കലഹിക്കുന്നതിനും ശണ്‌ഠകൂടുന്നതിനും ക്രൂരമായി മുഷ്‌ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല.
ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്?
ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?
ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍െറ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
അപ്പോള്‍, നിന്‍െറ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്‍െറ നീതി നിന്‍െറ മുന്‍പിലും കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ പിന്‍പിലും നിന്നെ സംരക്‌ഷിക്കും.
നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക.
വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്‍െറ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും. നിന്‍െറ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്‍െറ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
നിന്‍െറ പുരാതന നഷ്‌ടശിഷ്‌ടങ്ങള്‍ പുനരുദ്‌ധരിക്കപ്പെടും. അനേകം തലമുറകളുടെ അടിസ്‌ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്‌ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും.
സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്‍െറ വിശുദ്‌ധ ദിവസത്തില്‍ നിന്‍െറ ഇഷ്‌ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്‍െറ വിശുദ്‌ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്‍െറ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്‍െറ താത്‌പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക.
അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്‌ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്‌ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്‍െറ പിതാവായ യാക്കോബിന്‍െറ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്‌തിരിക്കുന്നത്.
ഏശയ്യാ 58:4-14
Post a Comment