ഞാൻ ഇത് എഴുതുന്നത് എനിക്ക് ജീവാലയയിൽ നിന്നും ലഭിച്ച ധ്യാന അനുഭവം നിങ്ങളോട് പങ്കു വയ്ക്കുവാൻ ആണ്. ഈ മാസം 8 മുതൽ 11 വരെ ഉണ്ടായ ദമ്പതീധ്യാനത്തിൽ ഞാനും എന്റെ പങ്കാളിയും പങ്കെടുക്കുകയുണ്ടായി. ഇത്ര മനോഹരമായ ഒരു അനുഭവം എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഏത് ധ്യാനം കൂടിയവനും പിറ്റേ ദിവസം പറയുന്നതല്ലേ ഇതെന്ന് വായിക്കുന്നവരിൽ ഒരാളെങ്കിലും ചിന്തിക്കുന്നുണ്ടാകും. ജീവിതപ്രശ്നങ്ങൾ നേരിടുന്ന ഒരാളെ കണ്ടാൽ ഒരു ക്രിസ്ത്യാനി എന്നനിലയിൽ മിക്കവരും പറയുന്ന ഒരു ഉപദേശമാണ് ഒരു ധ്യാനത്തിന് പോകുക എന്നത്. അത്തരം ഉപദേശങ്ങൾ എനിക്കും ധാരാളം ലഭിച്ചിട്ടുണ്ട്. എന്നാൽ ജീവാലയയിൽ നിന്നും എനിക്ക് ലഭിച്ചത് വ്യത്യസ്തമായ ഒരു അനുഭവമാണ്.


ഇവിടെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെയുള്ള, നാം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങളിലൂടെയുള്ള ഒരു യാത്രയായിരുന്നു.. ആ യാത എനിക്ക് സ്വയം കണ്ടെത്താനും തിരുത്താനും ഒരുപാട് കാര്യങ്ങൾ നൽകുന്നതായിരുന്നു.


ക്രിസ്തീയ വിശ്വാസപ്രകാരം ഒരു വിവാഹം നടക്കുമ്പോൾ ഒരു പുതിയ കുടുംബം രൂപപ്പെടുന്നു എന്നാണല്ലോ. എന്താണ് വിവാഹം അഥവാ വിവാഹജീവിതം?. വിവാഹജീവിതത്തെ മനസ്സിലാക്കി അതിനു ഒരുങ്ങി വിവാഹം കഴിച്ച എത്രപേരെ നിങ്ങൾക്കറിയാം ? ഈ ധ്യാനത്തിലൂടെ എനിക്ക് മനസ്സിലായ ചില ആശയങ്ങൾ ഞാനിവിടെ പങ്കുവെക്കുകയാണ്.
വിവാഹം.... രണ്ടുപേർ ചേർന്ന് തുടങ്ങുന്ന ഒരു യാത്രയുടെ തുടക്കം. കുറേക്കൂടി മനോഹരമായി പറഞ്ഞാൽ ലോകമാകുന്ന സാഗരത്തിൽ അത്രനാളും രണ്ടുതോണിയിൽ യാത്രചെയ്ത രണ്ടുപേർ ഒന്നിച്ചു ഒരു പുതിയ കുടുംബമാകുന്ന തോണിയിൽ യാത്ര തുടങ്ങുന്നു.


 ഇതിലെ യാത്രക്കാരായ രണ്ടുപേരും ചേർന്ന് കുടുംബം എന്ന ഈ തോണി ലക്ഷ്യത്തിൽ എത്തിക്കും എന്നാണ് വിവാഹത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും വിശ്വാസം. മുന്നോട്ടുള്ള യാത്രയിൽ തോണി മുങ്ങാതെ നോക്കേണ്ട ഉത്തരവാദിത്വം രണ്ടു യാത്രക്കാർക്കും ഒരുപോലെയാണ്. ഏതൊരു യാത്രയിലും എന്നപോലെ ഈ യാത്രയിലും പ്രതിബന്ധങ്ങൾ ഉണ്ടാകും. ഇത്തരം പ്രതിബന്ധങ്ങളെ നമ്മൾ കുടുംബജീവിതത്തിലെ പ്രശ്നങ്ങളായി കാണുന്നു. പക്ഷേ കുടുംബജീവിതത്തിൽ രണ്ടുയാത്രക്കാരും ഒരേ മനസ്സോടെ നിന്നാൽ പുറമെനിന്ന് വരുന്നതൊന്നും പ്രശ്നങ്ങളല്ല. പിന്നെ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ, അത് ശരിക്കും രണ്ടറ്റവും തുറന്ന ഒരു ബലൂൺ പോലെയാണ്. രണ്ടുപേരും രണ്ടുവശങ്ങളിൽ നിന്ന് ശക്തിയായി ഊതി അത് വീർപ്പിക്കുന്നു. വീർത്തബലൂൺ നമ്മുടെ കാഴ്ച്ചയിൽ ഒരു വലിയ വസ്തുവാണ് പക്ഷേ സത്യത്തിൽ അതിനകത്തു നമ്മൾ ഊതി വീർപ്പിച്ച വായു മാത്രമേയുള്ളു.



പരസ്പരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരാൾ ഒന്നു പുഞ്ചിരിച്ചാൽ, പുഞ്ചിരിക്കാനായി ഊതി വീർപ്പിക്കുന്ന ബലൂണിൽ നിന്നും ചുണ്ടെടുക്കാൻ തയ്യാറായാൽ ഊതി വീർപ്പിച്ച വായു മുഴുവൻ ആ വശത്തുകൂടെ പുറത്തേക്കു പോകുന്നു.അതോടെ ആ പ്രശ്നവും ഇല്ലാതാകുന്നു. പലപ്പോഴും പ്രശ്നങ്ങൾ എന്നത് നമ്മൾ ഊതി വീർപ്പിക്കുന്ന ഈ ബലൂൺ പോലെയാണ്. രണ്ടുപേരും ഒന്നിച്ചു ഊതിയാലേ ഈ ബലൂൺ വീർക്കുകയുള്ളു. കുടുംബം എന്ന തോണി മുന്നോട്ടു പോകുവാൻ ഏറ്റവും ആവശ്യമായ ഒന്നാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നരഹിതമായ ബന്ധം. ഇത് തോണിക്ക് അകത്തെ കാര്യം. പുറത്തേക്കു നോക്കിയാൽ ഭാര്യയും ഭർത്താവും വിവാഹദിവസം വരെ മറ്റൊരു തോണിയിൽ യാത്ര ചെയ്തവരാണ്. പക്ഷേ വിവാഹശേഷം അവരുടെ സ്വന്തം കുടുംബമാകുന്ന തോണി സുഖകരമായി മുന്നോട്ടു പോകണമെങ്കിൽ അവർ മറ്റു തോണികളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കേണ്ടതുണ്ട്.
ഒരു ക്രിസ്ത്യാനിക്ക് വിവാഹം വെറും വിവാഹമല്ല, കൂദാശയായി സ്വീകരിക്കുന്ന വിവാഹം ഒരു തിരുവിവാഹമാണ്.



പക്ഷേ നാം പലപ്പോഴും അത് മറക്കുന്നു. നമ്മുടെ ജീവിതത്തിൽ ഊതിവീർപ്പിച്ച പ്രശ്നങ്ങളുമായി (ബലൂണുമായി ) നടക്കുന്ന ഒരാളെ കണ്ടാൽ നിങ്ങൾക്ക് നിസ്സംശയം അവരോടു ജീവാലയയിലെ ഈ ധ്യാനത്തെപ്പറ്റി പറയാം. കാരണം ഒരുപാട് ഊതിവീർപ്പിക്കുമ്പോൾ ആ പ്രശ്നം (ബലൂൺ ) ഭാര്യക്കും ഭർത്താവിനും ഇടയിൽ പരസ്പരം കാണാൻ കഴിയാത്തവിധം ഒരു മറ സൃഷ്ടിക്കുന്നു. ഇത്തരം അവസരങ്ങളിൽ ഈഗോ, വാശി എന്നിങ്ങനെയുള്ള പശകളും കൂടിയാകുമ്പോൾ ആഗ്രഹിച്ചാൽ പോലും ഈ ബലൂണിൽ (പ്രശ്നത്തിൽ ) നിന്നും ചുണ്ടെടുക്കാൻ കഴിയാത്ത ഒരു അവസ്ഥ വരും. അത്തരം ഒരവസ്ഥയിൽ ആ പ്രശ്നം ഒന്നു ഒഴിവാക്കിക്കിട്ടാൻ മൂന്നാമതൊരാൾ വേണ്ടിവരും. അതിന് ഏറ്റവും അനുയോജ്യരായവരാണ് ജീവാലയയിൽ ഈ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. പരസ്പരം മുറിവേൽക്കാതെ സ്വയം മനസ്സിലാക്കി ഈഗോ, വാശി എന്നിവ ഒഴിവാക്കി സ്വന്തം മാറി അതിനൊപ്പം ഈ പ്രശ്നവും മാറ്റിയെടുക്കുവാൻ നമ്മെ പ്രാപ്തരാക്കുവാൻ കഴിവുള്ളവർ.

ഞാൻ എനിക്ക് തോന്നിയ ആശയങ്ങൾ പറഞ്ഞപ്പോൾ ചിലരെങ്കിലും കരുതുന്നുണ്ടായേക്കും അവരുടെ തോണി (കുടുംബം ) മുന്നോട്ടാണ് പോകുന്നത് സ്വന്തം യാത്രയിൽ പ്രശങ്ങൾ ഒന്നും ഇല്ല എന്ന്. പക്ഷേ നിങ്ങളോടും ഒരു വാക്ക് " തെറ്റ്‌ തെറ്റാണ് എന്ന് തിരിച്ചറിയുന്ന നിമിഷം വരെ അത് ശരിയായിരിക്കും ". നാം പലപ്പോഴും തെറ്റുകൾ ചെയ്യുന്നത് അത് തെറ്റാണ് എന്നറിയാതെയാണ്. ജീവിതയാത്രയിൽ ജയം ഒരിക്കലും ഒരാളുടേതാകരുത്. രണ്ടുപേർക്കും ഒപ്പം ജയിക്കാനാകണം. തോണി ഒരുപോലെ തുഴയാനാകണം. ഒരുപക്ഷെ നിങ്ങളുടെ തോണി മുന്നോട്ടു പോകുന്നുണ്ടാകാം, ജീവിതം സന്തോഷത്തിലുമായിരിക്കാം. എന്നാൽ ആ യാത്രക്കായി രണ്ടുപേരും ഒരുപോലെയാണോ തുഴയുന്നതു, ഒരേ ലക്ഷ്യമാണോ എന്നെല്ലാം ഒന്നു ചിന്തിക്കാൻ അതുമല്ലെങ്കിൽ വിവാഹനാളുകളിലെ തീരുമാനങ്ങൾ ഒരിക്കൽക്കൂടി ഓർത്തെടുക്കാൻ അങ്ങിനെ ജീവിതം കുറേക്കൂടി മനോഹരമാക്കുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.

പ്രശ്നങ്ങളിൽ കഴിയുന്നവർക്ക് മാത്രമല്ല ജീവിതത്തെ കുറേകൂടി ക്രിസ്തീയമാക്കി സ്വർഗീയമാക്കണം എന്നാഗ്രഹിക്കുന്നഏത് ദമ്പതികൾക്കും വളരെ സഹായകരമാണ് ജീവാലയയിലെ ഈ ധ്യാനവും ജീവാലയ നൽകുന്ന സേവനങ്ങളും. എനിക്ക് എന്നെത്തന്നെ മനസ്സിലാക്കുവാനും പങ്കാളിയെ മനസ്സിലാക്കുവാനും ഈ ധ്യാനം ഒരുപാട് ഉപകാരപ്പെട്ടു . ജീവിതത്തിലെ തിരക്കുകളിൽ നിന്നും ഒരു മൂന്നു ദിവസം മാറ്റിവക്കുവാൻ തയ്യാറുള്ളവർക്കു പിന്നീടുള്ള ജീവിതത്തിനു ഈ ധ്യാനം ഒരു മുതൽക്കൂട്ടായിരിക്കും. കാരണം ഇവിടെ ജീവിതത്തോണി തുഴയുവാൻ പഠിപ്പിക്കുന്നത് കരയിലിരുത്തിയല്ല മറിച്ചു തോണിയിലിരുത്തിയാണ്. അതുകൊണ്ടുതന്നെ ഇത് വളരെ ഉപകാരപ്രദവുമാണ്.

പങ്കാളി ദൈവത്തിന്റെ ദാനവും അനുഗ്രഹവും ആണ് എന്നതും ഇതിനേക്കാൾ നല്ല ഒരാളെ തനിക്കു പങ്കാളിയായി ലഭിക്കില്ല എന്നതും തിരിച്ചറിയുവാൻ ഈ ധ്യാനം നമ്മെ സഹായിക്കും. ഇന്ന് ഞാനെന്റെ കുടുംബജീവിതത്തിൽ ആസ്വദിക്കുന്ന സന്തോഷവും സമാധാനവും ഈ ധ്യാനത്തിന്റെ അനന്തരഫലമാണ്. ഞാൻ അനുഭവിക്കുന്ന ഈ സന്തോഷവും സമാധാനവും ക്രിസ്തീയതയിൽ ഇഴുകിച്ചേർന്ന ജീവിതവും ഈശ്വരകൃപയാൽ മറ്റെല്ലാ കുടുംബങ്ങൾക്കും ലഭിക്കാൻ ജീവാലയയും ഈ ധ്യാനവും ഒരു കാരണമാകട്ടെ എന്ന പ്രാർഥനയോടെ...


(Jeevalaya Family Park is a venture of FACE (Family Apostolate Centre Ernakulam) under the Archdiocese of Ernakulam –Angamaly for the welfare of family relationships. Jeevalaya, which means house of life, is intended to be a place where families refresh their relationships with the help of spiritual and psychological support of experts. Officially the park has been dedicated to families on 4th November 2012 by Mar Sebastian Adayanthrath, Auxiliary Bishop of Ernakualm-Angamaly.
Served by a group of experts Jeevalaya promotes a family experience. Situated on the bank of river Periyar, Jeevalaya provides a serene atmosphere to refresh family relationships. Being furnished with bath attached and clean double rooms, Jeevalaya guarantees comfortable stay.
Jeevalaya Family Park
Archdiocese of Ernakulam-Angamaly
Chengal, Kalady
Phone – 0484-2462607,9387074649
Email: jeevalayafamilypark@gmail.com)

Sanal & Josmi
St. Joseph church karayamparambu

Post a Comment

Previous Post Next Post

Total Pageviews