ഐസിസിന്റെ പിടിയിലായിരുന്ന 6 വയസ്സുകാരി ബാലികയുടെ മോചനത്തിന് സഹായകമായത് ജപമാലയുടെ അത്ഭുത ശക്തി !!

ഭീകര സംഘടനയുടെ പിടിയിലായിരുന്ന 6 വയസ്സുകാരി ബാലികയുടെ മോചനത്തിന് സഹായകമായത് ജപമാലയെന്ന് പിതാവിന്റെ സാക്ഷ്യം. 2014-ല്‍ ആണ് ഇറാഖിലെ ബാഖ്ഡിഡയില്‍ നിന്നും ക്രിസ്റ്റീന എന്ന ബാലികയെ ഐ‌എസ് തട്ടികൊണ്ട് പോയത്. മകളെ നഷ്ട്ടപ്പെട്ടതിന്റെ അതീവ വേദനയില്‍ കഴിഞ്ഞ താന്‍ തന്റെ കുഞ്ഞിന്റെ മോചനത്തിനായി അന്ന്‍ മുതല്‍ ജപമാല ചൊല്ലുവാന്‍ ആരംഭിക്കുകയായിരിന്നുവെന്നും
തത്ഫലമായി മകളെ തിരികെ ലഭിച്ചുയെന്നുമാണ് പിതാവ് ഖൌദര്‍ എസ്സോയുടെ വെളിപ്പെടുത്തല്‍. കുടുംബ സുഹൃത്തും സിറിയന്‍ കത്തോലിക്കാ പുരോഹിതനുമായ ഫാദര്‍ ഇഗ്നേഷ്യസ് ഓഗ്യുമായി അഭിമുഖത്തിലൂടെയാണ് ഈ അത്ഭുതത്തെക്കുറിച്ച് ലോകമറിഞ്ഞത്.

2014 ഓഗസ്റ്റില്‍ ഐ‌എസ് തീവ്രവാദികള്‍ വടക്കന്‍ ഇറാഖില്‍ ആക്രമണം നടത്തിയപ്പോള്‍ ക്രിസ്റ്റീനക്ക് 3 വയസ്സായിരുന്നു പ്രായം. ബാഖ്ഡിഡയില്‍ നിന്നും പോകുന്ന ബസ്സില്‍ കയറുക അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറാവുക എന്നാണ് തീവ്രവാദികള്‍ ക്രിസ്റ്റീനയുടെ കുടുംബത്തോട് പറഞ്ഞത്. വേറെ നിവൃത്തിയില്ലാത്തതിനാല്‍ അവര്‍ ബസ്സില്‍ കയറുകയായിരിന്നു. ബസ്സ്‌ പോകുന്നതിനു തൊട്ടുമുന്‍പ് അമ്മയുടെ കയ്യില്‍ ഇരുന്ന ക്രിസ്റ്റീനയെ ഐ‌എസ് തീവ്രവാദികളില്‍ ഒരാള്‍ ബലമായി പിടിച്ചുവാങ്ങുകയായിരിന്നു. പിന്നീട് അവളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

അവളുടെ പിതാവായ ഖൌദര്‍ എസ്സോ തന്റെ പ്രതീക്ഷ കൈവിടാതെ പ്രാര്‍ത്ഥനയോടൊപ്പം തന്റേതായ രീതിയില്‍ അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. പിന്നീട് പ്രദേശത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ ഒരു തീവ്രവാദിക്കൊപ്പം ക്രിസ്റ്റീനയെ കണ്ടു എന്ന് അദ്ദേഹത്തിന് അറിവ് കിട്ടി. എന്നാല്‍ അവരുമായി ബന്ധപ്പെടുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. അവളെ തിരിച്ചുകിട്ടുവാന്‍ പ്രാര്‍ത്ഥനയല്ലാതെ മറ്റൊരു മാര്‍ഗ്ഗമൊന്നുമില്ലായെന്ന് തിരിച്ചറിഞ്ഞ ആ പിതാവ് അവളുടെ വരവിനായി തുടര്‍ച്ചയായി ജപമാല ചൊല്ലുവാന്‍ ആരംഭിക്കുകയായിരിന്നു. 5 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖൌദര്‍ എസ്സോയുടെ കുടുംബ സുഹൃത്തില്‍ നിന്നും ക്രിസ്റ്റീന മൊസൂളിലെ ഒരു മുസ്ലീം കുടുംബത്തില്‍ ഉണ്ടെന്ന അറിവ് അവര്‍ക്ക് കിട്ടി.

യുദ്ധം അവസാനിച്ചതിനു ശേഷം അവളെ അവളുടെ മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പ്പിക്കാം എന്ന് കരുതിയാണ് മുസ്ലിം കുടുബം ക്രിസ്റ്റീനയെ തങ്ങളുടെ വീട്ടില്‍ എത്തിച്ചത്. അറബിയിലേയും, വിദേശ വാര്‍ത്താമാധ്യമങ്ങളിലൂടെ അവളുടെ കഥ പ്രചരിച്ചു. യുദ്ധം കൊടുമ്പിരിക്കൊണ്ടതിനാല്‍ ആ മുസ്ലീം കുടുംബം അവളേയും കൊണ്ട് വേറൊരു സ്ഥലത്തേക്ക് മാറിയിരിന്നു. ഇതിനാല്‍ അവളുടെ പിതാവുമായി ബന്ധപ്പെടുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് ഇരുകുടുംബങ്ങളും കണ്ടുമുട്ടിയത്. തുടര്‍ച്ചയായ പ്രാര്‍ത്ഥനക്കും ത്യാഗത്തിനും ഒടുവില്‍ ക്രിസ്റ്റീന അവളുടെ പിതാവിന്റെ കരങ്ങളില്‍ എത്തുകയായിരിന്നു. അവളുടെ ജനനവും, മാമ്മോദീസയും, ഐ‌എസ് തട്ടികൊണ്ടുപോകലും മുസ്ലീം കുടുംബത്തിന്റെ ദത്തെടുക്കലും തിരിച്ചുവരവും ക്രിസ്റ്റീനയുടെ നാലാം ജന്മമാണെന്നാണ് ഫാദര്‍ ഓഗ്ഗിയുടെ അഭിപ്രായം.

Post a Comment

Previous Post Next Post

Total Pageviews