ആകാശപ്പറവകളുടെ ആദ്യകൂട്ടുകാരന്‍ ഫാ. ജോര്‍ജ് കുറ്റിക്കലുമായി കാരുണികന്‍ പത്രാധിപര്‍ ഡോ .ജേക്കബ് നാലുപറയിൽ 2016 ഒക്ടോബറില്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

? *മദര്‍ തെരേസയും* ആകാശപ്പറവകളും തമ്മിലുള്ള ബന്ധം?

ആകാശപ്പറവകളുടെ ആദ്യത്തെ ആശ്രമം ആരംഭിക്കുന്നത് മദര്‍ തെരേസായുടെ ആശീര്‍വാദത്തോടെയാണ്. മദര്‍ കത്തിച്ചു തന്ന തിരി ഏറ്റുവാങ്ങിയാണ് തൃശ്ശൂര്‍ ചെന്നായ്പ്പാറ ദിവ്യഹൃദയ ആശ്രമത്തിന് ആരംഭം കുറിച്ചത്. അതൊരു അനുഗൃഹീതമായ തുടക്കമായിരുന്നു.

? മദര്‍ എങ്ങനെ ചെന്നായ്പ്പാറയില്‍ വന്നു?

അത് വലിയൊരു അത്ഭുതമായിരുന്നു. ഞാനതുവരെ മദറിനെ അടുത്ത് കണ്ടിട്ടുപോലുമില്ല. ചെന്നൈയിലും ബെംഗലുരുവിലും നടന്ന കരിസ്മാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനുകളില്‍ മദറിന്റെ പ്രസംഗം അകലെ നിന്ന് കേട്ടിട്ടുണ്ടെന്ന് മാത്രം. അങ്ങനെയിരിക്കെയാണ് മദര്‍ കണ്ണൂരില്‍ വരുന്നുണ്ടെന്ന വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിച്ചത്. മദര്‍ തെരേസ സിസ്റ്റേഴ്‌സിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു അത്.
അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ആഗ്രഹം. ദരിദ്രര്‍ ക്കായുള്ള ഈ ശുശ്രൂഷയുടെ തുടക്കത്തിന് മദറിനെ ക്ഷണിക്കണമെന്ന്. എന്റെ ഒരു കസിന്‍ ഫാ. ഗ്രിഗരി കുറ്റിക്കല്‍ ബീഹാറിലെ ഭഗത്പൂര്‍ രൂപതയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജൂബിലിയായിരുന്നു ആ വര്‍ഷം. ഞങ്ങള്‍ വീട്ടുകാരെല്ലാവരും കൂടി ഭഗത്പൂരിലെ ജൂബിലി ആഘോഷത്തിന് പോകാനിരിക്കുകയായിരുന്നു. എനിക്ക് തോന്നി ഇതു തന്നെയാണ് കൊല്‍ക്കത്തായില്‍ പോയി മദറിനെ ക്ഷണിക്കാനുള്ള അവസരമെന്ന്.
പക്ഷേ അപ്പോഴാണ് കേട്ടത് മദറിനെ ഏതൊരു പരിപാടിയ്ക്ക് ക്ഷണിക്കണമെങ്കിലും സ്ഥലത്തെ മെത്രാന്റെ കത്ത് വേണമെന്ന്. അന്ന് ജോസഫ് കുണ്ടുകുളം പിതാവായിരുന്നു തൃശൂര്‍ മെത്രാന്‍. ഞാന്‍ പിതാവിനോട് എന്റെ ആഗ്രഹം പറഞ്ഞു.

അത് കേട്ടതേ പിതാവ് പറഞ്ഞു: ''അച്ചന്‍ കൊല്‍ക്കത്തായ്ക്കു പോകണം. മദറിനെ ക്ഷണിക്കണം. മദര്‍ വരും.'' പിതാവിന് നല്ല വിശ്വാസമായിരുന്നു അക്കാര്യത്തില്‍.
അന്നത്തെ ചാന്‍സലറച്ചന്‍ എന്റെ സഹപാഠിയായിരുന്നു. കത്ത് തയ്യാറാക്കി കിട്ടാനായി ഞാന്‍ അച്ചന്റെ അടുത്തു ചെന്നു. പക്ഷേ എന്നോടുള്ള സ്വാതന്ത്ര്യം കൊണ്ട് അദ്ദേഹം മടിച്ചു - കുറ്റിക്കലച്ചാ, ഈ കാര്യത്തിന് മദറൊന്നും വരാന്‍ പോകുന്നില്ല. ഇതുവരെ കെട്ടിടം പോലും പണിതിട്ടില്ല. വെറുതെ കിടക്കുന്ന കുറേസ്ഥലം മാത്രം. ഫലശൂന്യമായൊരു കത്ത് വെറുതെ എന്തിനാ നമ്മള്‍ തയ്യാറാക്കുന്നേ? ഇങ്ങനെ പറഞ്ഞ് അച്ചന്‍ എന്നെ നിരുത്സാഹപ്പെടുത്തി.

ഞാന്‍ പിന്നെയും കുണ്ടുകുളം പിതാവിനെ സമീപിച്ചു കാര്യം പറഞ്ഞു. പിതാവ് ഇന്റര്‍കോമെടുത്ത് അച്ചനോട് പെട്ടെന്ന് കത്ത് തയ്യാറാക്കികൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെയാണ് ക്ഷണക്കത്ത് തയ്യാറാകുന്നത്.

ഞാനീ കാര്യം ഭഗത്പൂരിലെ അച്ചന്മാരോട് പറഞ്ഞപ്പോള്‍ അവരും എന്നെ നിരുത്സാഹപ്പെടുത്തി, അച്ചന് വട്ടാണ്. മദറല്ലേ ഈ ചെറിയ പരിപാടിയ്ക്ക് വരാന്‍ പോകുന്നത്? - അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അപ്പോഴും എന്റെ മനസ്സ് പറഞ്ഞു - മദര്‍ വരും.

ഞാന്‍ കൊല്‍ക്കത്തായില്‍ മദറിന്റെ മഠത്തില്‍ ചെല്ലുമ്പോള്‍ മദര്‍ സഞ്ചിയുമെടുത്ത് പുറത്തേക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു. അവിടെ കിടന്ന സ്‌കൂള്‍ ബഞ്ചുപോലെയുള്ള ഒരു ബഞ്ചിലിരുന്നാണ് ഞങ്ങള്‍ അന്ന് സംസാരിച്ചത്. ഞാന്‍ ഭിക്ഷക്കാരായ മക്കള്‍ക്കുവേണ്ടിയുള്ള ഈ ശുശ്രൂഷയെക്കുറിച്ച് വിശദമായി മദറിനോട് പറഞ്ഞു. എല്ലാം ശ്രദ്ധിച്ച് കേട്ട ശേഷം മദര്‍ പറഞ്ഞു: 'I will Come.'' ഞാന്‍ വരാമെന്നല്ല മദര്‍ പറഞ്ഞത്, മറിച്ച് ഞാന്‍ (തീര്‍ച്ചയായും) വരുമെന്നാണ്.

വരുമെന്ന് പറഞ്ഞ് പിതാവിനുള്ള മറുപടിക്കത്തും മദര്‍ തയ്യാറാക്കി എനിക്ക് ഒപ്പിട്ടു തന്നു.
തിരിച്ചെത്തിയപ്പോള്‍ എനിക്കൊരു ധ്യാനമുണ്ടായിരുന്നു. അതുകൊണ്ട് സ്‌നേഹദാസന്‍ കല്ലുപുറം ജോസിനെ ഞാന്‍ കത്തുമായി കുണ്ടുകുളം പിതാവിന്റെ അടുത്തേക്ക് അയച്ചു. കൂടെ പരിഹരിക്കപ്പെടേണ്ട പ്രായോഗികമായ ഒരു പ്രശ്‌നം കൂടി സൂചിപ്പിച്ചു. ചെന്നായ്പ്പാറയ്ക്കുള്ള റോഡ് മുഴുവന്‍ തകര്‍ന്നു കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ആ റോഡില്‍ കൂടെ മദര്‍ എങ്ങനെ ചെന്നായ്പ്പാറയില്‍ എത്തും?

അന്ന് ലീഡര്‍ കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ലീഡറും കുണ്ടുകുളം പിതാവും വലിയ സുഹൃത്തുക്കളും. അതിനാല്‍ റോഡിന്റെ കാര്യത്തില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ അതിനിടെ ഒരു ഏടാകൂടം സംഭവിച്ചു. അന്ന് മന്ത്രിസഭയിലും കോണ്‍ഗ്രസിലും പ്രതിഛായ നന്നാക്കലായിരുന്നു പ്രധാന വിഷയം. കോഴിക്കോട്ടെ ഒരു പരിപാടി കഴിഞ്ഞുവരികയായിരുന്ന ലീഡര്‍ അരമനയില്‍ പിതാവിനെ കാണാന്‍ കയറി. പിതാവ് സ്വാതന്ത്ര്യത്തോടെ കരുണാകരനെ വഴക്കു പറഞ്ഞു- അദ്ദേഹമൊരു പത്രമെടുത്തിട്ട് അത് ഇടത്തേക്ക് മടക്കിയിട്ടു പറഞ്ഞു, ഞാന്‍ ഇങ്ങോട്ടു മാറിയാല്‍ വോട്ട് ഇങ്ങോട്ടു മറിയും; എന്നിട്ട് മറുവശത്തേക്ക് മടക്കിയിട്ട് അതേ വാചകം തന്നെ ആവര്‍ത്തിച്ചു. എന്നിട്ടു പറഞ്ഞു - നിന്റെയൊരു പ്രതിഛായ നന്നാക്കല്‍. പാവങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ളതിനു പകരം ഒരു പ്രതിഛായയുമായി നടക്കുന്നു.

അങ്ങനെ വഴക്കുപറഞ്ഞു പിതാവ് ലീഡറെ ഇറക്കി വിട്ടിരിക്കുന്ന സമയമാണത്. കുണ്ടുകുളം പിതാവുമായി എങ്ങനെയെങ്കിലും അനുരജ്ഞനപ്പെടണമെന്ന് ലീഡര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനായി അന്ന് അദ്ദേഹം കൃഷ്ണകുമാറിനെ തൃശൂര്‍ക്ക് അയച്ചു.
കൃഷ്ണകുമാര്‍ പിതാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ പിതാവ് പറഞ്ഞു, ശരി, എങ്കില്‍ ഒരു കാര്യം ചെയ്യ്. ചെന്നായ്പ്പാറവരെയുള്ള റോഡ് തകര്‍ന്നു കിടക്കുകയാണ്. അതു യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണം. കാരണം, മദര്‍ തെരേസ പാവങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ വരുകയാണ്.

തിരുവനന്തപുരത്തു ചെന്ന് ലീഡറോട് കാര്യം പറയാമെന്നായി കൃഷ്ണകുമാര്‍. അതുവേണ്ട, ഇവിടെ ഫോണിരിപ്പുണ്ട്. എടുത്തു വിളിച്ചു സംസാരിക്കണമെന്നായി പിതാവ്. സംസാരിച്ചപ്പോള്‍ പരിഗണിക്കാമെന്നായി ലീഡര്‍. പരിഗണനയല്ല വേണ്ടത് ഉടനടി തീരുമാനമാണ് വേണ്ടതെന്ന് പിതാവ്. ഉടനെതന്നെ 33 ലക്ഷം രൂപ ചെന്നായ്പ്പാറക്കുള്ള റോഡിനായി ലീഡര്‍ അലോട്ട് ചെയ്തു.
പി.പി ജോര്‍ജ് അന്ന് മന്ത്രിയായിരുന്നു. ലീഡര്‍ അദ്ദേഹത്തെ ഒരു മാസത്തേക്ക് തൃശൂര്‍ക്ക് നിയോഗിച്ചു. മദര്‍ തെരേസയുടെ പരിപാടികള്‍ തൃശൂര്‍ നിന്നുകൊണ്ട് മേല്‍നോട്ടം വഹിക്കാന്‍. മദറിനെ സ്റ്റേറ്റ് ഗസ്റ്റായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടയില്‍ മറ്റൊരു പ്രതിസന്ധി ഉണ്ടായി. മദര്‍ തെരേസ വീണ് എല്ലിന് പരിക്കുപറ്റിയിരിക്കുന്നുവെന്ന് പത്രവാര്‍ത്ത. അതിനാല്‍ യാത്രകളെല്ലാം റദ്ദ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നുവെന്നും. ഇത് കേട്ടതേ കുണ്ടുകുളം പിതാവ് എന്നെ വിളിച്ച് ഉടനടി കൊല്‍ക്കത്തായ്ക്കു പോകണമെന്നു പറഞ്ഞു. ആദ്യം എനിക്കൊരു മടിയായിരുന്നു.
പിതാവു പറഞ്ഞു, ഞാനിവിടെ പത്രസമ്മേളനമൊക്കെ നടത്തി മദര്‍ വരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ഇനി മദര്‍ വന്നില്ലെങ്കില്‍ ആള്‍ക്കാര്‍ എന്റെ മൊട്ടത്തല എറിഞ്ഞുപൊട്ടിക്കും. അച്ചനു തലേല്‍ കുറേ മുടിയുള്ളതിനാല്‍ അത്രയ്ക്കു പരിക്കു പറ്റുകേല - പിതാവ് എന്നെ വഴക്കുപറഞ്ഞു കൊല്‍ക്കത്തായ്ക്കു വിട്ടു.

ഇത്തവണ വിമാനത്തിലാണ് പോയത്. ഞാനാദ്യമായാണ് വിമാനത്തില്‍ കയറുന്നത്. പിതാവിന്റെ ഒരു ബന്ധു പുതുക്കാടുകാരന്‍ റാഫിയേയും എന്റെ കൂടെ വിട്ടു. ഞങ്ങള്‍ ചെല്ലുന്ന കാര്യം മദറിനെ നേരത്തെ അറിയിച്ചിരുന്നു. അതിനാല്‍ രാവിലത്തെ കുര്‍ബാന അര്‍പ്പിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. കുര്‍ബാനയ്ക്കു മുഴുവന്‍ മദര്‍ നമ്രശിരസ്‌ക്കയായി നിന്ന് കുര്‍ബാനയില്‍ ഭക്തിയോടെ പങ്കുകൊണ്ടു. അതിനുശേഷം മദറിന്റെ കൂടെ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചു.
അപ്പോള്‍ അവിടുത്തെ ഭിത്തിയില്‍ എഴുതിയിരുന്ന ഒരു വാചകം ഞാന്‍ ശ്രദ്ധിച്ചു-I will fill the Heaven with Saints. ഞാന്‍ വിശുദ്ധരെക്കൊണ്ട് സ്വര്‍ഗ്ഗം നിറക്കും. അതെന്നെ ഏറെ ആകര്‍ഷിച്ചു.

ഞാന്‍ മദറിനോട് പറഞ്ഞു, Mother I want to become a Saint. മദറിന് അത് സന്തോഷകരമായ അത്ഭുതമായി. കാരണം, ഒരു വൈദികനില്‍ നിന്ന് അത്തരമൊരു പ്രസ്താവന മദര്‍ ആദ്യമായി കേള്‍ക്കുകയായിരിക്കണം.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പറഞ്ഞു: 'Mother Would You pray over me'' അതുപറഞ്ഞിട്ട് ഞാന്‍ മുട്ടുകുത്തി, കൂടെ റാഫിയും. മദര്‍ ആദ്യം റാഫിയുടെ തലേല്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. എന്റെ തലേല്‍ കൈ വയ്ക്കാന്‍ മദറിനൊരു മടി. കാരണം അഭിഷിക്തനല്ലേ. ഞാന്‍ അവിടെത്തന്നെ മുട്ടുകുത്തി നിന്നു. അവസാനം മദര്‍ എന്റെ തലേലും കൈവച്ചു പ്രാര്‍ത്ഥിച്ചു.

അപ്പോള്‍ എന്റെ ഉള്ളിലൊരു തോന്നല്‍ വിശുദ്ധിയുടെ രഹസ്യമെന്താണെന്ന് മദറിനോട് ചോദിച്ചറിയണമെന്ന്. കാരണം, മദര്‍ ഒരു ജീവിക്കുന്ന വിശുദ്ധയാണല്ലോ. തോറ്റവരുടെ ഉത്തരക്കടലാസ് നോക്കി പഠിക്കുന്നതിലും നല്ലത് ജയിച്ചവരുടെ ഉത്തരക്കടലാസ് നോക്കി പഠിക്കുകയാണല്ലോ.
ഞാന്‍ ചോദിച്ചു: 'Mother ,What is the secret of Sanctity' ആ ചോദ്യം മദറിന് ഏറെ ഇഷ്ടപ്പെട്ടു. മദര്‍ എന്റെ വലതു കയ്യേല്‍ പിടിച്ചു. എന്നിട്ട് എന്റെ വിരലുകള്‍ ഓരോന്നും മടക്കിക്കൊണ്ട് പറയാന്‍ തുടങ്ങി: 'I will,I want,with God’s help,be holy. അപ്പോഴേക്കും എന്റെ വലതുകയ്യിലെ അഞ്ചു വിരലുകളും മടങ്ങി കഴിഞ്ഞിരുന്നു. ഉടനെ മദര്‍ എന്റെ ഇടതുകയ്യേല്‍ പിടിച്ചു. എന്നിട്ട് വിരലുകള്‍ മടക്കാന്‍ തുടങ്ങി. കൂടെ പറഞ്ഞു; 'You Did it to me' അപ്പോഴത്തേക്കും എന്റെ ഇടതു കയ്യിലെ അഞ്ചു വിരലുകളും മടങ്ങിയിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ ചോദിച്ചു: ''എന്റെ ഡയറിയില്‍ ഇതൊന്ന് എഴുതിത്തരാമോ?'' ഞാന്‍ എന്റെ ഡയറിയുടെ ആദ്യപേജ് തന്നെ തുറന്നുകൊടുത്തു. മദര്‍ ആ വാചകങ്ങള്‍ എഴുതി. അതിന്റെ ചുവട്ടില്‍ God Bless You,Mother Theresa MC എന്ന് കുറിച്ചു. അതിന്നും എന്റെ കൈയിലുണ്ട്.
എന്നിട്ടും ഈ വാചകങ്ങളുടെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല. പട്ടിയ്ക്ക് മുഴുവന്‍ തേങ്ങ കിട്ടിയ പോലെയാണ് ഞാന്‍ ഡയറിയിലെ കുറിപ്പുമായി തിരികെ പോരുന്നത്.

നാലു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കുട്ടനാട്ടിലെ കിഴക്കേ മിത്രക്കരിയില്‍ തപസ്സു ധ്യാനം നടത്തുകയായിരുന്നു. ആദ്യമായാണ് അങ്ങനൊരു ധ്യാനം നടത്തുന്നത്. പത്ത് ദിവത്തെ ധ്യാനം. കുറെ യുവാക്കളും എന്റെ കൂടെ ഉണ്ടായിരുന്നു. ദിവ്യകാരുണ്യ സന്നിധിയില്‍ മൗനത്തിലായിരിക്കുക മാത്രമായിരുന്നു ധ്യാനരീതി. എന്തെങ്കിലും പറയണമെന്ന് ഈശോ തോന്നിപ്പിക്കുമ്പോള്‍ മാത്രം മണി അടിക്കും. അപ്പോള്‍ എല്ലാവരും ഒരുമിച്ചു കൂടും.

സെപ്തംബര്‍ 5-ാം തീയതി. സംസാരിക്കണമെന്ന് ഈശോ എന്നെ തോന്നിപ്പിച്ചു. മണിയടിച്ചു. മദര്‍ അന്ന് എഴുതി തന്ന വിശുദ്ധിയുടെ രഹസ്യം എനിക്കു വെളിപ്പെട്ടു കിട്ടി. ഞാനത് വളരെ ലളിതമായി വിശദീകരിച്ചു.
പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയതേ വികാരിയച്ചന്‍ ഓടിവന്നു. വികാരിയച്ചനും മുറിയിലിരുന്ന് എന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അച്ചാ, ഒരു വാര്‍ത്തയുണ്ട്. എന്താണെന്ന് ചോദിച്ചപ്പോള്‍ അച്ചന്‍ പറഞ്ഞു: ''മദര്‍ തെരേസ മരിച്ചു.''

Post a Comment

Previous Post Next Post

Total Pageviews