വലിയ നോമ്പ് വരവായി. ചിലർ ഈ കാലത്തെ ശരീരത്തിന്റെ കഷ്ടകാലമായും മറ്റു ചിലർ ആത്മാവിന്റെ വസന്തകാലമായും വിശേഷിപിക്കാറുണ്ട്. എന്തായാലും ഇത് നന്നാകുവാനുള്ള കാലമാണ്.
നോമ്പ് ആരംഭിക്കുവാൻ വളരെ കുറച്ച് ദിവസങ്ങൾ മാത്രം. എന്തെല്ലാം ഉപേക്ഷിക്കണം, ഉപേക്ഷിക്കാൻ പറ്റും എന്ന കണക്കു കൂട്ടലിലാണ് ക്രൈസ്തവ കുടുംബാംഗംങ്ങൾ. മാംസം, മത്സ്യം, ആദി ഇനങ്ങൾ ആണ് കൂട്ടിയും കിഴിച്ചും നാം അമ്പതു ദിവസം മാറ്റി വയ്ക്കാൻ ശ്രമിക്കുന്നത്.
എന്നാൽ സത്യത്തിൽ നമ്മളിൽ നിന്ന് നിത്യമായും പുറത്ത് പോകേണ്ട കുറെ വൈകൃതങ്ങൾ (അവ ഏതൊക്കെയാണെന്ന് നമ്മൾക്ക് നന്നായി അറിയുകയും ചെയ്യാം), നമ്മൾക്കും അതിനെ 'ലെഗിയോൺ' എന്ന് പേരിടാം, മാർക്ക് 5: 9, അവൻ/ അവൾ മനസ്സില്ലാ മനസ്സോടെ ചുറ്റിപറ്റി നിക്കും. അല്ലെങ്കിൽ 50 ദിവസത്തേക്ക് ഈ പിശാച് അവധി എടുത്ത് പോകും. ( അതിൽ കൂടുതൽ അവധി നമ്മൾ കൊടുക്കില്ല എന്നതാണ് വാസ്ഥവം )
ചിലർ പറയും നോമ്പ് ഇടക്ക് മുറിഞ്ഞു, അല്ലെങ്കിൽ പറയും, ചെയ്യില്ല എന്നു തീരുമാനിച്ച പാപം ചെയ്തു. ഇതിനു കാരണം മറ്റൊന്നുമല്ല. നോമ്പിലെ താൽക്കാലിക തീരുമാനങ്ങളും, കാര്യം കാണാൻ ഉള്ള പ്രാർത്ഥനയും ആവാം. നോമ്പ് എടുക്കുവാൻ തീരുമാനിച്ച് വിഭൂതി തിരുന്നാളിൽ നെറ്റിയിൽ കുരിശും വരച്ച് നാം ഒരുങ്ങും. പക്ഷെ ഈശോയോട് നമ്മളിലെ 'ലെഗിയോണും' ഇങ്ങനെ കേണപേക്ഷിക്കും 'ഞങ്ങളെ ഈ നാട്ടിൽ ( വ്യക്തിയിൽ ) നിന്ന് പുറത്താക്കരുതെ, മാർക്ക് 5: 9-10, എന്ന്. ഒരു വശത്ത് മനസ്സില്ലാ മനസ്സോടെ നാം എടുക്കുന്ന നോമ്പ് തീരുമാനങ്ങൾ ( ചില വർജ്ജനങ്ങൾ, ആഗ്രഹങ്ങൾ, നിയോഗങ്ങൾ ), മറുവശത്ത് നമ്മുടെ സ്വഭാവം നന്നായി അറിയാവുന്ന നമ്മളിൽ ഉള്ള 'ലെഗിയോൺ', രണ്ടു പേരും ദൈവപുത്രന്റെ മുമ്പിൽ കേണപേക്ഷിക്കുന്നു, (മർക്കോസ് 5: 1-13 വായിക്കുക)
നോമ്പ് എടുക്കുമ്പോൾ ആരെയും കാണിക്കാനൊ അൽഭുതങ്ങൾ നടക്കാനൊ ആകരുത്. അത് തമ്പുരാന്റെ കുരിശിന്റെ വഴിയെ ചെല്ലാനുള്ള യോഗ്യതയ്ക്കു വേണ്ടി ആകണം. ബാക്കി തമ്പുരാൻ ആഗ്രഹിക്കുന്ന സമയത്ത് തന്നു കൊള്ളും. അതിന് നല്ല ഒരുക്കവും വിശ്വാസവും വേണം. അത് ഇല്ലാതെ പ്രാർത്ഥിച്ചാൽ ഈശോ ' ലെഗിയോണി' ന്റെ പ്രാർത്ഥനയും കേൾക്കും. മാർക്ക് 5.13, (അവൻ ലെഗിയോണിന് അനുവാദം നൽകി)
നോമ്പിൽ എടുക്കുന്ന തീരുമാനങ്ങളിൽ നിന്ന് എപ്പോൾ പതറി പോകുന്നോ അപ്പോൾ ഓർമ്മിക്കുക നമ്മളിൽ നിന്നും തൽക്കാലം പടിയിറങ്ങയ ലെഗിയോൺ നമ്മുടെ അടുത്തു തിരിച്ചെത്തിയിരിക്കുന്നു. അവൻ കൗശലക്കാരനാ. അവൻ തിരിച്ച് നമ്മളിൽ കയറുന്നത് ഒറ്റയ്ക്കല്ല, തന്നേക്കാൾ ഭീകരന്മാരായവരെ കൊണ്ടാണ് , മത്തായി 12:45. അതു കൊണ്ടാണ് ഈസ്റ്ററ് കഴിഞ്ഞ് ചില പ്പോൾ കൂടുതൽ കരുത്തോടെ പാപം ചെയ്യാൻ നമ്മൾ പ്രേരിതരാവുന്നത്.
അതു കൊണ്ട് നോമ്പ് എടുക്കുമ്പോൾ, വിദൂതിക്ക് കുരിശു വരക്കാൻ നന്നായി കുമ്പസാരിച്ച് ഒരുങ്ങുക. ചില പാപങ്ങൾ മറച്ചു വച്ച് കുമ്പസാരിക്കുന്നതും, പാപം ചെയ്ത് പാപബോധമില്ലാതെ ജീവിക്കുന്നതും, പാപത്തിന് 50 ദിവസത്തേയ്ക്ക് 'തൽക്കാല' വിരാമമിടുന്നതും, ചെയ്തു പോയ പാപങ്ങളെ ഓർത്ത് പശ്ചാതാപിക്കാത്തതും, ലെഗിയോൺ നമ്മുടെ ദേശം വിട്ടു പോകാതിരിക്കാൻ കാരണമാകും. നമ്മുടെയും ലെഗിയോണിൻെറയും പ്രാർത്ഥന ഒന്നാകരുത് - മർക്കോസ് 5: 1 - 18, ലൂക്കാ 11: 24-26. തൽക്കാലത്തേക്ക്, നന്നാകാൻ ആകരുത്
നമ്മൾക്ക് പ്രാർത്ഥിക്കാം : തമ്പുരാനെ എന്നിലെ തിന്മകളും ബലഹീനതകളും ഒരിക്കലും തിരിച്ച് എന്നിൽ പ്രവേശിക്കാതിരിക്കാൻ ഈ അമ്പതു നോമ്പിന്റെ ചൈതന്ന്യം എന്നിൽ നിറഞ്ഞു നിൽക്കട്ടെ.
ഫാ. സിബി ഞാവള്ളിക്കുന്നേൽ, CMF
Post a Comment