നിങ്ങളുടെ കുട്ടികള്‍ അച്ചടക്കമില്ലാത്തവരാണോ? നിങ്ങളുടെ കുട്ടിയുടെ ദുര്‍വ്വാശികളെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമത്തിലാണോ? ദുശീലങ്ങള്‍ അനുകരിക്കുന്ന മക്കളാണോ നിങ്ങള്‍ക്കുള്ളത്? ഇതിലെ ഏതെങ്കിലും ഒരു ചോദ്യത്തിന് നമ്മുക്ക് തലകുനിക്കേണ്ടി വരും. നമ്മുടെ കുട്ടികളുടെ ചില പെരുമാറ്റങ്ങളും വാശികളും കാണുമ്പോള്‍ അവരെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയുന്ന ഒരു ഉപകരണം നമ്മുടെ കയ്യില്‍ ഉണ്ടായിരുന്നുവെങ്കിലെന്ന്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാകാം. നിരാശപ്പെടാന്‍ വരട്ടെ.

ഇക്കാര്യത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. തങ്ങളുടെ മകളെ വിശുദ്ധ പദവിയിലേക്കുയരും വിധം വളര്‍ത്തിയ വിശുദ്ധരായ മാതാപിതാക്കളായ ലൂയീസ്, സെലി ദമ്പതികളും ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിട്ടവരാണ്. ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ മാതാപിതാക്കളാണ് വിശുദ്ധരായ ലൂയീസും സെലിയും. സഭാചരിത്രത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ദമ്പതികളാണ് ഇവര്‍. ഈ വിശുദ്ധ ദമ്പതികളുടെ മക്കള്‍ ദൈവത്തിനു വിധേയപ്പെട്ട് ജീവിക്കുകയും തങ്ങളുടെ ജീവിതം ദൈവസേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

രക്ഷാകര്‍തൃത്വം ഈ ദമ്പതികളെ സംബന്ധിച്ചിടത്തോളവും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുവാനായി അവര്‍ അത്യധികം കഷ്ടപ്പെട്ടു. സ്നേഹത്തിന്റേതായ ഒരു ഗൃഹാന്തരീക്ഷത്തിലാണ് അവര്‍ അവരെ വളര്‍ത്തിയെടുത്തത്. ഈ ആധുനിക കാലഘട്ടത്തില്‍ കുട്ടികളെ നന്മയുള്ളവരായി വളര്‍ത്തിയെടുക്കുവാന്‍ ആഗ്രഹിക്കുന്ന നമുക്കായി ചെറുപുഷ്പത്തിന്റെ വിശുദ്ധരായ മാതാപിതാക്കള്‍ നല്‍കുന്ന 5 പ്രായോഗിക വിദ്യകള്‍ ഇതാ :-

1) ജനിച്ച ഉടന്‍തന്നെ ഓരോ കുട്ടിയേയും ദൈവത്തിന് സമര്‍പ്പിക്കുക ‍

“കര്‍ത്താവേ, ഈ കുട്ടിയെ നിനക്ക് സമര്‍പ്പിക്കുവാനുള്ള അനുഗ്രഹം എനിക്ക് നല്‍കണമേ, ഈ കുട്ടിയുടെ ആത്മാവിനെ ഒന്നും തന്നെ കളങ്കപ്പെടുത്തരുതേ” എന്ന പ്രാര്‍ത്ഥനയോടെ തങ്ങള്‍ക്കുണ്ടായ ഓരോ കുട്ടിയേയും ദൈവത്തിന് സമര്‍പ്പിക്കുന്ന പതിവ് സെലിക്കുണ്ടായിരുന്നു. തന്റെ ഓരോ കുട്ടിയും വിശുദ്ധന്‍ അഥവാ വിശുദ്ധ ആകണമെന്ന് സെലി ആഗ്രഹിച്ചിരുന്നു. പിന്നീടാകട്ടെ എന്ന് കരുതിയിരിക്കാതെ അവള്‍ അതിനുവേണ്ടി യത്നിക്കുവാന്‍ തുടങ്ങി. പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ സമര്‍പ്പണ രീതി നാമും പിന്തുടരേണ്ടിയിരിക്കുന്നു. ഈ സമര്‍പ്പണത്തിന്റെ ഫലങ്ങള്‍ ഉടന്‍ തന്നെ ലഭിച്ചുവെന്ന് വരികയില്ല. എങ്കിലും വിശ്വാസത്തോടെ പ്രാര്‍ത്ഥനയോടെ ദൈവം നല്‍കുന്ന കുഞ്ഞിനെ അവിടുത്തെ സന്നിധിയില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ ഈശോയുടെ മകനായി മകളായി വളരട്ടെ.

2) കവിഞ്ഞൊഴുകുന്ന വാത്സല്യത്തോടെ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുക ‍

പുറമേ പരുക്കനായിരുന്നുവെങ്കിലും തന്റെ പിതാവ് അതിയായി സ്നേഹിച്ചിരുന്നതെന്നും മൃദുലമായ ഹൃദയത്തോടെയാണ് പെരുമാറിയിരുന്നതെന്നും ഒരമ്മയുടെ ഹൃദയത്തിനും അദ്ദേഹത്തെ കവച്ചുവെക്കാന്‍ കഴിയുകയില്ലായെന്നുമാണ് മകളായ സെലിന്‍ തന്‍റെ പിതാവിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. തന്റെ കുട്ടികളെ ചെറിയ ഓമനപ്പേരുകള്‍ വിളിച്ചുകൊണ്ടാണ്‌ ലൂയി തന്റെ സ്നേഹം കുട്ടികളോട് പ്രകടിപ്പിച്ചിരുന്നത്.


തന്റെ മക്കളായ മേരിയെ ‘രത്നമെന്നും’, പൌളിനെ ‘മുത്തെന്നും’ സെലിനെ “ധീരയെന്നും’ 'നല്ല ഹൃദയമുള്ള ലിയോണി'യെന്നും, തെരേസിയെ ‘കൊച്ചു രാജ്ഞി’,എന്നുമാണ് അദ്ദേഹം വിളിച്ചിരുന്നത്. ഒരുപാട് സ്നേഹം നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കരുത്‌. വളരെയേറെ വാത്സല്യത്തോടെയാണ് ലൂയീസും, സെലിയും തങ്ങളുടെ കുട്ടികളെ സ്നേഹിച്ചത്. തങ്ങളുടെ സ്നേഹം കുട്ടികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതേ അനുഭവം പകരാന്‍ നമ്മുക്കും സാധിക്കണം. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അവരെ ലാളിക്കുവാനും സ്നേഹിക്കുവാനും നാം സമയം കണ്ടെത്തണം.

3) നിങ്ങളുടെ കുട്ടി എത്ര ദുര്‍വാശിക്കാരനാണെങ്കിലും അസ്വസ്ഥനാകരുത്. ‍

തന്റെ കുട്ടി വാശിപിടിക്കുമ്പോള്‍ ഒരിക്കലും വിഷമിക്കരുതെന്നാണ് സെലി തന്റെ സഹോദരന് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. "നിന്റെ ജിയാന്നെ (മകള്‍) ദേഷ്യപ്പെടുന്നത് കാണുകയാണെങ്കില്‍ നീ അസ്വസ്ഥനാകരുത്. ഒരു നല്ല കുട്ടിയായി വളരുന്നതിന് അവളുടെ ആ ദേഷ്യപ്പെടല്‍ തടസ്സമാവുകയില്ല. എന്റെ പൗളിന്‍ രണ്ടു വയസ്സുവരെ ഇതുപോലെ തന്നെയായിരുന്നു. ഞാന്‍ അവളെ ഓര്‍ത്ത് എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്നറിയാമോ - ഇപ്പോള്‍ അവളാണ് എന്റെ ഏറ്റവും നല്ല കുട്ടി. ഞാന്‍ അവളെ ഒരിക്കലും മോശം മകളായി കണക്കാക്കിയിട്ടില്ല."

മാര്‍ട്ടിന്‍- സെലി ദമ്പതികള്‍ക്ക് കുസൃതിക്കാരിയായ പൗളിനെ മാത്രം നോക്കിയാല്‍ പോരായിരുന്നു. മറ്റ് മക്കളെയും ശ്രദ്ധിക്കണമായിരിന്നല്ലോ. തെരേസും, അവളുടെ സഹോദരി ലിയോണിയും ആ മാതാപിതാക്കളെ അസ്വസ്ഥയാക്കിയിരുന്നു. എന്നിരുന്നാലും സെലിയും, ലൂയീസും പൗളിന്റെ മാറ്റത്തിനായുള്ള തങ്ങളുടെ പ്രയത്നം ഉപേക്ഷിച്ചില്ല. പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല. ഈ മാതൃക നമ്മുക്കും പാഠമാണ്. മക്കളുടെ സ്വഭാവ വൈകല്യങ്ങളെ പ്രതി അസ്വസ്ഥപ്പെടാതെ അവരുടെ മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക. ശാന്തതയോടെ പ്രയത്നിക്കുക.

4) കുട്ടികളുടെ മുന്‍പില്‍ നിങ്ങള്‍ കാരുണ്യത്തിന്റെ മാതൃകയാവുക ‍

നമ്മുടെ ഓരോ പ്രവര്‍ത്തിയും നമ്മുടെ മക്കള്‍ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ഇക്കാര്യം ഇന്നു പല മാതാപിതാക്കളും മറന്നുപോകുന്ന ഒരു വസ്തുതയാണ്. നല്ലതായാലും, ചീത്തയായാലും അവര്‍ അത് അനുകരിക്കുന്നു. കാരണം അവരുടെ മുന്നില്‍ അത് മാതാപിതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാവും വിധമാണ് വിശുദ്ധരായ സെലി - മാര്‍ട്ടിന്‍ ദമ്പതികള്‍ ജീവിച്ചത്.

മറ്റുള്ളവര്‍ തന്റെ പിതാവിനോട് ദേഷ്യപ്പെട്ടിരുന്ന അവസരത്തില്‍ പോലും തന്റെ പിതാവ് എത്രമാത്രം ശാന്തനായിരുന്നുവെന്ന് മകളായ സെലിന്‍ എഴുതിയ ഈ എഴുത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. "ഒരിക്കല്‍ അദ്ദേഹം എന്നെയും കൂട്ടി ലിസ്യൂവിലെ പ്രധാന തെരുവില്‍ വീട്ടുവാടക പിരിക്കുവാന്‍ പോയി; ഒരു സ്ത്രീ വീട്ടുവാടക തരുവാന്‍ കൂട്ടാക്കാതെ അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു. ഒടുവില്‍ ആ സ്ത്രീ ഓടിപ്പോയി. ഞാന്‍ ശരിയ്ക്കും പേടിച്ചു പോയി. എന്നാല്‍ എന്റെ പിതാവ് ശാന്തനായിരുന്നു. അദ്ദേഹം യാതൊന്നും പറഞ്ഞില്ല. അവളുടെ ആ പ്രവര്‍ത്തിയില്‍ അദ്ദേഹം ഒരിക്കല്‍ പോലും പരാതി പറയുകപോലും ചെയ്തില്ല."

ഇത് വലിയ ഒരു സന്ദേശമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും കുടുംബത്തില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവമാണോ നമ്മുക്ക് ഉള്ളത്? അതോ ശാന്തതയോടെ നേരിടുന്ന സ്വഭാവമാണോയുള്ളത്? നമ്മുടെ ഈ സ്വഭാവ സവിശേഷതയാണ് നമ്മുടെ മക്കള്‍ അനുകരിക്കുക. നമ്മള്‍ തന്നെ അവര്‍ക്ക് കാണിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ എപ്രകാരമാണ് മറ്റുള്ളവരോട് ക്ഷമയും കരുണയുമുള്ളവരായി പെരുമാറുക? അതിനാല്‍ കരുണയുടെയും എളിമയുടെയും പ്രവര്‍ത്തികള്‍ അനുകരിക്കുക. തീര്‍ച്ചയായും ഇതിനെ സ്വാംശീകരിക്കുവാന്‍ നിങ്ങളുടെ മക്കളും തയാറാകും.

5) കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുവാന്‍ സമയം കണ്ടെത്തുക

തന്റെ അമ്മയെക്കുറിച്ച് സെലിന്‍ എഴുതിയിരിക്കുന്നത് നോക്കാം: "ഒരുപാടു ജോലികള്‍ ചെയ്യുവാനുണ്ടെങ്കിലും അമ്മ പലപ്പോഴും ഞങ്ങള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടു. അപ്പനും കളികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഞങ്ങള്‍ക്കായി ചെറിയ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുകയും, കളിക്കുകയും, ഞങ്ങളോടൊപ്പം പാട്ടുപാടുകയും ചെയ്തു". കുട്ടികള്‍ക്കൊപ്പം കളിക്കാതെ, അവരെ ടെലിവിഷന്റെ മുന്നില്‍ പിടിച്ചിരുത്തുക. ഇന്ന് പല മാതാപിതാക്കളും അനുവര്‍ത്തിക്കുന്ന കാര്യമാണിത്. കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതെ അവരെ ടെലിവിഷനില്‍ മുന്നില്‍ പിടിച്ചിരിത്തുന്നത് ഒരുതരത്തില്‍ ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടമാണ്. ഇതില്‍ ഒരു തിരുത്തല്‍ വേണ്ടത് അത്യാവശ്യമല്ലേ? ലൂയീസ്, സെലി ദമ്പതികളെ പോലെ മക്കളോടൊപ്പം ചിരിക്കുവാനും കളിക്കുവാനും സമയം കണ്ടെത്തുക. അത് അവരില്‍ വരുത്തുന്ന മാറ്റം ചെറുതായിരിക്കില്ല.

വിശുദ്ധരായ ഈ മാതാപിതാക്കളുടെ നുറുങ്ങ് വിദ്യകള്‍ ഒരുപക്ഷേ ലളിതമെന്നു നമ്മുക്ക് തോന്നാം. എന്നാല്‍ പലപ്പോഴും തിരക്കുകള്‍ കൊണ്ടും ജീവിതവ്യഗ്രത കൊണ്ടും നാം കണ്ടില്ലെന്ന്‍ നടിക്കുന്ന കാര്യങ്ങളായിരിക്കും ഇവ. എന്നാല്‍ ഇവയ്ക്കുള്ള പ്രാധാന്യം സ്വജീവിതം കൊണ്ട് തെളിയിച്ചവരാണ് ലൂയീസ്- സെലി ദമ്പതികള്‍. അല്‍പ്പം സമയമെടുക്കുമെങ്കിലും ഈ നുറുങ്ങുവിദ്യകള്‍ നമ്മുടെ കുട്ടികളില്‍ ഒരുപാട് മാറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തുവാന്‍ ലൂയീസ്- സെലി ദമ്പതികളുടെ മാദ്ധ്യസ്ഥം നമ്മുക്ക് യാചിക്കുകയും ചെയ്യാം.

കടപ്പാട് : www.pravachakasabdam.com


Post a Comment

Previous Post Next Post

Total Pageviews