ബാല്യത്തിന്റെ നിഷ്കളങ്കത വിട്ടുമാറാത്ത പുഞ്ചിരിയോടെ, കൗമാരത്തിലേക്ക് ഇനിയും കടക്കാൻ മടിച്ചു നിൽക്കുന്ന ശാരീരിക പ്രത്യേകതകളോടെ സ്കൂളിൽ വരുമായിരുന്ന ചാൾസ് കഴിഞ്ഞ മൂന്നു മാസങ്ങളായി രോഗപീഠകളുടെ കഠിന കാലങ്ങൾ താണ്ടുകയായിരുന്നു. കേൾക്കുന്ന വാർത്തകൾ അത്യന്തം ഭയാനകവും നിരാശാജനകമായിരുന്നു. കുടലിലെ പരുക്കൾ വായിലേയ്ക്ക് വ്യാപിച്ച് ഭക്ഷണം കഴിക്കാൻ പാടില്ലാത്ത അവസ്ഥ.അസഹ്യമായ വേദന. ഇടയ്ക്ക് ചാൾസ് സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ട് കൈ ഒടിയുന്നു. വീട്ടിൽ കാണാൻ ചെല്ലുമ്പോൾ അതി ദാരുണമായ അവസ്ഥ. എറണാകുളത്തും ആലുവയിലും പ്രധാന ആശുപത്രികളിൽ പോയി വൻ തുക ചിലവായിരിക്കുന്നു. പിന്നെ കോട്ടയം മെഡിക്കൽ കോളേജിൽ ICU വിൽ പ്രവേശിപ്പിച്ചു എന്നാണ് കേൾക്കുന്നത്. അവസാനം ദേഹം മുഴുവൻ തളർന്നു പോയെന്നും. രോഗം പോലും കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ലെന്ന് ഡോക്ടർമാരും കൈയൊഴിയുന്നു.
മാതാപിതാക്കൾ അവനെയും കൊണ്ട് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലേയ്ക്ക് പോയി. കഴിഞ്ഞ ശനിയാഴ്ച ഉച്ച സമയത്ത് ഓഫീസിലിരിക്കുമ്പോൾ എന്റെ വാട്സ് ആപ്പിൽ ഓഫീസ് അസിസ്റ്റന്റ് അരുൺ അയച്ച ഫോട്ടോയും സന്ദേശവുമെത്തി. സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആരാധനാ സമയത്ത് തളർന്നു കിടന്ന ചാൾസ് എഴുന്നേറ്റ് നടന്ന് വേദിയിലെത്തുന്ന ചിത്രങ്ങളും സന്ദേശവും. കണ്ണ് നിറഞ്ഞു പോയി.
എനിക്കുണ്ട് ഒരു ധ്യാനാനുഭവം.2001 വേനൽ അവധിക്കാലത്ത് അഞ്ചു ദിവസം നീണ്ടു നിന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഒരാഴ്ചക്കാലം.
അത് ഒരു പുനർജനനമാണ്. ഒരു വ്യക്തിയെ ചൂഴ്ന്നു നിൽക്കുന്ന അപകർഷതാബോധങ്ങളിൽ നിന്ന് അരക്ഷിത മനോഭാവങ്ങളിൽ നിന്ന് അറപ്പ് വെറുപ്പ് ആദിയായ വേണ്ടാവിചാരങ്ങളിൽ നിന്ന് ഭയങ്ങളിൽ നിന്ന് ദുഖങ്ങളിലും സങ്കടങ്ങളിലും നിന്ന് പരാതികളിലും പരിഭവങ്ങളിലും നിന്ന്..........ഒരു പൂർണ്ണമായ വിടുതൽ. സ്വന്തം അസ്ഥിത്വത്തിന്റെ അപാരതകളെ തിരിച്ചറിയൽ. ആർക്കും തോൽപ്പിക്കാനാവാത്ത ആത്മവിശ്വാസവും കരുത്തും നേടൽ.......
ശാരീരികമായ രോഗാവസ്ഥകളായിരുന്നില്ല ചാൾസിന്റ ഗൗരവമായ പ്രശ്നം എന്ന് ഞാൻ തിരിച്ചറിയുന്നു. മാനസികവും ആത്മീയവുമായ ഉണർവ്വ് ഉണ്ടായപ്പോൾ ശരീരം, മനസ്സിന്റേയും ആത്മാവിന്റേയും ആജ്ഞകളെ അനുസരിക്കുന്നു. അത്ര തന്നെ. അതിനെല്ലാം ഉതകുന്ന 'തെറാപ്പി' യാണ് ധ്യാനകേന്ദ്രങ്ങളിലുള്ളത്.
അക്ഷരാത്ഥത്തിൽ അതൊരു ചികിൽസാ വിധിതന്നെയാണ്.
ശരീരത്തിന്റെ അല്ല. മനസ്സിന്റേയും ആത്മാവിന്റെയും ചികിത്സാ കേന്ദ്രങ്ങൾ.
Post a Comment