പരിശുദ്ധത്മാവിനോടുള്ള ഭക്തിയുടെ ആവശ്യകത
പരിശുദ്ധാത്മാവ് എഴുന്നെള്ളിവന്ന് നമ്മെ പ്രേരിപ്പിച്ച് സഹായിച്ച് സഹകരിച്ചില്ലെങ്കിൽ അതി സ്വാഭാവിക ക്രമത്തിൽ നന്മയായിട്ടൊന്നും ആ ഗ്രഹിക്കുവാനും പ്രവർത്തിക്കുവാനും നമുക്ക് കഴിയുകയില്ല. എത്രമാത്രം ഉപദേശങ്ങൾ കേട്ടാലും, നല്ല വിചാരങ്ങൾ ഉണ്ടായാലും, നല്ല ആഗ്രഹങ്ങൾ ജനിച്ചാലും അതിനനുസരിച്ചുള്ള ഫലം അനേകരിൽ ഉണ്ടാകാത്തത് പരിശുദ്ധാരൂപി അവരിൽ പ്രവർത്തിക്കാത്തത് മൂലമാണ്.
"നിന്റെ അരൂപിയെ നീ അയയ്ക്കുക അപ്പോൾ സകലവും സൃഷ്ടിക്കപ്പെടും" എന്ന് സങ്കീർത്തകൻ എഴുതുന്നു. ഇതിൽനിന്നുതന്നെ എല്ലാ ഭക്തിയുടേയും ആരംഭവും ഉറവയും പരിശുദ്ധാരൂപിയോടുള്ള ഭക്തി ആകുന്നു എന്ന് നാം മനസ്സിലാക്കുന്നു. ഈ ഭക്തിയിൽ ഒരാൾ എത്ര ഉറപ്പുള്ളവനായിരിക്കുമോ
അതനുസരിച്ച് മറ്റു പുണ്യങ്ങളും നന്മകളും അവനിൽ രൂപപ്പെടും.
പരിശുദ്ധാരൂപിയോടുള്ള ഭക്തി ദൈവീക നന്മകളെ ഏറ്റവും എളുപ്പമായും ധാരാളമായും പ്രാപിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം ആകുന്നു. അതോടൊപ്പം ഈ ലോകത്തിൽ മനസ്സിന് പ്രകാശവും പരലോകത്തിൽ നിത്യാനന്ദവും നൽകുന്നു.
തന്റെ ദാനങ്ങളാൽ സകല ലോകത്തെയും സംതൃപ്തി പെടുത്തുന്നവനായ
പരിശുദ്ധാത്മാവിന്റെ ഒരു ഭക്തനും ഒരു ആശ്രിതനും അവന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറിയില്ല എന്ന് ഒരിക്കലും പറയാനിടവരില്ല.
പരിശുദ്ധാരൂപിയുടെ നേരെ പ്രത്യേക ഭക്തിയും സ്നേഹവും ഉണ്ടാകുവാൻ നമുക്കെല്ലാവർക്കും നന്ദിക്കടുത്ത കടമുണ്ട്.
ഒരാളിൽനിന്ന് ഏതെങ്കിലും ഉപകാരം ലഭിച്ചാൽ അയാളോട് നന്ദി ഉണ്ടായിരിക്കുക എന്നത് സ്വാഭാവിക ന്യായമാണല്ലോ? സർവ്വ നന്മകളെയും പ്രധാനം ചെയ്യുന്നയാൾ പരിശുദ്ധാരൂപി ആയിരിക്കുന്നതുകൊണ്ട് അവിടുത്തോട് അത്യന്തം നന്ദിയുള്ളവരായിരിക്കുവാൻ നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു.
കത്തോലിക്കാസഭയിൽ പിറക്കുന്നതിനും
സ്വർഗ്ഗാവകാശം ലഭിക്കുന്നതിന് നമുക്ക് ഭാഗ്യമുണ്ടായത് പരിശുദ്ധാത്മാവിന്റെ സൗജന്യ ദാനമാണ്. മാമോദീസയിൽ വര പ്രസാദവും പിന്നീട് നിരവധി താൽക്കാലിക വരങ്ങളും നമുക്ക് തന്ന് പാപത്തിന്റെ ചെളികുഴിയിൽ വീണാൽ നമ്മെ എഴുന്നേൽപ്പിച്ച് ശുദ്ധമാക്കി പ്രസാദവരത്തിൽ അവസാനം വരെ നിലനിർത്തി കാത്തുകൊണ്ട് ഭാഗ്യമരണം വഴിയായി സ്വർഗ്ഗത്തിൽ നമ്മെ എത്തിക്കുന്നത്, സകല ദൈവാനുഗ്രഹങ്ങളുടെയും ദാതാവായ പരിശുദ്ധാരൂപിയാണ് അതിനാൽ നമുക്കുള്ള സകല നന്മകളുടെയും ഉറവയും കാരണവുമാ കുന്ന പരിശുദ്ധാരൂപിയോട് പ്രത്യേക ഭക്തിയും സ്നേഹവും നന്ദിയും ഉണ്ടായിരിക്കാൻ നമുക്ക് വലിയ കടമയുണ്ട്.
പരിശുദ്ധാത്മാവ് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ ആകുന്നു
പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ദൈവിക ആൾ സ്വഭാവത്താൽ അരൂപിയും പരിശുദ്ധിയും ആയിരിക്കുന്ന
സത്യദൈവമാകുന്നു.
പരിശുദ്ധാരൂപി എന്ന പേരിലാണ് ത്രിത്വത്തിലെ മൂന്നാമത്തെ ദൈവീക ആൾ വിളിക്കപ്പെടുന്നത്.
പിതാവിൽ നിന്നും പുത്രനിലയേയ്ക്കും പുത്രനിൽ നിന്ന് പിതാവിലേയ്ക്കും ചൊരിയപെടുന്ന സ്നേഹമാണ് പരിശുദ്ധാത്മാവ്. ഈ ആത്മാവ് വഴിയാണ് നമ്മിൽ ദൈവസ്നേഹം ഉത്ഭവിക്കുന്നതും തന്മൂലം നാം ദൈവത്തിൻറെ സ്നേഹിതന്മാരാ യിത്തീരുന്നതും. പിതാവ് സൃഷ്ടിച്ചു. പുത്രൻ വീണ്ടെടുത്തു. പരിശുദ്ധാത്മാവ് ഈ വീണ്ടെടുപ്പിനെ തന്റെ വിശുദ്ധീകരണ
പ്രവൃത്തിയിലൂടെ പൂർത്തീകരിക്കുന്നു. നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാരൂപി വഴിയായി നമ്മുടെ ഹൃദയങ്ങളിൽ ദൈവസ്നേഹം ചിന്ത പെട്ടിരിക്കുന്നു (റോമാ 5:5) എന്ന് പൗലോസ് അപ്പോസ്തലൻ എഴുതുന്നു.
സാക്ഷാൽ പിതാവും ആകാശത്തിലും ഭൂമിയിലും ഉള്ള പിതൃസ്ഥാനത്തിനൊക്കെ നാമകരണമായ ദൈവമേ
നീ പരിശുദ്ധനാകുന്നു.
സകലവും നിന്നാൽ സൃഷ്ടിക്കപ്പെട്ട നിത്യ പുത്രാ, നീ പരിശുദ്ധനാകുന്നു. സകലവും ശുദ്ധീകരിക്കുന്ന റൂഹായെ, നീയും പരിശുദ്ധനാകുന്നു. ആമേൻ.
സഹായകനായ #പരിശുദ്ധാത്മാവ്
പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികളെക്കുറിച്ച് പറഞ്ഞുകൊണ്ട് യേശു അവർക്കു ഒരു വാഗ്ദാനം നൽകുന്നു. "എന്നാൽ എന്‍റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന #സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും, ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും."(26). കുരിശു മരണം സമീപസ്ഥമായപ്പോൾ യേശു തന്‍റെ ശിഷ്യന്മാർക്കു നൽകിയ വാഗ്ദാനമാണ് അവരെ ഒരിക്കലും തനിച്ചാക്കിവിടുകയില്ലെന്നും ദൈവവചനം ലോകം മുഴുവനും പ്രചരിപ്പിക്കാനുള്ള അവരുടെ പ്രവർത്തനത്തിൽ അവരോടൊപ്പം എപ്പോഴും #സഹായകനായ പരിശുദ്ധാത്മാവ് കൂടെയുണ്ടാകുമെന്നും, അവർക്കു സഹായം നൽകുമെന്നും. #സഹായകൻ എന്ന പദത്തിന്‍റെ ഗ്രീക്ക് പ്രയോഗം(#പാറേക്ലെത്ത) അർത്ഥമാക്കുന്നത് സമീപസ്ഥനായിരുന്ന് താങ്ങിനിര്‍ത്തുകയും, സമാശ്വസിപ്പിക്കുകയും ചെയ്യുന്നവൻ എന്നാണ്. യേശു പിതാവിന്‍റെ പക്കലേക്കു തിരിച്ചു പോയശേഷം തന്‍റെ ശിഷ്യരെ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങളിലൂടെ തുടർന്നും പഠിപ്പിക്കുകയും സജ്ജീവമാക്കി നിലനിർത്തുകയും ചെയ്യുന്നു.
സഭാ ദൗത്യം
യേശു വാഗ്ദാനം ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം എന്തിലാണ് അടങ്ങിയിരിക്കുന്നത്? യേശു തന്നെ അതിനു മറുപടി പറയുന്നു. "അവൻ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ പറഞ്ഞതെല്ലാം നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യും. പിതാവ് തന്‍റെ പുത്രന്‍റെ മനുഷ്യാവതാരത്തിലൂടെ മനുഷ്യകുലത്തോടു പറയാൻ ഉദ്ദേശിച്ചിരുന്നതെല്ലാം, ഈ ഭൂമിയിലെ തന്‍റെ ജീവിതത്തിൽ ശിഷ്യൻമാർക്കു യേശു പറഞ്ഞു കൊടുത്തിരുന്നു. പരിശുദ്ധാത്മാവിന്‍റെ ദൗത്യമെന്നത് ശിഷ്യരെ ഇതെല്ലാം ഓർമ്മിപ്പിക്കുകയും, പൂർണ്ണമായി മനസിലാക്കാൻ സഹായിക്കുകയും, പ്രത്യക്ഷമായി യേശുവിന്‍റെ പഠനങ്ങളെ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ്. ഇത് തന്നെയാണ് സഭയുടെ ദൗത്യവും. ഈ ദൗത്യം കർത്താവിലുള്ള വിശ്വാസം, അവന്‍റെ വചനങ്ങളുടെ പാലനം, ഉത്ഥിതനായ കർത്താവിനെ സന്നിഹിതനാക്കുകയും സജീവവമായി നിലനിർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങളോടുള്ള തുറവ്, അവന്‍റെ സമാധാനം സ്വീകരിക്കുകയും മറ്റുവരുമായുള്ള കണ്ടു മുട്ടലുകളിൽ അവിടുത്തേക്ക് സാക്ഷ്യം നല്കാൻ കഴിയുന്ന ഒരു മനോഭാവം,എന്നിവ പ്രതിഫലിപ്പിക്കുന്ന കൃത്യമായ ഒരു ജീവിതരീതിയിലൂടെ പൂർത്തീകരിക്കപ്പെടുന്നു. ഇതെല്ലം സാധ്യമാക്കാൻ സഭയ്ക്ക് നിശ്ചലമായി നിൽക്കാൻ കഴിയുകയില്ല. മാമ്മോദീസാ സ്വീകരിച്ച ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതു എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ നയിക്കപ്പെടുന്ന ഒരു സമൂഹമായി സഞ്ചരിക്കുവാനാണ്.
പരിശുദ്ധാത്മാവിന്‍റെ ദാനത്തിനായി ഹൃദയം തുറന്നു കൊടുക്കണം
വിശ്വാസത്തിന്‍റെ സഞ്ചാരത്തെ ഭാരപ്പെടുത്തുന്ന നമ്മുടെ കാഴ്ചപ്പാടിലുള്ള ലൗകീകബന്ധനങ്ങളിൽ നിന്നും, നമ്മുടെ കൗശലങ്ങളിൽ നിന്നും, നമ്മുടെ ലക്ഷ്യങ്ങളിൽ നിന്നും മോചിതരായി കർത്താവിന്‍റെ വചനത്തെ കേൾക്കാനുള്ള തുറവു നൽകാനാണ്. അങ്ങനെ യേശു ആഗ്രഹിച്ച യഥാർത്ഥവും, മനോഹരവും, തെളിച്ചമുള്ളതുമായ മുഖം തീർത്തെടുക്കാൻ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നമ്മെയും സഭയെയും നയിക്കുന്നു. ചരിത്രത്തിന്‍റെ അന്ത്യംവരെയും നമ്മെ നയിക്കാനായി പരിശുദ്ധാത്മാവിന്‍റെ ദാനത്തിനായി നമ്മുടെ ഹൃദയം തുറന്നു കൊടുക്കുവാൻ കർത്താവു നമ്മെ ക്ഷണിക്കുന്നു. പരിശുദ്ധാത്മാവ് ദിനംപ്രതി നമ്മെ ദൈവ വചനത്തിന്‍റെ യുക്തിയും, സ്നേഹത്തിന്‍റെ സ്വീകാര്യതയുടെ യുക്തിയും കർത്താവു പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഓർമ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
പരിശുദ്ധാത്മാവിലൂടെ നയിക്കപ്പെടുവാൻ ഇന്നത്തെ ലോകത്തിന് എങ്ങനെ കഴിയും?🔥
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ കഴിയണമെങ്കിൽ പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്ന് ഹൃദയത്തിൽ വിശ്വസിക്കണം. യേശുവിന്റെ വാക്കുകളിൽ വിശ്വസിക്കുക. ബൈബിളിലൂടെയും സഭാ പ്രബോധനങ്ങളിലൂടെയുമാണ് യേശുവിന്റെ വാക്കുകൾ നമുക്ക് കേൾക്കാനാകുന്നത്. ഇതിന് കണ്ണും കാതും തുറന്ന് വയ്ക്കണം. പരിശുദ്ധാത്മാവ് എന്നോട് സംസാരിക്കുന്നു, എന്നെ നയിക്കുന്നു എന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസിൽ ഉണ്ടാകണം. "ദാഹിക്കുന്നവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ, എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഞാനൊഴുക്കും” തുടങ്ങിയ വചനങ്ങളിലൂടെ വിശുദ്ധ യോഹന്നാൻ സുവിശേഷകനും വിശുദ്ധ ലൂക്കാ സുവിശേഷകനും നമ്മെ പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടലിന് ഒരുങ്ങണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു.
വിശ്വാസവും ആഗ്രഹവും പ്രാർത്ഥനയും ഇതിന് അത്യാവശ്യമാണ്. പരിശുദ്ധാത്മാവിനായി കാത്തിരിക്കാൻ നാം തയ്യാറാകണം. അതോടൊപ്പം സമൂഹത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം. കൂദാശകളിലൂടെയാണ് ഓരോ വ്യക്തികളിലേക്കും പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകുന്നത്. ‘സ്ഥൈര്യലേപനം’ എന്ന കൂദാശയിൽ വൈദികന്റെ കൈവയ്പ് വഴി ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്കുന്നു. പക്ഷേ ഈ പരിശുദ്ധാത്മാവിനെക്കുറിച്ച് നാം പലപ്പോഴും വേണ്ടത്ര ബോധവാന്മാരല്ല. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ കനൽമൂടി കിടക്കുന്നു. അതിനെ ഉണർത്തണം. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്ക് നാം എപ്പോഴും കാതോർക്കണം.
നമ്മുടെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെ നിർവീര്യമാക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്റെ തഴക്കദോഷങ്ങളും കടുംപിടുത്തങ്ങളും സ്വാർത്ഥ താല്പര്യങ്ങളുമാണ് പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ഫലവത്താകാതെ പോകുന്നതിന്റെ കാരണമെന്ന് അറിയണം. ഏകാഗ്രതയോടെ പരിശുദ്ധാത്മ സ്വരത്തിനുവേണ്ടി ശ്രദ്ധിക്കണം. നിശബ്ദതയിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ കഴിയും. ഒരു മൗന സംസ്‌കാരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എനിക്ക് തോന്നാറുണ്ട്. ആന്തരികമായി നമ്മുടെ ഹൃദയത്തിൽ മന്ത്രിക്കുന്ന പരിശുദ്ധാത്മ ശബ്ദം അപ്പോൾ നമുക്ക് ശ്രവിക്കാൻ കഴിയും. ഏകാഗ്രതയില്ലാതെ ദൈവം പറയുന്നത് കേൾക്കാനാവില്ലല്ലോ. എനിക്ക് കിട്ടുന്ന പ്രചോദനമനുസരിച്ച് ഞാൻ മുന്നോട്ട് പോകണം. പരിശുദ്ധ അമ്മയിൽ പരിശുദ്ധാത്മാവ് പ്രവർത്തിച്ചത് ഇതാ കർത്താവിന്റെ ദാസി എന്ന മനോഭാവത്തോടെ അമ്മ ശ്രവിച്ചു.
സാധാരണയായി ദൈവാത്മാവ് ശാന്തമായിട്ടും സൗമ്യമായിട്ടുമാണ് നമ്മിൽ പ്രവർത്തിക്കുന്നത്. ആത്മാവിന് വഴങ്ങുന്നതിന് അനുസരിച്ച് അവിടുത്തെ പ്രവർത്തനം നമ്മിൽ ശക്തിപ്പെടും. പശ്ചാത്താപവും പാപബോധവും ദൈവത്തോട് രമ്യപ്പെടാനുള്ള ആഗ്രഹവും ഇതിന് ആവശ്യമാണ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് വയലുകൾ കർഷകൻ ഒരുക്കുന്നതുപോലെ നമ്മുടെ ഹൃദയത്തെയും ഇതിന് ഒരുക്കണം. പറയുന്നത് കേൾക്കാനുള്ള സന്നദ്ധത ഉണ്ടാകണം. വിനയം, വിധേയത്വം ഇവയും ആവശ്യമാണ്. ഞാൻ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കാൾ കൂടുതലായി പരിശുദ്ധാത്മാവ് എന്നെയാണ് എടുത്ത് ഉപയോഗിക്കേണ്ടതെന്ന് അപ്പോൾ നമുക്ക് വ്യക്തമാകും.
Post a Comment