സഭ എന്നാല്‍ അച്ചനും മെത്രാനും മാത്രമോ?

✍🏻  മാർ ജോസഫ് പാംബ്ലാനി

നെപ്പോളിയന്‍ ചക്രവര്‍ത്തിയും പീയൂസ് ഏഴാമന്‍ മാര്‍പാപ്പയും തമ്മില്‍ നടന്ന സംവാദം സഭാചരിത്രത്തിലെ ഈടുറ്റൊരു ഫലിതമാണ്. ലോകസാമ്രാട്ടായി സ്വയം അവരോധിച്ച നെപ്പോളിയനെ മുട്ടുകുത്തി വന്ദിച്ച് ആദരിക്കാന്‍ പാപ്പാ വിസമ്മതിച്ചു. തന്റെ മുന്‍ഗാമിയായ പീയൂസ് ആറാമന്‍ പാപ്പയില്‍ നിന്ന് ബലമായി പിടിച്ചെടുത്ത കിരീടം ഉപയോഗിച്ചുകൊണ്ട് ലോകസാമ്രാട്ടായി കിരീടധാരണം നടത്തിയ നെപ്പോളിയന്റെ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാന്‍ പാപ്പാ തയാറായിരുന്നില്ല. തന്നെ വന്ദിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കത്തോലിക്ക സഭയെ തകര്‍ത്തുകളയും എന്നായിരുന്നു നെപ്പോളിയന്റെ ഭീഷണി. പീയൂസ് പാപ്പാ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ''നെപ്പോളിയാ, ഞങ്ങള്‍ ഒരുപാട് മാര്‍പാപ്പമാരും മെത്രാന്മാരും വൈദികരും അല്‌മേനികളും ചേര്‍ന്ന് കഴിഞ്ഞ 17 നൂറ്റാണ്ടായി ഈ സഭയെ തകര്‍ക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമാന്യബുദ്ധിയനുസരിച്ച് ഇതു പണ്ടേ തകരേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങളെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന സഭയെ നിനക്കൊന്നും ചെയ്യാനാവില്ല.''

സഭയിലെ സമീപകാല സംഭവങ്ങളാണ് ഈ പഴയ സംഭവ കഥയെ ഓര്‍മ്മിപ്പിച്ചത്. സഭയുടെ അയ്യതയ്ക്ക് കാരണം അത് നരകപിശാചിനെ തോല്‍പിച്ച ക്രിസ്തുവിന്റെ ശരീരം ആണെന്ന വസ്തുതയാണ്. കുരിശുമരണത്തോളം കീഴ്‌വഴങ്ങി സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ ശരീരമാണ് തിരുസഭ. നാരകീയ ശക്തികള്‍ക്ക് സഭയ്‌ക്കെതിരെ ഒരിക്കലും പ്രബലപ്പെടാനാവില്ല. സഭ എന്നാല്‍ മെത്രാനും അച്ചനും മാത്രമാണെന്ന കൊളോണിയല്‍ സഭാദര്‍ശനമാണ് ഇന്നും പലരുടെയും മനസില്‍. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായ ദൈവജനമാണ് തിരുസഭ എന്ന സത്യം ഗ്രഹിക്കുന്നതുവരെ സഭയിലെ ഭിന്നതകള്‍ അവസാനമില്ലാതെ തുടരും എന്നതാണ് സത്യം. സഭയുടെ സംരക്ഷകന്‍ ശിരസായ ക്രിസ്തുവാണ്. അതിനാല്‍ സഭയുടെ രക്ഷകരായി ആരും സ്വയം അവതരിക്കരുത്. ഇപ്രകാരമുള്ള അവതാരങ്ങളും വിപ്ലവങ്ങളും സഭാഗാത്രത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.

തിരുത്തലിന്റെ ഭിന്നമാര്‍ഗങ്ങള്‍

സഭയില്‍ തിരുത്തലുകള്‍ ആവശ്യമുണ്ട്. എന്നാല്‍ തിരുത്തലിന്റെ രണ്ട് വ്യത്യസ്ത മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്. ഫ്രാന്‍സിസ് അസീസിയും മാര്‍ട്ടിന്‍ ലൂഥറുമാണ് ഈ വിരുദ്ധ ദൃഷ്ടാന്തങ്ങള്‍. സഭാചരിത്രത്തിലെ ഏറ്റവും ഇരുണ്ട യുഗത്തിലാണ് ഫ്രാന്‍സിസ് ജനിച്ചത്. സഭയിലെ ജീര്‍ണതകള്‍ സകല സീമകളും ലംഘിച്ച കാലത്ത് അസീസിയിലെ ഈ വിശുദ്ധന്‍ സഭാനവീകരണത്തനിറങ്ങി. സഭാധികാരികളെ സമ്പൂര്‍ണമായി അനുസരിച്ചും സുവിശേഷമൂല്യങ്ങളെ സ്വന്തം ജീവിതത്തില്‍ അക്ഷരംപ്രതി അനുവര്‍ത്തിച്ചുമാണ് ഫ്രാന്‍സിസ് സഭയെ നവീകരിച്ചത്. ഫ്രാന്‍സിസിന്റെ നവീകരണമാര്‍ഗം സഭയെ അടിമുടി വിശുദ്ധീകരിച്ചു. എന്നാല്‍ സഭയിലെ സമാനമായ മറ്റൊരു പ്രതിസന്ധിഘട്ടത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന അഗസ്റ്റീനിയന്‍ വൈദികന്‍ നവീകരണ ചിന്തയുമായി മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ മാര്‍ഗം തികച്ചും വ്യത്യസ്തമായിരുന്നു. സഭാധികാരികളെ വെല്ലുവിളിച്ചും അനുദിനം ആരോപണങ്ങള്‍ പരസ്യപ്പെടുത്തിയും സഭയുടെ അടിസ്ഥാന മൂല്യങ്ങളെ പരസ്യമായി ലംഘിച്ചും ലൂഥര്‍ നവീകരണലക്ഷ്യവുമായി രംഗത്തിറങ്ങി. സഭയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടിരുന്ന നിക്ഷിപ്ത താല്‍പര്യക്കാരായ യൂറോപ്യന്‍ രാജാക്കന്മാര്‍ ലൂഥറിന് പിന്തുണയുമായി നിരന്നു. തനിക്ക് ലഭിച്ച അപ്രതീക്ഷിത പിന്തുണയില്‍ മതിമറന്ന ലൂഥര്‍ സഭയുടെ സത്യവിശ്വാസത്തെത്തന്നെ ചോദ്യം ചെയ്തു. സഭാഗാത്രത്തിലെ ഏറ്റവും വലിയ മുറിവായ പ്രൊട്ടസ്റ്റന്റ് വിപ്ലവമായിരുന്നു ലൂഥറിന്റെ സംഭാവന.

സഭയില്‍ നവീകരണവും വിശുദ്ധീകരണവും ആവശ്യമാണ്. എന്നാല്‍ അതിനായി ഫ്രാന്‍സിസ് മാര്‍ഗമാണോ ലൂഥറന്‍ മാര്‍ഗമാണോ സ്വീകരിക്കേണ്ടത് എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. സഭയുടെ തകര്‍ച്ച ആഗ്രഹിക്കുന്നവര്‍ ലൂഥറന്‍ മാര്‍ഗം തേടുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ വിശുദ്ധീകരണം ആഗ്രഹിക്കുന്നവര്‍ ഫ്രാന്‍സിസിന്റെ മാര്‍ഗമാണ് തേടേണ്ടത്. ലൂഥറന്‍ മാര്‍ഗം എളുപ്പവഴിയാണ്; അധികാരികളെ ചെളിവാരിയെറിഞ്ഞാല്‍ മാത്രം മതി. എന്നാല്‍ ഫ്രാന്‍സിസിന്റെ മാര്‍ഗം സമൂലമായ ആത്മനവീകരണമാണ്. സഭാശുശ്രൂഷകരുടെ തിരുവസ്ത്രം ഊരിച്ച് ചാക്കുടിപ്പിക്കാന്‍ ലൂഥര്‍ ശ്രമിച്ചപ്പോള്‍ സ്വയം ചാക്കുവസ്ത്രം ധരിച്ചാണ് ഫ്രാന്‍സിസ് മാതൃക കാട്ടിയത്. മറ്റുള്ളവരെ ദാരിദ്ര്യമൂല്യം പഠിപ്പിക്കാനുള്ള ലൂഥറന്‍ വ്യഗ്രത മാറ്റി ദാരിദ്ര്യത്തിന്റെ മനുഷ്യാവതാരമായി ഫ്രാന്‍സിസ് സ്വയം മാറി. ഫ്രാന്‍സിസിന്റെ മാര്‍ഗം നിശ്ചയമായും വിജയിക്കും, കാരണം അതില്‍ സുവിശേഷത്തിന്റെ ആത്മാവുണ്ട്. ലൂഥറന്‍മാര്‍ഗം സത്യമായും വിനാശകരമാണ്. കാരണം അതില്‍ ലോകത്തിന്റെ അരൂപി മാത്രമേയുള്ളൂ. സഭയുടെ നന്മ ലക്ഷ്യമാക്കി സമീപകാലത്ത് പ്രതികരിച്ച പല നല്ല മനുഷ്യരും ലൂഥറന്‍മാര്‍ഗം അനുവര്‍ത്തിച്ചതിലെ ദുഃഖം സഭയിലാകമാനം മൂകത പരത്തുന്നുണ്ട് എന്ന സത്യം എല്ലാവരും മനസിലാക്കണം.



നന്മ-തിന്മയുടെ വൃക്ഷത്തിന്റെ ഫലം തിന്നുന്നവര്‍

നന്മയുടെ പക്ഷത്ത് നില്‍ക്കാനുള്ള നിര്‍ബന്ധബുദ്ധിയാണ് പലരെയും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നന്മ-തിന്മയെ വിലയിരുത്തുമ്പോള്‍ സംഭവിക്കാവുന്ന ആപേക്ഷികതയുടെ അപകടം സഭയ്ക്കും ബാധകമാണ്. സ്ഥാനവും സമയവും തെറ്റിയാല്‍ ഏതു നന്മയും തിന്മയാകാം എന്ന സ്‌കൊളാസ്റ്റിക് ചിന്തകരുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. സഭയ്ക്കുള്ളില്‍ പറയേണ്ടവ പുറത്തു പറയുമ്പോള്‍ അതു സ്ഥാനം തെറ്റിയ നന്മയാകാം. കാര്യങ്ങളുടെ സമഗ്രത ഗ്രഹിക്കാതെ സമരത്തിനിറങ്ങുമ്പോള്‍ അത് സമയംതെറ്റിയ നന്മയ്ക്കുവേണ്ടിയുള്ള മുറവിളിയായി മാറാം. നന്മതിന്മയുടെ ഫലം നിങ്ങള്‍ ഭക്ഷിക്കരുത് എന്ന ദൈവപ്രമാണത്തിന് നന്മയും തിന്മയും നാം സ്വയം തീരുമാനിക്കരുത് എന്ന അര്‍ത്ഥംകൂടിയുണ്ട്. ചില സങ്കുചിത കാരണങ്ങളാല്‍ അനഭിമതരായവരെ സകല തിന്മകളുടെയും മൂര്‍ത്തീഭാവമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ പറുദീസയിലെ പ്രലോഭകന്റെ നിഴലു വീണിട്ടുണ്ട്. സ്വന്തം പക്ഷത്തുള്ളവരുടെ നെറികേടുകളെപ്പോലും ന്യായീകരിക്കുന്നതിലും സമാനപ്രശ്‌നമാണുള്ളത്.

ഈ ലോകത്തിലെ എല്ലാ ഭിന്നതകളും (Historical conflicts) ദൈവവും സാത്താനും തമ്മിലുള്ള സനാതന സംഘര്‍ഷത്തിന്റെ (Cosmological conflict) ഭാഗമാണെന്ന അഗസ്റ്റീനിയന്‍ ചിന്തയും സമകാലിക സംഭവങ്ങളെ മനസിലാക്കാന്‍ സഹായകമാണ്. ദൈവത്തെ തോല്‍പിക്കാനാവില്ല എന്നറിയാവുന്ന സാത്താന്‍ ദൈവത്തിന് പ്രിയപ്പെട്ട സഭയെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഈ വിവാദത്തില്‍ പലരും സാത്താന്റെ കൈകളിലെ ഉപകരണങ്ങളായി മാറുന്നുണ്ട്. സാത്താന്റെ ഇടപെടലിന്റെ ഏറ്റവും വലിയ സാക്ഷ്യം വ്യക്തികളില്‍നിന്ന് സാധാരണയായ വിവേകംപോലും നഷ്ടപ്പെടുത്തുന്നു എന്നതാണ്. സഭയില്‍ സത്യവും നീതിയും സ്ഥാപിക്കാന്‍ എന്ന വ്യാജേന രംഗത്തിറങ്ങുന്നവര്‍ സഭയെത്തന്നെ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഈ വിവേകക്കുറവുമൂലമാണ്. വികാരിയച്ചനോ മെത്രാനോ എതിരെ പ്രതിഷേധിക്കാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പ്ലക്കാര്‍ഡുകളുമായി വരുന്നവരും സ്വാര്‍ത്ഥലക്ഷ്യങ്ങളെപ്രതി, വൈദികരെയും മെത്രാന്മാരെയും തിരുക്കര്‍മങ്ങള്‍ക്ക് വന്നാല്‍ തടയുമെന്ന് ഭീഷണിപ്പെടുത്തുന്നവരെയും നയിക്കുന്നത് സമാനമായ അവിവേകമാണ്. ഇത്തരം അവിവേകങ്ങളെ പ്രതിരോധിക്കാന്‍ കലഹത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നവരും തിന്മയുടെ ശക്തിയുടെ പിടിയിലാണ്.

ഷേക്‌സ്പിയറുടെ മാക്‌ബെത്ത് എന്ന ദുരന്തകഥയുടെ അവതരണരംഗത്ത് രണ്ട് അരൂപികള്‍ നൃത്തമാടിക്കൊണ്ട് നടത്തുന്ന പ്രഖ്യാപനം പ്രസിദ്ധമാണ്. ''തിന്മയെല്ലാം നന്മയാണ്. നന്മയെല്ലാം തിന്മയാണ്'(Fair is foul, foul is fair). കഥാകാരന്റെ ക്രാന്തദര്‍ശനം കാലത്തിന്റെ പ്രത്യേകതയെ വെളപ്പെടുത്തുന്നതാണ്. പൈശാചികതയുടെ ഭരണത്തില്‍ സംഭവിക്കുന്ന സ്ഥലജലവിഭ്രാന്തിയാണിത്. നന്മയുടെ തേജോരൂപങ്ങളായി നമിക്കേണ്ടവരെല്ലാം തച്ചുടയ്‌ക്കേണ്ട തിന്മകളാണെന്നും സഭയുടെ ശത്രുക്കളായ കോര്‍പറേറ്റു മാധ്യമങ്ങള്‍ രക്ഷകന്റെ അവതാരങ്ങളാണെന്നും തെറ്റിദ്ധരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. സഭയുടെ നാശം കൊതിച്ച് തീപ്പൊരിക്കായി കാത്തിരുന്നവര്‍ക്ക് മുന്നില്‍ സര്‍വനാശത്തിന്റെ കാട്ടുതീ ഒരുക്കിക്കൊടുക്കുകയാണ് നാം.

സഭയെ വളര്‍ത്തുന്നവന്‍

സഭയെ അമ്മയായി കരുതാത്തവര്‍ക്ക് ദൈവത്തെ പിതാവായി മനസിലാക്കാനാവില്ല എന്ന വിശുദ്ധ സിപ്രിയാന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. മയക്കത്തിലായിരുന്ന ആദാമിന്റെ പാര്‍ശ്വത്തില്‍നിന്ന് വാരിയെല്ലെടുത്ത് ഹവ്വയെ സൃഷ്ടിച്ചതിനു സമാനമായാണ് ക്രിസ്തു സഭയ്ക്ക് ജന്മം നല്‍കിയത്. കുരിശില്‍ പിടഞ്ഞ് മരണവേദനയാല്‍ തളര്‍ന്നു മയങ്ങിയ ക്രിസ്തുവിന്റെ പാര്‍ശ്വം പടയാളി പിളര്‍ന്നപ്പോഴാണ് രണ്ടാം ഹവ്വയായ സഭ രണ്ടാം ആദമായ ക്രിസ്തുവില്‍നിന്ന് പിറന്നതെന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നതിന്റെ പൊരുള്‍ നാം ഗ്രഹിക്കാതെ പോകരുത്. സഭയെ ജനിപ്പിച്ചതും വളര്‍ത്തിയതും ക്രിസ്തുവാണ്. അവിടുന്ന് കുരിശില്‍ ചിന്തിയ തിരുരക്തമാണ് സഭയുടെ നിത്യപോഷണം. നമ്മുടെ പിടിയരിയും പിരിവുമാണ് സഭയുടെ മൂലധനം എന്ന വാദത്തില്‍ ഏറെയൊന്നും കഴമ്പില്ല. നാം വിശുദ്ധ ജീവിതത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും സഭാജീവിതം നയിക്കുമ്പോള്‍ നാമാണ് കൃപയില്‍ വളരുന്നത്. സഭയെ നാം വളര്‍ത്തി എന്ന അവകാശവാദം വെടിഞ്ഞ് സഭയിലൂടെ നമ്മെ വളര്‍ത്തുന്ന ക്രിസ്തുവിനെ കണ്ടെത്താന്‍ കഴിയണം. സഭയില്‍ ഭിന്നതയുളവാക്കുമ്പോള്‍ സഭയെ വളര്‍ത്താന്‍ യഥാര്‍ത്ഥത്തില്‍ ത്യാഗമനുഭവിച്ച ക്രിസ്തുവിനാണ് വേദനിക്കുന്നത്. സഭയെ വളര്‍ത്താനെന്ന വ്യാജേന കലഹമുണ്ടാക്കുന്നവര്‍ സഭയ്ക്കുവേണ്ടി ത്യാഗം ചെയ്യാത്തവരാണ്.

പരിഹാരമാര്‍ഗങ്ങള്‍

മുകളില്‍ പറഞ്ഞ സഭാദര്‍ശനത്തിന്റെ വെളിച്ചത്തില്‍ കാലിക പ്രശ്‌നങ്ങള്‍ക്ക് ചില പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിയണം.

ഒന്നാമതായി, തിരുസഭയെ അപ്പസ്‌തോലന്മാരാകുന്ന അടിസ്ഥാനത്തിന്മേല്‍ ക്രിസ്തു സ്ഥാപിച്ചതാണെന്ന സത്യം നാം വിശ്വസിക്കണം. അതായത് സഭയെ സ്ഥാപിച്ച ക്രിസ്തുതന്നെയാണ് സഭയുടെ ഹയരാര്‍ക്കിയെയും ഘടനയെയും സ്ഥാപിച്ചത്. ഈ വിശ്വാസം നഷ്ടമായാല്‍ സഭ എന്നത് കേവലം സങ്കല്പം മാത്രമാകും. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മെത്രാപ്പോലീത്തമാരെയും സഹായമെത്രാന്മാരെയും ക്രിസ്തുവാണ് നിയമിച്ചത് എന്ന വിശ്വാസം തകര്‍ക്കുന്നത് ആത്മഹത്യാപരമാണ്. അതിനാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട മെത്രാനെ പുകഴ്ത്താനായി ഏതെങ്കിലും മെത്രാനെ താറടിച്ചു സംസാരിക്കാന്‍ ചാനലില്‍ പ്രത്യക്ഷപ്പെടുന്നവരെല്ലാം ഒരുപോലെ സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുകയാണ്. അതിനാല്‍ കൂട്ടായ്മയുടെ അരൂപിയില്‍ മാത്രമേ പ്രശ്‌നങ്ങളെ സമീപിക്കാന്‍ പാടുള്ളൂ. നമുക്ക് ഒരു പക്ഷമേയുള്ളൂ - അത് ക്രിസ്തുവിന്റെ പക്ഷമാണ്.

രണ്ടാമതായി, സഭയുടെ പ്രശ്‌നം സഭയ്ക്കുള്ളിലാണ് പരിഹരിക്കേണ്ടത്. ഏതെങ്കിലും രൂപതയുടെ ആഭ്യന്തര പ്രശ്‌നമാണെന്നു വാദിക്കാന്‍വേണ്ടിപോലും പലരും കോര്‍പറേറ്റു ചാനലുകളുടെ പൊതുവേദിയാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് വിരോധാഭാസമാണ്. നിങ്ങള്‍ക്കിടയിലെ പ്രശ്‌നം തീര്‍ക്കാന്‍ കഴിവുള്ള ഒരാള്‍പോലും നിങ്ങള്‍ക്കിടയിലില്ലേ എന്ന ശ്ലീഹായുടെ ചോദ്യം (1 കോറി. 6:6) നമുക്കും ബാധകമല്ലേ?  സഭയിലെ പ്രതിസന്ധികളെ കോടതിവ്യവഹാരങ്ങളാക്കി മാറ്റുമ്പോള്‍ വചനത്തെക്കാളും വലുത് നമുക്ക് പീനല്‍കോഡും ക്രിസ്തുവിനെക്കാളും വലുത് ന്യായാധിപനുമായി മാറുന്നു. നീതിപീഠങ്ങളെ സമീപിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെയും നീതിപീഠങ്ങളെ സഭാനിന്ദയ്ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്നതിനെയും വേര്‍തിരിച്ചു കാണാന്‍ നമുക്ക് കഴിയണം. സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സഭാസംവിധാനങ്ങളിലൂടെ പരിഹരിക്കാന്‍ നാം തയാറാവണം. പ്രസ്തുത പരിഹാരം നമ്മുടെ ലക്ഷ്യങ്ങളോടൊത്തു പോകുന്നില്ലെങ്കിലും കാലതാമസമെടുക്കുന്നുവെങ്കിലും നാം കലഹിക്കരുത്. കോടതിവ്യവഹാരങ്ങള്‍ അടിയന്തിരമായി അവസാനിപ്പിച്ച് സഭയുടെ മേശയ്ക്ക് ചുറ്റുമിരിക്കാന്‍ എല്ലാവരും തയാറാണം. സഭാനേതൃത്വത്തിന്റെ നിര്‍ദേശം എല്ലാവരും അനുസരിക്കണം.

മൂന്നാമതായി, പ്രശ്‌നപരിഹാരത്തിനുവേണ്ടത് സി.എ.ജിയെ വെല്ലുന്ന ഓഡിറ്റു റിപ്പോര്‍ട്ടു തയാറാക്കുന്ന കഴിവുള്ളവരെയോ വാക്‌വിലാസത്തിന്റെ പ്രവാചകരെയോ നീതിയുടെ ഖഡ്ഗം ചുഴറ്റുന്നവരെയോ അല്ല; സഭയെ  സ്‌നേഹിക്കുന്നവരെയാണ്. അതിനാല്‍ സി.എ.ജിമാരും പ്രവാചകന്മാരും തല്‍ക്കാലം നിശബ്ദത പാലിക്കണം. തിരുസഭയ്ക്കുവേണ്ടി കണ്ണീരോടെ നിലവിളിച്ചു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളോട് കൈകോര്‍ത്ത് പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇടം കൊടുക്കാം.



നാലാമതായി, സീറോ മലബാര്‍ സഭയിലെ പ്രഥമ വൈദികകൂട്ടായ്മയായ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികകൂട്ടായ്മ അതിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തിന് ചേര്‍ന്ന ഔന്നത്യം ഉചിതമായ സമയത്ത് പ്രകടമാക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. സഭയുടെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെയും ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച പാരമ്പര്യമാണ് അതിരൂപതയിലെ വൈദികര്‍ക്കുള്ളത്. ആ ശ്രേഷ്ഠതയ്ക്കുള്ള അംഗീകാരമായാണ് തിരുസിംഹാസനം സഭയുടെ ആസ്ഥാനപദവി നല്‍കി അതിരൂപതയെ ആദരിച്ചത്. അതിനാല്‍ ഏതാനും ചില ശബ്ദങ്ങള്‍ മാത്രം കേട്ട് പ്രസ്തുത അതിരൂപതയെ ഒന്നാകെ ഒറ്റപ്പെടുത്താന്‍ ആരും മുതിരരുത്. വിജ്ഞാനവും വിവേകവും വിശുദ്ധിയും ഗുരുത്വവുമുള്ള ഏറെ വൈദികരാല്‍ സമ്പന്നമായ ഈ വൈദികകൂട്ടായ്മയിലൂടെ ദൈവഹിതം പ്രകടമാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. നഷ്ടമായ കോടികള്‍ക്കും കോടതിവിധികള്‍ക്കും മുകളില്‍ അവര്‍ ദൈവഹിതം നടപ്പിലാക്കും.

അഞ്ചാമതായി, കോടതിവ്യവഹാരങ്ങളും പരസ്യമായ വിഴുപ്പലക്കലുകളും ആത്യന്തികമായി ഭരണനവീകരണ കമ്മീഷനുവേണ്ടി ജസ്റ്റിസ് കൃഷ്ണയ്യര്‍ നിര്‍ദേശിച്ച ചര്‍ച്ച് ആക്ടിന്റെ നടത്തിപ്പിന് വഴിയൊരുക്കിക്കൊടുക്കുകയാണ്. ചര്‍ച്ച് ആക്ടിനെ വരവേല്‍ക്കാന്‍ കോപ്പുകൂട്ടുന്നവര്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുടണമെന്ന് വാദിക്കുന്നവരാണ്. ഒരു വ്യവഹാരത്തിലെ അപര്യാപ്തത പരിഹരിക്കാന്‍ സര്‍വസ്വത്തും സര്‍ക്കാരിന് അടിയറ വയ്‌ക്കേണ്ട സാഹചര്യം നാമായിട്ട് ഒരുക്കരുത്. പിടിയരിയുടെയും പിരിവിന്റെയും വിലാപങ്ങള്‍ എന്നേക്കുമായി അപ്രസക്തമായി സഭതന്നെ അന്യാധീനപ്പെടുന്ന അവസരമൊരുക്കാതെ നോക്കാന്‍ നമുക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ട്. കൂടാതെ, രാജ്യനിയമവുമായി ഒത്തുപോകുന്ന കാനന്‍നിയമത്തെ നിക്ഷിപ്ത താല്‍പര്യങ്ങളോടെ കോടതികളില്‍ അപഹസിക്കാന്‍ അവസരമൊരുക്കരുത്. ദൂരവ്യാപകമായ പ്രത്യാഘാതമുളവാക്കുന്ന ഇത്തരം അക്ഷന്തവ്യമായ അപരാധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാം.

അവസാനമായി, കേവലം ശ്രദ്ധക്കുറവിനും സാങ്കേതിക വീഴ്ചകള്‍ക്കും ഉപരിയായി സഭാതലവന്റെ ഭാഗത്തുനിന്ന് വ്യക്തിപരമായ ഗൂഢലക്ഷ്യങ്ങളൊന്നും ഇല്ലായിരുന്നുവെന്നത് എത്ര കടുത്ത വിമര്‍ശകര്‍പോലും സമ്മതിക്കുന്ന സത്യമാണ്.  അതിനാല്‍ അനാവശ്യ ചര്‍ച്ചകളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും സഭാപിതാക്കന്മാരെയും സഭയെയും സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കാന്‍ നമുക്ക് ഒരു മനസോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം

Post a Comment

Previous Post Next Post

Total Pageviews