മിശിഹായിൽ സ്നേഹം നിറഞ്ഞവരെ, പ്രീയ ബഹുമാനപ്പെട്ട വൈദിക സഹോരന്മാരേ,
കഴിഞ്ഞ രാത്രിയിൽ മദ്ധ്യപ്രദേശിലെ സാറ്റ്ന സീറോ മലബാർ രൂപതയിൽ പ്രവർത്തിക്കുന്ന സീറോ മലബാർ മിഷൻ മേജർ സെമിനാരിയായ സെന്റ് എപ്രേം കോളേജിന്റെ റെക്ടറച്ചനും മറ്റ് ഏതാനും വൈദികരും അവിടുത്തെ ഏതാനും വൈദിക വിദ്യാർത്ഥികളും സെമിനാരിയിൽ നിന്നും ഏറെ അകലെയല്ലാതുള്ള ഒരു ഗ്രാമത്തിൽ വച്ച് മതപരിവർത്തനക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. എല്ലാ വർഷവും ചെയ്തിരുന്നതു പോലെ ഈ വർഷവും ഗ്രാമവാസികൾക്കായി ക്രിസ്തുമസ്സ് പരിപാടികൾ അവതരിപ്പിക്കാനാണ് അവർ പോയത്. എന്നാൽ അത് മതപരിവർത്തനം നടത്താനാണ് എന്ന് ആരോപിച്ചു കൊണ്ട് ഏതാനും പ്രാദേശിക നേതാക്കൾ വരുകയും ബലമായിത്തന്നെ പരിപാടി തടസ്സപ്പെടുത്തുകയും സെമിനാരിയിൽ നിന്ന് പോയവരെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു. മാത്രമല്ല അവർ അടുത്ത പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരെ വിളിച്ചു കൊണ്ട് വന്ന് അച്ചന്മാരേയും വിദ്യാർത്ഥികളേയും അറസ്റ്റ് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. അതിൻപ്രകാരം പോലീസ് പ്രവർത്തിക്കുകയും അവരെ സ്റ്റേഷനോടു ബന്ധിച്ചുള്ള ജയിലിൽ അടക്കുകയും ചെയ്തു. ക്രമേണ സ്റ്റേഷന് പുറത്ത് വലിയ ഒരു ജനക്കൂട്ടം രൂപപ്പെടുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ആ സമയം സ്റ്റേഷനിലേക്ക് വന്ന മറ്റ് വൈദികരുടെ വാഹനത്തിന് അവർ തീയിടുകയും വാഹനത്തിലുണ്ടായിരുന്നവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഒടുവിൽ പുലർച്ചയോടെ അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടു. എങ്കിലും അവരിൽ ചിലരോട് ജില്ലാ പോലീസ് അധികാരികളുടെ മുമ്പിൽ രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം അവർ പോയിരിക്കുകയാണ്. മതപരിവർത്തനം ഒന്നും നടന്നില്ലെങ്കിൽ പോലും ഒരു വൈദികനെതിരെ ഈ കുറ്റത്തിന്റെ പേരിൽ കേസെടുക്കും എന്നാണു് പോലീസ് അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കാനില്ല എന്നാണ് മനസ്സിലാക്കുന്നത്. മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഇത്തരം ആക്രമണങ്ങൾ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്നാണ്. 2021 ആകുമ്പോഴേക്കും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുക എന്ന പദ്ധതിയാണത്. ക്രമേണ അത് നമ്മുടെ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചേക്കാം.ഇത്തരുണത്തിൽ കർത്താവിൽ ആശ്രയം വച്ച് തീക്ഷ്ണമായി പ്രാർത്ഥിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. ഇന്നലത്തെ അക്രമണത്തിന് ഇരയായവരെ ഓർത്ത് നാം പ്രത്യേകം പ്രാർത്ഥിക്കണം. അതുപോലെ ആ പ്രദേശങ്ങളിലുള്ള ക്രൈസ്തവ സമുഹങ്ങളേയും നാം അനുസ്മരിക്കണം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒറീസായിലെ കണ്ഡമാലിൽ നടന്ന അക്രമണങ്ങൾ നമ്മുടെ ഓർമ്മയിലുണ്ടല്ലോ. ഈ ദിവസങ്ങളിലും തുടർന്നും ഈ നിയോഗങ്ങൾ കർത്താവിന്റെ മുമ്പിൽ നമുക്ക് സമർപ്പിക്കാം. സാറ്റ് നാ രൂപതയുടെ മെത്രാനായ അഭിവന്ദ്യ കൊടകല്ലിൽ ജോസഫ് പിതാവ് നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.
നമ്മുടെ കർത്താവിന്റെ കൃപ നിങ്ങൾക്കേവർക്കും ധാരാളമായി ലഭ്യ മാകട്ടെ.
യേശുവിൽ,
ബിഷപ്പ് ജോസ് പൊരുന്നേടം
Post a Comment