കടപ്പാട്: www.lifeday.online
ക്ലാഡിയസ് രണ്ടാമന് ചക്രവര്ത്തി റോം ഭരിച്ചിരുന്ന സമയത്ത് വാലെന്റെന് മെത്രാനായിരുന്നു. ഈ ചക്രവര്ത്തി യുദ്ധ തല്പരനായിരുന്നു. വിവാഹിതരായി കുടുംബബന്ധങ്ങളിലും പ്രാരബ്ധങ്ങളിലും പെടുന്ന ചെറുപ്പക്കാരെക്കാള് പട്ടാളത്തിന് ഗുണം കൂടുതല് അവിവാഹിതര് ആയിരിക്കും എന്ന മിഥ്യാ ധാരണ കൊണ്ട് ചെറുപ്പക്കാരുടെ വിവാഹം നിര്ത്തലാക്കി. തീര്ത്തും ന്യായവിരുദ്ധമായ ഈ കാര്യത്തിനു കൂട്ട് നില്ക്കാന് ആ കത്തോലിക്ക വൈദികന് സാധിച്ചില്ല. അദ്ദേഹം കല്യാണങ്ങള് നടത്തി കൊടുത്തു. ഇതറിഞ്ഞ ക്ലാഡിയസ് ചക്രവര്ത്തി ആ പുണ്യവൈദികനെ ജയിലില് അടച്ചു (ക്രിസ്ത്യാനി ആയിരുന്ന വാലെന്റെന് റോമന് പാഗനിസം സ്വീകരിക്കാതിരുന്നതും കാരണമായി പറയപ്പെടുന്നുണ്ട്).
ജയിലില് ആയിരുന്ന കാലത്ത് ജയിലര് ആയിരുന്ന ആസ്റ്റെരിയസിന്റെ മകളായ ജൂലിയയുടെ ജീവിതത്തില് അദ്ദേഹത്തിന്റെ പ്രാര്ത്ഥനശക്തിയാല്- ദൈവാനുഗ്രഹത്താല് വലിയൊരു അത്ഭുതം സംഭവിച്ചു. അന്ധയായിരുന്ന ജൂലിയക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടി. (പാഗനിസത്തില് നിന്നും മാറി ജയിലറും കുടുംബാങ്ങഗളും ക്രിസ്തുമതം സ്വീകരിച്ചു). വൈദികനെ ചക്രവര്ത്തി വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് മുന്പ് ആ മഹാനായ വ്യക്തി ജൂലിയക്ക് ഒരു കുറിപ്പ് എഴുതി Your Valentine എന്ന് ഒപ്പ് വച്ചു. (തീര്ത്തും സ്വാഭാവികം. അദ്ദേഹത്തിന്റെ പേര് അതായിരുന്നല്ലോ).
ഈ ഒരു കാരണത്താല് എങ്ങനെ valentine പ്രണയമായി, ഇപ്പോഴത്തെ ഈ ദിവസവുമായി ബന്ധപ്പെട്ട പ്രണയ സന്ദേശങ്ങളില് എല്ലാം ‘From Your Valentine’ എന്നായി. ഉത്തരം കിട്ടുന്നില്ല. അനാവശ്യ സമ്മാനങ്ങള് കൈമാറാനും യുവതലമുറയെ തെറ്റിധാരണയിലേക്കും നയിക്കപ്പെടാനും (വഴി തെറ്റിക്കാനും) ഈ വിശുദ്ധന്റെ നാമം ഉപയോഗിക്കുന്നവരോട് സര്വശക്തന് പൊറുക്കട്ടെ.
മറ്റൊരു തരത്തില് നമുക്ക് ഈ ദിവസത്തെ കാണാം. ദൈവസ്നേഹത്തിന് സ്വന്തം ജീവനെക്കാള് പ്രാധാന്യം കൊടുത്ത വാലെന്റെന്. കൂടാതെ സ്വന്തം ജീവനെക്കാള് ബന്ധങ്ങള്ക്ക് പ്രാധാന്യം കൊടുത്തു വിവാഹം എന്ന കൂദാശയ്ക്ക് വേണ്ടി ജീവിതം ഹോമിച്ച വാലെന്റെന്. ഒരു കാര്യം എടുത്തു പറയുന്നു, പ്രണയം എന്നത് മനുഷ്യസ്നേഹത്തിന്റെ ഒരു വലിയ ഭാവമാണ്. വിശുദ്ധിയുടെ മുഖമുദ്ര ആവശ്യം വേണ്ടുന്ന ഭാവം. വിവാഹേതര പ്രണയവും, വിവാഹപൂര്വ പ്രണയവും ആ ഭാവത്തിലെ വിശുദ്ധിയുടെ ദൈവികത നഷ്ടപ്പെടുത്തും. ഈ ദിവസം ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും സന്ദേശങ്ങള് കൈമാറാം.
ഈ valentine dayയുടെ പ്രണയാഘോഷങ്ങളുടെ പുറകില് നമുക്ക് ഒരിക്കലും യോജിക്കാന് സാധിക്കാത്ത ഒരു പ്രാകൃത പാഗന്ആഘോഷം ഉണ്ട്. ഫലപുഷ്ടിയുടെ/ വിളവിന്റെ ആഘോഷമായ Lupercalia. ആ ആഘോഷത്തിന്റെ അവസാനമുള്ള ഒരു ചടങ്ങിനെ ശുദ്ധികരിച്ചെടുത്ത മഹത് വ്യക്തിയാണ് പോപ്പ് Gelasius ഒന്നാമന്. ക്രിസ്തീയതയുടെ നന്മയോര്ത്ത് നമുക്ക് അഭിമാനിക്കാം.
പിന്നെ ചെറിയൊരു പ്രണയത്തിന്റെ ചായ്വ് ഈ ദിനത്തിന് ഉള്ളത് പക്ഷികളിലൂടെയാണ്. മധ്യകാലഘട്ടത്ത് ഫ്രാന്സിലെയും യൂറോപ്പിലെയും ഇംഗ്ലണ്ടിലെയും ഒക്കെ വിശ്വാസം പക്ഷികള് ഇണയെ കണ്ടെത്തുന്നത്/ ഇണചേരാന് തുടങ്ങുന്നത് ഈ ദിവസം എന്നാണ്.
1415ല് ലണ്ടനില് യുദ്ധത്തില് ജയിലില് ആക്കപ്പെട്ട ചാള്സ് പ്രഭു തന്റെ ഭാര്യക്ക് എഴുതിയ പ്രണയഗീതമാണ് ആദ്യത്തെ valentine സന്ദേശമായി പരിഗണിക്കുന്നത്. ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ലൈബ്രറിയില് സൂക്ഷിച്ചിരിക്കുന്നു അത്.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നിര്ത്തുന്നു. ഈശോയ്ക്കു വേണ്ടി, സ്വന്തം വിശ്വാസം സംരക്ഷിക്കാന് വേണ്ടി, വിവാഹം എന്ന കൂദാശയ്ക്ക് വേണ്ടി ജീവിതം ത്യജിക്കാന് തയ്യാറായ ആ വിശുദ്ധനെ നമുക്ക് സ്മരിക്കാം. വിവാഹബന്ധത്തിന്റെ ദൈവികത നമുക്ക് മനസ്സിലാക്കാം, വിശ്വാസതീക്ഷ്ണത ഹൃദയത്തില് ആളികത്തിക്കാം, ദൈവസ്നേഹത്താല് ജീവിതം ദീപ്തമാക്കാം.വിശുദ്ധിയുള്ള എല്ലാ ബന്ധങ്ങളും valentine ആണ്. ഓരോ ബന്ധങ്ങളുടെയും പവിത്രത നിലനിര്ത്താം. വിവാഹം കഴിക്കാത്ത കമിതാക്കളുടെ അല്ല, വിവാഹത്തിന് ഒരുങ്ങുന്നവരുടെ, വിവാഹത്തിലൂടെ പ്രണയത്തിലേക്ക് പ്രവേശിച്ചവരുടെ മധ്യസ്ഥനാണ് ആ വിശുദ്ധന്. സഭയുടെ പഠനങ്ങളില് ഉറച്ചു നില്ക്കാം.
നമ്മുടെ ഏറ്റവും വലിയ valentineയെ ചങ്കില് ചേര്ത്തു പിടിക്കാം. ജീവിതം പൂര്ണമായി വിട്ടു കൊടുക്കാം, സമര്പ്പിക്കാം. നമ്മുടെ അവസാനശ്വാസം വരെ ഏറ്റവും അധികമായി സ്നേഹിക്കാനുള്ള കൃപയ്ക്കായി പ്രാര്ത്ഥിക്കാം. ആ സ്നേഹത്തെ ഓരോ നിമിഷവും തിരിച്ചറിയാം.
റോസ് മരിയ/ അച്ചു
കടപ്പാട്: www.lifeday.online
Post a Comment