:26).പ്രാര്‍ത്ഥന എന്നത് ആകുലതകള്‍  വെടിഞ്ഞ്  ദൈവസന്നിധിയില്‍ നമ്മെ സമര്‍പ്പിക്കുന്ന അവസ്ഥയാണ്‌(((Philippians 4:6). 

സ്വയം നീതികരിക്കല്‍ : നമുക്ക് ശരിയെന്നു തോന്നിയേക്കാവുന്ന നല്ല പ്രവര്‍ത്തികളെ നമ്മുടെ വിശ്വാസത്തില്‍ കൂടി ഉയര്‍ത്തി കാണിക്കുന്ന അവസ്ഥയായിരിക്കരുത് പ്രാര്‍ത്ഥന. ഫരിസേയന്റെയും  ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകളും അതിന്റെ അവസാനം അവര്‍ക്ക് ലഭിച്ച നീതികരണവും നമുക്കറിയാം.'തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടു; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയും'(Luke18:9-14). ഈ വചന ഭാഗം നമുക്ക് ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ .



ദൈവത്തെ ശ്രവിക്കല്‍ : പ്രാര്‍ത്ഥന എന്നത് നാം ദൈവത്തോട് സംസാരിക്കുന്ന അവസ്ഥയല്ല; അതിനെക്കാളുപരി ദൈവം നമ്മോട് സംസാരിക്കുന്ന, ദൈവത്തെ ശ്രവിക്കുന്ന അവസ്ഥ കൂടി ആയിരിക്കണം.നമ്മില്‍ വസിക്കുന്ന ദൈവീക ശക്തി നമ്മില്‍ വ്യാപരിക്കുക കൂടി ചെയ്യണം(2 Corinthians 6:16). ഈ അനുഭവം നമ്മില്‍ എത്ര പേര്‍ക്ക് ഉണ്ടായിട്ടുണ്ട് ?.ദര്‍ശനങ്ങള്‍ ,വെളിപാടുകള്‍ , വചനങ്ങള്‍ , സാഹചര്യങ്ങള്‍  ഇങ്ങനെ ആത്മാവിന്റെ ഇടപെടലുകളെ തിരിച്ചറിയാന്‍ നമ്മുക്ക് കഴിയണം .അതോടൊപ്പം ആത്മാവിന്റെ ഉത്കൃഷ്ട ദാനങ്ങള്‍ക്കായി(1 Corinthians 12:31) നാം അഭിലഷിക്കണം. 

ഇങ്ങനെയുള്ള തിരിച്ചറിവുകളും തയ്യാറെടുപ്പുകളും ഭൗതീകജീവിത ചിന്തയില്‍ നിന്നും മാറി പൂര്‍ണ്ണമായും ദൈവത്തില്‍ ആയിരിക്കുവാന്‍ നമ്മെ സഹായിക്കുന്നു. ഇതിനെ വചനം പറയുന്നു' നീ  പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്‌, രഹസ്യമായി, രഹസ്യങ്ങള്‍ അറിയുന്ന പിതാവിനോട് പങ്കുവെക്കണം'(Mathew 6:6-7).    

ആചാര അനുഷ്ടാനങ്ങള്‍ക്ക് വിരാമം ഇട്ടുക്കൊണ്ട്  യേശുവില്‍ കൂടി രക്ഷ അനുഭവിക്കാന്‍ യോഗ്യരായ നാം, ഇപ്പോഴും കാലഹാരണപ്പെട്ട ആ പഴയ നിയമ ചിന്താഗതിയുടെ, നിയമത്തിന്റെ  പുറകേയാണോ ?. മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സമയവും ദിവസവും നോക്കിയാണോ നാം  പ്രാര്‍ത്ഥിക്കുന്നത് ? നാം  ദൈവത്തിന്റെ ആലയം ആകുന്നു എന്ന് നാം തിരിച്ചറിയണം(1 Corinthians 3:16)


നമുക്ക് ചിന്തിക്കാം .....


സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...




സൃഷ്ടാവായ ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ ആർക്കാണ്‌ അവകാശമുള്ളത് ?.
പിതാവേ എന്ന് വിളിക്കാൻ എനിക്ക് യോഗ്യതയുണ്ടോ?. 

ആദ്യമാതപിതാക്കന്മാരുടെ പാപം നിമിത്തം ദൈവസ്നേഹത്തിൽ നിന്നും അകന്നു പോയ മനുഷ്യനെ രക്ഷിക്കാൻ വേണ്ടി നമ്മെപ്പോലെ അകപ്പെട്ട് ,  ഈ ലോകത്തിലേക്ക് എഴുന്നുള്ളിവന്ന് (Philippians 2:7-8)പാപ പരിഹാരമായി കുരിശിൽ ജീവാർപ്പണം ചെയ്ത് ഉയിർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത്  ഉപവിഷ്ട്ടനായിരിക്കുന്ന(Romans 8:3-4 ) യേശു; കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ഹൃദയത്തിൽ വിശ്വസിക്കുകയും ചെയുന്നതുവഴി (Romans 10:9-10) നമുക്ക് കൈവരുന്ന പുത്രസ്വീകരണത്തിന്റെ ആത്മാവിനാൽ ദൈവത്തെ അബാ-പിതാവേ എന്ന് വിളിക്കാൻ യോഗ്യരകുന്നു(Romans 8:15-16). വ്യക്തമാക്കിയാൽ, വീണ്ടും ജനനം വഴി മാത്രമേ പിതാവേ എന്ന് വിളിക്കുവാനുള്ള യോഗ്യത നമുക്ക് ലഭിക്കുകയുള്ളൂ. പാരമ്പര്യവിശ്വാസത്തിന്റെ മറക്കുള്ളിലാണ് ഇപ്പോഴും താങ്കൾ എങ്കിൽ ഓർക്കണം, വീണ്ടും ജനനം സംഭവിക്കാത്ത താങ്കൾക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ യോഗ്യതയില്ല.

'എന്റെ നിയമങ്ങൾ ഉരിവിടുവാനോ, ഉടമ്പടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം. നീ ശിക്ഷണത്തെ വെറുക്കുന്നു. എന്റെ വചനത്തെ നീ അവഗണിക്കുന്നു' (Psalms 50:16-17).ഒരു ആത്മപരിശോധന ചെയ്ത് വചനത്തിന്റെ വഴിയിൽ ആയിരിക്കാൻ നമുക്ക് കഴിയട്ടെ...    

അങ്ങയുടെ നാമം പൂജിതമാകണമേ...
എന്താണ് പൂജിതമാകേണ്ട നാമം ?.
എവിടെയാണ് ആ നാമം പൂജിക്കപ്പെടേണ്ടത് ?.

സ്വര്ഗ്ഗം തുറക്കപ്പെട്ടപ്പോൾ വെള്ളക്കുതിരയുടെ പുറത്തിരുന്ന്, വിശ്വസ്തനെന്നും സത്യവനെന്നും വിളിക്കപ്പെട്ടവൻ. രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചവൻ. അവന്റെ നാമം ദൈവവചനം എന്നാണ്(Revelation 19:11-12). രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ യേശു ക്രിസ്തു, മാംസമായി തീർന്ന ദൈവവചനമാണ് പൂജിതമാകേണ്ടത്. 

യേശു  ഈ ലോകത്തിന് നൽകിയ പിതാവിന്റെ നാമം- ദൈവവചനം(John 17:6-8).

നമ്മെത്തന്നെ പരിവർത്തനം ചെയ്യാൻ കഴിയുന്ന വചനത്തെ നമ്മുടെ ഹൃദയത്തിൽ  തന്നെയാണ് പൂജിക്കേണ്ടത്‌ (1Peter 3:15). പരിശുദ്ധനായ ദൈവത്തിന്റെ ആലയം നമ്മൾ തന്നെയാണ്. ആ നമ്മുടെ ഹൃദയത്തിൽ; ദൈവവചനം പൂജിതമാകുമ്പോൾ മാത്രമേ വചനം പ്രസ്താവിക്കുന്നതു പോലെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുകുകയുള്ളൂ(John 7:38). 

അങ്ങയുടെ രാജ്യം വരണമേ...

ഏത് രാജ്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ?.
എവിടെയാണ് ആ രാജ്യം വരേണ്ടത്‌ ?.

യേശുവിനെ കുരിശിൽ തറച്ച് കൊല്ലുവാൻ യഹൂദപ്രമാണികൾ കണ്ടു പിടിച്ച കാരണങ്ങളിൽ ഒന്നാണ് അവൻ ഒരു രാജാവാണ് എന്നത്.അവരുടെ  അധികാരങ്ങൾക്കും അപ്പുറമുള്ള ഒരു രാജ്യം അവൻ തീർക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.വിശ്വാസി ക്കുന്നവന്  നിത്യജീവൻ നൽകികൊണ്ട് എന്നേക്കും നിലനില്ക്കുന്ന ഐഹികമല്ലാത്ത (ഇഹലോകത്തിലല്ലാത്ത) ഒരു രാജ്യം (John 18:36) പാപത്തിൽ നിന്നുള്ള രക്ഷയിലൂടെ അവൻ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിച്ചു.

 ദൈവരജ്യമെന്നാൽ ഭക്ഷണവും പാനിയവുമല്ല;പ്രത്യുത നീതിയും സമാധാനവും   പരിശുദ്ധാത്മവിലുള്ള സന്തോഷവുമാണ്(Romans 14:17).

ദൈവവചനം ഭരണം നടത്തേണ്ട  ദൈവത്തിന്റെ രാജ്യം നമ്മുടെ ഹൃദയമാണ്.നമ്മുടെ ജഡികമോഹങ്ങളും ഈ ലോക വിശ്വാസത്തെയുമാണ് വചനം ഭരണം നടത്തേണ്ടത്. 

അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ... 
എന്താണ് ഭൂമിയിലുണ്ടാകേണ്ട അങ്ങയുടെ ഹിതം?.
ഏതാണ്‌ അവിടുത്തെ ഹിതം നിറയപ്പെടേണ്ട  ഭൂമി?.

സ്വർഗ്ഗതുല്യമായ ഏദൻ തോട്ടത്തിൽ ആയിരുന്ന മനുഷ്യന് ദൈവം സകല സൃഷ്ടികളുടെയും മേൽ അധികാരം നല്കി. വിവേചന ശക്ത്തിയാൽ മറ്റുള്ള സൃഷ്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അവർ പാപത്തിൽ അകപ്പെട്ട് ദൈവസ്നേഹത്തിൽ നിന്നും അകറ്റപ്പെട്ടു.
ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായ  യേശുക്രിസ്തു വഴി എല്ലാവരും സത്യം / വചനം(John 17:17) അറിയണമെന്നും അങ്ങനെ രക്ഷിക്കപ്പെടണമെന്നും എന്നതാണ് അവിടുത്തെ ഹിതം(1 Timothy 2:4). 

ഈ ലോകത്ത് വച്ചു തന്നെ ആരംഭിക്കുന്ന നന്മകളാൽ നിറയപ്പെട്ട ദൈവത്തോടുക്കൂടിയുള്ള ജീവിതമാണ്‌ സ്വർഗമെന്നാൽ;  ഈ പാപത്തിന്റെ അധിപതിയായ പിശാചിന് അടിമയാക്കപ്പെട്ടതാണ്‌  ഈ ലോകജീവിതം. പാപം നിറഞ്ഞ ഈ ലോകത്തിന് അനുരൂപനകാതെ, ദൈവത്തിന് പ്രീതികരമായതിനെ വിവേചിച്ചറിഞ്ഞുകൊണ്ട് എല്ലാവരും രക്ഷപ്രാപിക്കണം എന്ന അവിടുത്തെ ഹിതം നമ്മുടെ ഹൃദയമാകുന്ന ഭൂമിയിൽ സംജതാകണം. 
          
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ ...

എന്നും ലഭ്യമാകേണ്ട ആഹാരം ഏതാണ് ?.
'അതിനാൽ എന്ത് ഭക്ഷിക്കും,എന്തു പാനം ചെയും എന്തു ധരിക്കും എന്ന് വിചാരിച്ചു നിങ്ങൾ അകുലരാകേണ്ട. വിജാതിയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു'(Mathew 6: 31-32). പ്രാർഥനയുടെ ലക്ഷ്യം ഭൗതീകമായ ആഹാരമല്ല;മറിച്ച് ആത്മീയ ആഹാരമാണ് എന്നതിന് ഈ വചനം തന്നെ മറുപടി നല്കുന്നു. 

ലോകത്തിന് ജീവൻ നല്കുവാൻ വേണ്ടി സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:51).ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന് വാഗ്ദാനം നല്കിയ അപ്പം.
യേശു ക്രിസ്തു തന്നെയായ ദൈവവചനമാണ്‌  നമുക്ക് അന്നന്നു വേണ്ട ആഹാരം. 
മൃതപ്രാണനായിരിക്കുന്ന നമ്മുടെ അവസ്ഥയിൽ  നിന്നും രക്ഷപ്രാപിക്കാൻ ഉതകുന്ന ദൈവവചന ബോധ്യം ആത്മാവിനാൽ നയിക്കപ്പെടണം. എന്തെന്നാൽ വചനത്തെ ഹൃദയത്തിൽ  ഉൾക്കൊള്ളുന്നവന് അവ ജീവനും ശരീരത്തിന് ഔഷധവുമാണ്(Proverbs 4: 21-22).
നമ്മുടെ ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു ഉചിതമായ അത്മീയപ്പം ഭക്ഷിക്കാൻ  പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.

ഞങ്ങളുടെ കടക്കരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ...

അങ്ങനെയെങ്കിൽ, ദൈവത്തിന്റെ ക്ഷമ നമുക്ക് ലഭിക്കാൻ നമ്മൾ യോഗ്യരാണോ?.
പ്രാർത്ഥന എന്നത്, ദൈവത്തിന്റെ കാരുണ്യം യാചിക്കലാണ് എങ്കിൽ;നമുക്ക് ലഭിക്കുന്ന ദൈവത്തിന്റെ കാരുണ്യം നാം സഹോദരനോട് കാണിക്കുന്ന കാരുണ്യത്തിന് തുല്യമായിരിക്കും. നിങ്ങൾ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെത്തന്നെ ചെയും (Mathew 18:35). ദൈവത്തിന്റെ കാരുണ്യം നമ്മിൽ നിറയേണ്ടതിനു നമുക്ക് സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാം.  
  
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ ...
എന്താണ് നമ്മെ അലട്ടുന്ന പ്രലോഭനം?.

വീണ്ടും ജനനത്താൽ ആത്മാവ് രക്ഷ പ്രാപിച്ചു എങ്കിലും ജഡശരീരത്തിൽ ഇപ്പോഴും പിശാചിന് അധിപത്യമുണ്ട് (Romans 7:21-23). അതുകൊണ്ടാണ് ഈ ലോകജീവിത അവസാനം വരെ ജഡികമനുഷ്യന്റെ പ്രവണതകൾ നമ്മെ വേട്ടയാടുന്നത്. 

പ്രലോഭനങ്ങൾ ഉണ്ടാകരുതേ എന്നല്ല ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന. 

അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കൾ വിലയേറിയതാണ് പരീക്ഷണങ്ങളെ അതിജീവിക്കുന്ന നമ്മുടെ വിശ്വാസം (1 Peter 1:7).ഈ ലോകത്തിൽ ആയിരിക്കുന്ന ഒരു വിശ്വാസിക്ക് കടുത്ത  പ്രലോഭനങ്ങൾ ഉണ്ട്. അവയെ അതിജീവിക്കാൻ  സഹായകനായ പരിശുദ്ധാത്മവ് നമ്മെ ശക്തിപ്പെടുത്തും.

തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ... 

ഇവിടെ തിന്മ എന്നത് പിശാചിന്റെ പിടിയിൽ നിന്നുള്ള പൂർണ്ണ മോചനമാണ്‌... അശുദ്ധത്മാവ് ഒരുവനെ വിട്ടുപോയാൽ, അവനെ തിരിച്ചാക്രമിച്ചുകീഴ്പ്പെടുത്താൻ  തന്നെക്കാൾ ദുഷ്ടരായ ഏഴു അത്മക്കളോടൊപ്പം കാത്തിരിക്കുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയും. അങ്ങനെ ആ മനുഷ്യന്റെ സ്ഥിതി ആദ്യ ത്തെതിനെക്കാൾ മോശമായിത്തീരും(Mathew 12:45)  എന്ന്  വചനം  വെളിപ്പെടുത്തുന്നു.  

വിശ്വാസം വഴി ദൈവകൃപയാൽ ലഭ്യമായിരിക്കുന്ന  ഇപ്പോഴത്തെ രക്ഷയുടെ പൂർണ്ണഫലപ്രാപ്തിയായ നിത്യ രക്ഷ / നിത്യ ജീവൻ -നിൽ എത്തി ചേരുന്നതുവരെ തിന്മയിൽ അകപ്പെടാതെ കൃപക്ക് മേൽ കൃപ സ്വീകരിച്ച്, ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ ശ്രമിക്കണം.തിന്മയിൽ അകപ്പെട്ടു രക്ഷാ അനുഭവം ന്ഷ്ട്ടപ്പെടാതിരിക്കാൻ ആത്മാവിന്റെ ഇടപെടലിനുവേണ്ടി നിരന്തരം  പ്രാർത്ഥിക്കണം. 

മനപ്പാഠമാക്കിയ വാക്കുകൾ ഇടതടവില്ലാതെ ചൊല്ലുന്നതിലല്ല മറിച്ച് അവയുടെ അത്മീയാതെ അനുഭവിച്ചറിഞ്ഞു അതിന്റെ നിറവിൽ നിന്നും അധരങ്ങൾ സംസാരിക്കപ്പെടുമ്പോൾ മാത്രമേ പ്രാര്ത്ഥന ദൈവസന്നിധിയിൽ സ്വീകര്യമാവുകയുള്ളൂ  എന്ന് വചനം പറയുന്നു.    

'വേണ്ട വിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് തന്നെ നമുക്ക് വേണ്ടി മധ്യസ്ഥം വഹിക്കുന്നു'(Romans 8:26 ).

വചനത്തെ ജീവിതത്തിൽ പ്രാവർത്തീകമാക്കികൊണ്ട്  ദൈവം അഭിലഷിക്കുന്ന വിശുദ്ധീകരണം പ്രാപിക്കാൻ (1 Thessalonians4:3) നമുക്ക് കഴിയട്ടെ.  അതിന് പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.

'എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.........
ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍... 
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കിന്‍....'....   
                     (1 Thessalonians 5 : 1 6 - 1 8). 

                                                                                                                  ദൈവത്തിന് നന്ദി ..... 
Previous Post Next Post

Total Pageviews