ആകാശപ്പറവകളുടെ ആദ്യകൂട്ടുകാരന്‍ ഫാ. ജോര്‍ജ് കുറ്റിക്കലുമായി കാരുണികന്‍ പത്രാധിപര്‍ ഡോ. ജേക്കബ് നാലുപറയിൽ 2016 ഒക്ടോബറില്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
? ഈ ശുശ്രൂഷയ്ക്ക് കത്തോലിക്കാ സഭയില്‍ നിന്നും അങ്ങ് പ്രതീക്ഷിക്കുന്ന സഹായം എന്താണ്?
മൂന്ന് പ്രധാനപ്പെട്ട സഹായങ്ങളാണ് സഭയുടെ ഭാഗത്തുനിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നാലുപറയിലച്ചന് ഇതിന്റെ ഗൌരവം മനസ്സിലാക്കാനാവും. ഒന്നാമതായി, ശുശ്രൂഷകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ശക്തി ലഭിക്കുന്നത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്. അതിനാല്‍ ഞങ്ങളുടെ സെന്ററുകളില്‍ കുര്‍ബാന അര്‍പ്പിക്കാനുള്ള അനുവാദവും, പ്രോത്സാഹനവും, സഹായവും ലഭിച്ചാല്‍ ശുശ്രൂഷ ബലപ്പെടും.
രണ്ടാമതായി, ഇവിടെയുള്ള ദരിദ്രരും മാനസികരോഗികളുമെല്ലാം പരിശുദ്ധാത്മാവില്‍ ഞങ്ങളുടെ അപ്പനും അമ്മയും മക്കളുമാണ്. അതിനാല്‍ അവരില്‍ ഒരാള്‍ മരിക്കുമ്പോള്‍ എവിടെയെങ്കിലും കൊണ്ടു പോയി കുഴിച്ചിടുന്നത് അവര്‍ മരിക്കുന്നതിനേക്കാള്‍ വേദനാജനകമാണ് ഞങ്ങള്‍ക്ക്. അതിനാല്‍ ഇടവക സെമിത്തേരികളില്‍ ഇവരെ മാന്യമായി സംസ്‌ക്കരിക്കാന്‍ സഭ അനുവദിക്കണം.
ഈ കാര്യത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യം കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കല്ലേല്‍ ഇടവക വികാരിയുടെ സമീപനമാണ്. അവിടെ ഇടവക സെമിത്തേരിയില്‍ സംസ്‌ക്കരിക്കാനുള്ള സംവിധാനം അദ്ദേഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നാമതായി, സഭാനേതൃത്വത്തിന്റെയും സഭാംഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതായ ഒരു കാര്യമാണ്. തെരുവില്‍ നിന്നും കിട്ടുന്ന മക്കളെ കൊണ്ടുവന്ന് മുടിവെട്ടി, ഷേവ് ചെയ്ത്, കുളിപ്പിച്ച് വൃത്തിയാക്കി ഞങ്ങള്‍ ദിവ്യകാരുണ്യ ഉത്സവം നടത്താറുണ്ട്. അത്തരം ഉത്സവങ്ങളില്‍ പലപ്പോഴും അഭിവന്ദ്യ പിതാക്കന്മാര്‍ പലരും വന്ന് മക്കളുടെ കൂടെയിരുന്ന് ഭക്ഷിക്കാറുണ്ട്. അത് സമൂഹത്തിന് വലിയ നന്മയും സാക്ഷ്യവുമാണ്. അതുപോലെ ഈ മക്കളുടെ വിവാഹം നടക്കുമ്പോള്‍ അത് ആശീര്‍വദിക്കാന്‍ പിതാക്കന്മാര്‍ വന്നാല്‍ നന്നായിരിക്കും.
മറ്റൊരു കാര്യം മക്കളെ സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കുട്ടികളെയുംകൊണ്ട് മതാധ്യാപകര്‍ വരുന്നതാണ്. കുട്ടികള്‍ പറയാറുണ്ട്, ഞങ്ങള്‍ക്ക് ക്രിസ്തീയതയുടെ തിയറി വേദപാഠക്ലാസില്‍ നിന്ന് കിട്ടി. അതിന്റെ പ്രായോഗികാനുഭവം തെരുവുമക്കളെ ശുശ്രൂഷിച്ചപ്പോള്‍ കിട്ടി. ഇങ്ങനെ മക്കളെ ശുശ്രൂഷിക്കാന്‍ വരുന്ന സെമിനാരിക്കാരും സന്യാസാര്‍ത്ഥികളുമുണ്ട്. അവരൊക്കെ കുറെ ദിവസം ഇവരുടെ കൂടെ താമസിച്ച് ശുശ്രൂഷ ചെയ്യാറുണ്ട്. ഇറങ്ങിവന്ന് തെരുവുമക്കളെ ശുശ്രൂഷിക്കുമ്പോഴാണ് അവരില്‍ ഓരോരുത്തരിലും ക്രിസ്തുവിന്റെ മുഖം കാണാനുള്ള ആത്മീയതയിലേക്ക് നമ്മള്‍ വളരുന്നത്.
? ഗോവിന്ദച്ചാമിയുമായി അച്ചനെ ബന്ധിപ്പിച്ചുള്ള ആരോപണത്തിനു കാരണം അച്ചനും സഹപ്രവര്‍ത്തകരും സൗമ്യയുടെ ഭവനം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചതായിരുന്നു. ഇത്തരം ശുശ്രൂഷകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടാനുള്ള അപകടസാധ്യതയില്ലേ?
ദുര്‍വ്യാഖ്യാനത്തിനുള്ള അപകടസാധ്യത ഉണ്ടെന്നത് സത്യമാണ് (ഗോവിന്ദച്ചാമിയും അയാളുടെ വക്കീലുമായും ആരോപിക്കപ്പെട്ട ബന്ധം അച്ചന്‍ നിഷേധിച്ചു. അവരെയാരെയും കണ്ടിട്ടുപോലുമില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു). ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്ന് കരുതി ചെയ്യേണ്ട നന്മ നമുക്ക് ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ദൈവാത്മാവ് നമ്മെ നിര്‍ബന്ധിക്കുന്നു. അപ്പോള്‍ അതിന് എതിര് നില്‍ക്കാന്‍ നമുക്ക് ആവില്ലല്ലോ.
നാലുപറയിലച്ചന്‍ കേള്‍ക്കണം, ഒരിക്കല്‍ ചവറയില്‍ ഒരു കുടുംബം കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന് പത്രത്തില്‍ വായിച്ചു. അപ്പനും അമ്മയും രണ്ടുമക്കളുമായിരുന്നു. അതില്‍ ഒരു കുഞ്ഞ് മരിച്ചു. അപ്പനെ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും അറസ്റ്റ് ചെയ്തു ജയിലിലാക്കി. മറ്റേതൊരു വാര്‍ത്തയും പോലെ ആദ്യം ഞാനതു വായിച്ചു.
കുറേക്കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. തകര്‍ന്നിരിക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. അങ്ങോട്ടുപോകണമെന്ന് ദൈവാത്മാവ് പ്രേരിപ്പിച്ചു.
ചവറയിലെത്തി പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. അപ്പന്‍ കൊല്ലം സബ് ജയിലിലാണ്. അമ്മ അമ്പിളി ശങ്കേഴ്‌സ് ആശുപത്രിയിലും. ആശുപത്രിയിലെത്തി അമ്പിളിയെ ആശ്വസിപ്പിച്ചു; ധൈര്യം പകര്‍ന്നുകൊടുത്തു. ഒരു ഇല കൊഴിഞ്ഞാലും പുതിയ ഇലകള്‍ വരുമല്ലോ. ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതുകൊണ്ട് ലോകം അവസാനിക്കുന്നില്ലല്ലോ. നാളെ യും സൂര്യന്‍ ഉദിക്കുമല്ലോ. അതിനാല്‍ അമ്പിളി, പ്രത്യാശയുള്ളവളായി ധൈര്യം സംഭരിക്കണമെന്ന് ഞാന്‍ പറഞ്ഞു.
ജയിലില്‍ പോയി ഭര്‍ത്താവിനെ ആശ്വസിപ്പിക്കണമെന്ന് അപ്പോള്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു. ജയിലില്‍ ചെന്ന് സംസാരിച്ചപ്പോഴാണ് അയാള്‍ക്ക് സ്വന്തം അച്ഛനോട് പകയും വൈരാഗ്യവുമാണെന്നറിയുന്നത്. അയാളുടെ അച്ഛനുവേണ്ടി ഞാന്‍ അയാളുടെ മുമ്പില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചു, അയാളുടെ പാദം ചുംബിച്ചു.
അതോടെ വീട്ടില്‍ പോയി അച്ഛനെയും കാണണമെന്നായി അപേക്ഷ. ഞാനുടനെ തന്നെ ആ ഗ്രാമത്തുള്ള അവരുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ അച്ഛന്‍ വീട്ടിലില്ലായിരുന്നു. കാത്തിരുന്നു കണ്ടു. അദ്ദേഹത്തെയും ധൈര്യപ്പെടുത്തി അവിടുന്ന് ഭക്ഷണവും കഴിച്ചിട്ടാണ് പോന്നത്.
ഒരിക്കല്‍ ആലപ്പുഴയില്‍ ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ഒരു കുടുംബം വിഷം കഴിച്ചെന്ന വാര്‍ത്ത അറിഞ്ഞത്. ഉടനെ അങ്ങോട്ടുപോകാനായിരുന്നു ദൈവാത്മാവിന്റെ പ്രചോദനം.
അതിനാല്‍ നമ്മുടെ പ്രവൃത്തികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടേക്കാമെന്ന് ഭയന്ന്, ചെയ്യാനുള്ള നന്മ നമുക്ക് ചെയ്യാതിരിക്കാനാവില്ലല്ലോ. കാരണം, അപകടത്തിലായിരിക്കുന്ന മനുഷ്യജീവനെയാണല്ലോ നമ്മള്‍ രക്ഷിക്കാന്‍ പരിശ്രമിക്കുന്നത്
Post a Comment