എന്റെ മകന്‍ ശാലോമിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു് ഞാന്‍ ക്ഷമിക്കുന്നു....ക്ഷമിക്കാനാണു് യേശു എന്നെ പഠിപ്പിച്ചതു് !
ഇതു് എന്റെ മകന്‍ ശാലോം. ഒരു ഡോക്ടറിന്റെ കൈപ്പിഴ എന്റെ കുഞ്ഞിന്റെ ശരീരം 80 % തളര്‍ത്തിക്കളഞ്ഞു. ഏഴു വയസ്സുള്ള എന്റെ മകന്‍ ശാലോമിനു സ്വയം നടക്കുവാനൊ, സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനൊ സാധ്യമല്ല.
ഡോക്ടര്‍മാര്‍ ചെയ്യുന്നതു് മഹത്തായ സേവനം തന്നെയാണു്. എന്നാല്‍ മനഃസാക്ഷി മരവിച്ച അനേകം ഡോക്ടര്‍മാരുണ്ടു്. അങ്ങനെയുള്ള ഡോക്ടര്‍മാര്‍ക്കു ലാഭത്തില്‍ മാത്രം ആണു് കണ്ണു്. അങ്ങനെ യുള്ള ഒരു ഡോക്ടറിന്റെ പണത്തോടുള്ള ആഗ്രഹം എന്റെ കുഞ്ഞിന്റെ ജീവിതം ആണു് തകര്‍ത്തെറിഞ്ഞതു്.
ശാലോമിന്റെ ജനനം ഒരു സര്‍ജറി വഴിയാണു് സംഭവിച്ചതു്. ഭയങ്കരമായ ബ്ളീഡിംഗ് നടക്കുമ്പോള്‍ ആണു് എന്നേ കൊട്ടാരക്കരയുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു്. ഗുരുതര അവസ്ഥയിലാണു് എന്നെ ആശുപത്രിയില്‍ അഡ്മിറ്റു് ചെയ്തതു്. എന്നാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്ന ആശുപത്രി അധികൃതര്‍ , ഡോക്ടറിനെ എത്തിച്ചതു് 3 മണിക്കൂറിനു ശേഷമാണു്. അപ്പോഴേക്കും എന്റെ കുഞ്ഞിന്റെ തലച്ചോറു ശ്വാസം കിട്ടാതെ 80% മരിക്കുകയും അവന്റെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു പോവുകയും ചെയ്തിരുന്നു. അങ്ങനെ അന്നുമുതല്‍ ഇന്നുവരെ എന്റെ മകന്‍ ശാലോം എഴുന്നേറ്റിട്ടില്ല. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി അവന്‍ ശരീരം എണ്‍പ്പതു് ശതമാനവും തളര്‍ന്നു മരിച്ചു് ജീവിക്കുകയാണു്. അങ്ങനെ ആശുപത്രി ഉടമയായ ഒരു ഡോക്ടറിന്റെ അല്പം പണത്തോടുള്ള ആഗ്രഹം എന്റെ മകന്റെ ജീവിതം തകര്‍ത്തുകളഞ്ഞു. അനസ്തേഷ്യാ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്ന ഘട്ടത്തില്‍ അവര്‍ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്കു് ഞങ്ങളെ റെഫര്‍ ചെയ്തിരുന്നുവെങ്കില്‍ ഞങ്ങളുടെ പൊന്നുമകനു് ഈ ദുര്‍ഗതി ഉണ്ടാവുമായിരുന്നില്ല.
ഞങ്ങള്‍ , ഞങ്ങളുടെ കുഞ്ഞിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുന്നു. ഡോക്ടര്‍ നിങ്ങളോടു് ഞങ്ങള്‍ക്കു് ഒരു വിരോധവും ഇല്ല. എന്നാല്‍ , ഡോക്ടര്‍, അങ്ങയോടു് ഞങ്ങള്‍ക്കു് ഒരു അപേക്ഷയുണ്ടു്, അങ്ങു് ഇനിയും പണത്തെ ഇത്രമാത്രം സ്നേഹിക്കരുതു്. ഡോക്ടര്‍.....ശാലോമിനോടു ചെയ്തതുപോലെ മറ്റൊരു കുഞ്ഞിനോടും, അങ്ങു് ഇനി ഒരിക്കലും.. ചെയ്യരുതു്. ഡോക്ടര്‍....യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ അങ്ങയോടു് ക്ഷമിക്കുന്നു....ദൈവം അങ്ങയോടു് ക്ഷമിക്കട്ടെ !!!
Jiji Sharon.
Post a Comment