==================================================
(മഡ്ജുഗോറിയായിലെ അനുഭവങ്ങൾ എങ്ങനെയാണ് പരിശുദ്ധ കുർബാനയെക്കുറിച്ചും (തിരുവോസ്തിയെക്കുറിച്ച്) യേശുവിന്റെ ശരീര-രക്തങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ മാറ്റിയതെന്നും കത്തോലിക്കാ സഭയിലേക്കുള്ള തിരിച്ചുവരവിനു പ്രേരകമായതെന്നും പ്രൊട്ടസ്റ്റന്റ് വിശ്വാസിയും ഐറിഷ് പത്രപ്രവർത്തകയുമായ ഹീതർ പാഴ്‌സൺസ് പറയുമ്പോൾ അവളുടെ മുഖത്ത് അസാധാരണ ശോഭ.)
=====================================================
ബോസ്‌നിയ-ഹെർസഗോവിനയിലെ മഡ്ജുഗോറിയാ എന്ന ഗ്രാമത്തിൽ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെടുന്നുവെന്ന സംഭവബഹുലമായ വാർത്തയിലെ സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രശസ്ത ഐറീഷ് പത്രപ്രവർത്തക ഹീതി പാഴ്‌സൺസ് പുറപ്പെട്ടത്. മതകാര്യങ്ങളിൽ പൊതുവെ താൽപര്യമില്ലാത്ത, പ്രൊട്ടസ്റ്റന്റ് ആഭിമുഖ്യമുള്ള ഈ പത്രപ്രവർത്തകയെ പ്രതിനിധിയായി അയച്ചാൽ മഡ്ജുഗോറിയാ സംഭവങ്ങളെ അവൾ നിഷ്പക്ഷമായി വിലയിരുത്തുമെന്നും അത്ഭുതങ്ങൾക്ക് പിന്നിൽ കത്തോലിക്കാ സഭ നടത്തുന്ന ‘വ്യാജപ്രചാരണതന്ത്രങ്ങൾ’ ചോർത്തിയെടുത്ത് ഒരു സെൻസേഷണൽ ന്യൂസ് വായനക്കാർക്ക് എത്തിക്കാമെന്നും ഒരുപക്ഷേ, പത്രാധിപസമിതി വിചാരിച്ചിട്ടുണ്ടാവണം. എന്നാൽ പത്രത്തിനുവേണ്ടി എക്‌സ്‌ക്ലൂസീവ് തയാറാക്കാൻ വന്ന പാഴ്‌സൺസിന് ക്രിസ്തു അരമണിക്കൂർ നീണ്ട അത്ഭുത ദർശനംതന്നെ നൽകി.


ആദ്യന്തം ഉദ്വേഗജനകവും അവിശ്വസനീയവുമായി തോന്നിയേക്കാവുന്ന സംഭവങ്ങളിൽ യേശുവിന്റെ സജീവസാന്നിധ്യം തിരിച്ചറിഞ്ഞ പാഴ്‌സൺസ് പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. മഡ്ജുഗോറിയായി ലെ അനുഭവങ്ങളെ ആധാരമാക്കി അവർ രചിച്ച മൂന്ന് പുസ്തകങ്ങൾ ഇന്ന് ബെസ്റ്റ് സെല്ലറുകളാണ്.
മഡ്ജുഗോറിയാ അനുഭവങ്ങൾ
മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നാലാമത് വാർഷിക ദിനത്തിലാണ് പാഴ്‌സൺസ് മഡ്ജുഗോറിലെ സെന്റ് ജെയിംസ് ദേവാലയത്തിലെത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി വിവിധ ഭാഷകൾ സംസാരിക്കുന്ന ഒരു ലക്ഷത്തോളം തീർത്ഥാടകർ ദേവാലയ പരിസരത്ത് പ്രാർത്ഥനാമിഴികളോടെ തടിച്ചുകൂടിയിരുന്നു. ദർശനം ലഭിക്കുന്നുവെന്ന് അവകാശപ്പെടുന്നവരോടും സ്ഥലത്തെ വൈദികരോടും ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഇന്റർവ്യൂ തരപ്പെടുത്തിയ പാഴ്‌സൺസ് ഒരു പത്രപ്രവർത്തകയുടെ താൽപര്യത്തോടെ സെന്റ് ജെയിംസ് ദേവാലയവും ചുറ്റുപാടുകളും നിരീക്ഷിച്ചുകൊണ്ടിരുന്നു. തൊട്ടടുത്ത ദിവസം നടക്കേണ്ട ചോദ്യങ്ങൾ ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ച് തല പുകയ്ക്കുകയായിരുന്നു പാഴ്‌സൺസ്. പെട്ടെന്നാണ് ഒരസാധാരണ ശബ്ദം കേട്ടത്.
ആകാശത്തിലെ അസാധ്യകാഴ്ച
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഏതാനും കുട്ടികൾ ആകാശത്തേക്ക് വിരൽചൂണ്ടി നിൽക്കുന്നു. പാഴ്‌സൺസ് മുകളിൽ കുട്ടികൾ വിരൽചൂണ്ടുന്ന അതേ പോയന്റിലേക്ക് നോക്കി. ആനന്ദകരമായ ആ കാഴ്ച അവിശ്വസനീയമെന്നപോലെ തോന്നി. തന്റെ കാഴ്ചശക്തിയിൽപ്പോലും സംശയം തോന്നിയ പാഴ്‌സൺസ് ഒരു നിമിഷം തലതാഴത്തി; കണ്ണുകൾ അടച്ചുതുറന്നു. വീണ്ടും അതേ പോയന്റിലേക്ക് നോക്കി. ആ ആകാശക്കാഴ്ച പാഴ്‌സൺസ് വിവരിക്കുന്നതിങ്ങനെ:”ആകാശപ്പരപ്പിൽ സൂര്യൻ വലിയ പമ്പരംപോലെ കറങ്ങുന്നു. സൂര്യപമ്പരത്തിനുള്ളിൽനിന്നും ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിൽ പ്രകാശവലയങ്ങൾ പുറപ്പെടുന്നു. ഈ പ്രഭാവലയങ്ങൾ ഓരോന്നും ഒന്ന് മറ്റൊന്നിനെ സ്പർശിക്കാതെ കറങ്ങിക്കൊണ്ടിരുന്നു. പമ്പരം കറങ്ങിക്കൊണ്ടിരുന്ന സൂര്യന്റെ കേന്ദ്രഭാഗം ഒരു നിമിഷം കറുത്തതായി കാണപ്പെട്ടു. അടുത്ത നിമിഷം അത് ചുവന്നു വരികയും പിന്നീട് തിളക്കമാർന്ന് യഥാർത്ഥ നിറത്തിലും പ്രകാശത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ അസാധാരണ ദൃശ്യത്തോട് ചേർന്ന് അല്പം മുകളിലായി വലതുവശത്ത് വെള്ള നിറത്തിലുള്ള അക്ഷരങ്ങൾ രൂപപ്പെട്ടുവരുന്നതായി ഞാൻ കണ്ടു. അക്ഷരങ്ങൾ ഒരുമിച്ചു ചേർന്നപ്പോൾ ജലമരല (സമാധാനം) എന്ന ഇംഗ്ലീഷ് വാക്ക്- എനിക്കത് കൃത്യമായി വായിച്ച് ബോധ്യപ്പെട്ടു.



നിമിഷനേരത്തേക്ക്, ആകാശത്തുനിന്ന് കണ്ണുകൾ പിൻവലിച്ച് പാഴ്‌സൺസ് ജനക്കൂട്ടത്തിലേക്ക് ശ്രദ്ധിച്ചു; പ്രതികരണമറിയാൻ. ചുറ്റുമുള്ളവരും ആകാശത്തിലേക്ക് കണ്ണുകൾ തുറന്നുപിടിച്ച് ഈ അത്ഭുതരംഗത്തിന് സാക്ഷികളാവുകയായിരുന്നു; പാഴ്‌സൺസ് തുടരുന്നു.
”ഞാൻ വീണ്ടും തലയുയർത്തി മുകളിലേക്ക് നോക്കിയ നിമിഷം സൂര്യൻ അതിന്റെ പ്രകാശവലയം ഭേദിച്ച്, സ്വർഗകവാടം തുറന്ന് എനിക്ക് നേരെ വരുന്നതായി തോന്നി. വിസ്മയകരമായ ഈ കാഴ്ചയുടെ സമയത്ത് ഭയഭക്തിപൂർവമായ നിരവധി പ്രാർത്ഥനകൾ ജനക്കൂട്ടങ്ങളിൽനിന്ന് ഉയർന്നുകേട്ടു.
സൂര്യൻ അടുത്തടുത്ത് വന്നുകൊണ്ടിരുന്നു. ഇപ്പോൾ ഒരു സുവർണപ്രകാശഗോപുരംപോലെ എനിക്കതിനെ കാണാം. പൊടുന്നനെ സൂര്യൻ അവരോഹണം നിറുത്തി ആകാശത്തേക്ക് പിൻവലിഞ്ഞു.” തുടർന്നുണ്ടായ അനുഭവം പാഴ്‌സണിന്റെ ജീവിതത്തിൽ അസാധ്യമെന്ന് കരുതിയിരുന്ന ഗതിമാറ്റത്തിന് തുടക്കമാവുകയായിരുന്നു.
ഉത്ഥിതനായ ക്രിസ്തുവിനെ കാണുന്നു
സംഭവമിങ്ങനെ പാഴ്‌സൺസ് വിവരിക്കുന്നു: ”ഇപ്പോഴും ഞാൻ സൂര്യനെതന്നെ ജാഗ്രതയോടെ നോക്കിനിന്നു. പൊടുന്നനെ സൂര്യനിൽനിന്നും ഒരു പ്രകാശം പൊട്ടിപ്പുറപ്പെട്ട് എന്നിലേക്ക് കുതിച്ചൊഴുകുന്നതായി എനിക്ക് തോന്നി. ആ പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നും തൂവെള്ള വസ്ത്രങ്ങളണിഞ്ഞ്, വിരിച്ചുപിടിച്ച കൈകളുമായി അത്യുജ്ജ്വല തേജസാർന്ന ആൾരൂപം (ഉത്ഥിതനായ ക്രിസ്തുവെന്ന്) തന്നെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു. വർഷങ്ങളായി മതപരമായ വിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിൽക്കൂടി, ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ബോധ്യമായി ഞാൻ കാണുന്നത് ഉത്ഥിതനെ തന്നെയെന്ന്.”
ആകാശത്തേക്ക് വിസ്മയത്തോടെ നോക്കിനിൽക്കുന്ന പാഴ്‌സൺസിനെ കണ്ട് അടുത്ത് നിന്നിരുന്നവർ ചോദിച്ചു: ”സൂര്യനിൽ നിങ്ങൾക്കൊരു തിരുവോസ്തി കാണുവാൻ കഴിയുന്നില്ലേ?” തിരുവോസ്തിയെക്കുറിച്ച് വലിയ ജ്ഞാനമില്ലാതിരുന്ന പാഴ്‌സൺസിന്റെ മറുപടി ഇപ്രകാരമായിരുന്നു. ”ഇല്ല, എന്നാൽ സൂര്യനിൽ ഒരു മനുഷ്യരൂപം എനിക്ക് കാണാം.” സൂര്യനിൽനിന്നും ദൃഷ്ടി മറയ്ക്കാതെ നിന്ന പാഴ്‌സണിന്റെ മുഖം കണ്ണുനീരിൽ നനഞ്ഞു കുതിർന്നു. ദൈവത്തിന്റെ യഥാർത്ഥ സാന്നിധ്യത്തിലാണ് താനിപ്പോഴെന്ന ചിന്തയാണ് അവരിലുണ്ടായത്.



സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോൾ പാഴ്‌സൺസ് ചുറ്റും കൂടിനിന്നിരുന്നവരോട് അന്വേഷിച്ചു. എല്ലാവരും പമ്പരം കറങ്ങുന്ന സൂര്യനെയും അതിനെ ചുറ്റി പ്രദക്ഷിണം ചെയ്യുന്ന പ്രകാശവലയങ്ങളും കണ്ടു. എന്നാൽ പാഴ്‌സണിനെ ഏറെ അത്ഭുതപ്പെടുത്തിയത് എന്തെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
”ചിലർ കൈക്കുഞ്ഞുമായി നിൽക്കുന്ന ഒരു സ്ത്രീയെ കണ്ടപ്പോൾ (പരിശുദ്ധ മാതാവ്) മറ്റുചിലർ കണ്ടത് കുരിശുരൂപമാണ്. ഇനിയും ചിലർ തിരുവോസ്തി കണ്ടു. ആർക്കുംതന്നെ പീസ് എന്ന വാക്ക് ആകാശത്ത് വായിക്കാൻ കഴിഞ്ഞില്ല. എന്നെ ഏറെ ചിന്തിപ്പിച്ചത് ഒമ്പത് പ്രാവശ്യം ആവർത്തിച്ച് പ്രത്യക്ഷപ്പെട്ട ഉത്ഥാനം ചെയ്ത യേശുവിന്റെ രൂപം ആരുംതന്നെ കണ്ടില്ലെന്നതാണ്. കാഴ്ചയിലെ ഈ സവിശേഷത ഉത്തമ കത്തോലിക്കാ വിശ്വാസിയായ പാഴ്‌സൺസിന്റെ ഭർത്താവിനെ ധരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ. ”യാഥാർത്ഥ്യം നിനക്ക് ബോധ്യപ്പെട്ടല്ലോ? സൂര്യനിൽ തിരുവോസ്തി ദർശിച്ചവർക്ക് ഓസ്തിയിൽ യേശുവിനെ കാണാൻ കഴിഞ്ഞു. എന്നാൽ, ഓസ്തിയെക്കുറിച്ച് ശരിയായ ധാരണയില്ലാതിരുന്ന നിനക്ക് പ്രത്യക്ഷപ്പെട്ടത് യേശുവിന്റെ യഥാർത്ഥ ശരീരമാണ്.”
ദേവാലയ പരിസരത്തുവച്ച് പരിചയപ്പെടാനിടയായ ഒരു വൈദികൻ, ഞാൻ ആവശ്യപ്പെട്ടില്ലെങ്കിൽക്കൂടി എന്റെ തലയിൽ കൈകൾവച്ച് എനിക്കും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവിന്റെ നിറവിനുവേണ്ടിയും പത്രപ്രവർത്തകയെന്ന നിലയിൽ തൊഴിൽ വിജയകരമാകുന്നതിനുവേണ്ടിയും പ്രാർത്ഥിച്ച വൈദികൻ പറഞ്ഞു; ‘എനിക്കു മാത്രമായി ഒരു പ്രത്യേക സന്ദേശം ദൈവം നൽകുമെന്നും ബൈബിൾ തുറന്നു വായിക്കുമ്പോൾ സന്ദേശമെന്തെന്ന് ബോധ്യമാകുമെന്നും, വർഷങ്ങളായി ദൈവാസ്തിത്വം അവഗണിച്ചു കഴിഞ്ഞിരുന്ന എന്നോടെന്തിന് ദൈവം സംസാരിക്കാൻ ആവശ്യപ്പെടുന്നുവെന്നതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത.’
മഡ്ജുഗോറിൽനിന്നും തിരിക്കുന്നതിന് തലേരാത്രിയിൽ ഉണ്ടായ സംഭവങ്ങളോരോന്നും വിചിന്തനത്തിന് വിധേയമായി. ”ദൈവമെന്ന യാഥാർത്ഥ്യത്തിനുമുമ്പിൽ ഞാൻ മുഖാഭിമുഖം നിൽക്കുകയാണെന്ന് എനിക്കു മനസിലായി. എന്നിലാകെ ആശയക്കുഴപ്പമായി.
ഞാൻ എന്റെ കിടക്കയ്ക്ക് അരുകിൽ മുട്ടുകുത്തി. പ്രാർത്ഥനയില്ലാതിരുന്ന അനേകവർഷങ്ങൾക്കുശേഷം ഞാൻ എന്തു പ്രാർത്ഥിക്കും? വിശുദ്ധ കുർബാന സമയത്ത് പള്ളിയിൽ പ്രവേശിച്ചപ്പോൾ ഒരു തീർത്ഥാടകൻ തന്ന ഒരു പ്രാർത്ഥനാക്കുറിപ്പ് എന്റെ പോക്കറ്റിലുണ്ടാകാമെന്ന് ഓർമിച്ചു. പോക്കറ്റിൽനിന്നും പ്രാർത്ഥനയെടുത്ത് വായിക്കാൻ തുടങ്ങി. ആന്തരികസൗഖ്യത്തിനും മാനസാന്തരത്തിനുംവേണ്ടി പരിശുദ്ധാത്മാവിനോടുളള ഒരു പ്രാർത്ഥനയായിരുന്നു അത്. എന്റെ കണ്ണുകൾ നിറഞ്ഞു. ബൈബിൾ തുറക്കുമ്പോൾ ദൈവം നിന്നോട് സംസാരിക്കുമെന്ന് പറഞ്ഞ വൈദികന്റെ കാര്യം എന്റെ ഓർമയിൽ വന്നു.
ബൈബിൾ തുറന്നപ്പോൾ
ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തിലെത്തി വാർത്ത ശേഖരിക്കുമ്പോൾ തീർച്ചയായും ഒരു ബൈബിൾ കൈയിലുണ്ടാകുന്നത് നല്ലതെന്ന് കരുതി ഞാൻ ഒരു ബൈബിൾ (തീർത്തും തൊഴിൽപരമായ ആവശ്യങ്ങൾക്കുവേണ്ടി) എന്റെ ബാഗിൽ സൂക്ഷിച്ചിരുന്നു.
ബൈബിൾ എടുത്ത് തുറന്നപ്പോൾ കണ്ടത് യോഹന്നാന്റെ സുവിശേഷം അധ്യായം ആറ് തിരുവചനങ്ങൾ 53:55 വരെ. ”യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.”




പരിശുദ്ധ കുർബാനയിൽ യേശുവിന്റെ യഥാർത്ഥ സാന്നിധ്യം
”പരിശുദ്ധ കുർബാനയിൽ യഥാർത്ഥ സാന്നിധ്യമുണ്ടെന്ന കത്തോലിക്കാ പ്രമാണം എന്നിലെ മനുഷ്യബുദ്ധിക്ക് ഒരിക്കലും ഉൾക്കൊള്ളുവാൻ കഴിയുമായിരുന്നില്ല. എന്നാലിപ്പോൾ വിദൂരദേശത്ത് ഈ കൊച്ചുമുറിയുടെ നിശബ്ദതയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഹൃദയസമാധാനം എനിക്കനുഭവപ്പെട്ടു. പാഴ്‌സൺസ് പ്രാർത്ഥിച്ചു: ”യേശുവേ, അങ്ങേക്കറിയാമല്ലോ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിനുള്ള യഥാർത്ഥ പ്രതിബന്ധം ഇതുതന്നെയെന്ന്. അങ്ങ് ആഗ്രഹിക്കുന്നുവെങ്കിൽ ഈ യാഥാർത്ഥ്യം മനസിലാക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള വരമെനിക്ക് നൽകണമേ.”
നാട്ടിൽ തിരിച്ചെത്തിയ ശേഷവും മഡ്ജുഗോർ അനുഭവങ്ങൾ പാഴ്‌സൺസിന്റെ മനസിൽ മായാതെ നിന്നു. കുടുംബത്തോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ തുടങ്ങിയ അവർ ഒരു പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമായി. അത്ഭുതകരമായ ആത്മാഭിഷേകമുള്ള ഒരു വൈദികൻ നൽകിയ നിർദേശങ്ങളും ഉപദേശങ്ങളും പരിശുദ്ധ കുർബാനയിലെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ച് ഉറച്ചബോധ്യങ്ങൾ നൽകി. പരിശുദ്ധ കുർബാനയുടെ സൗഖ്യദായകമായ ശക്തിയെക്കുറിച്ച് അറിവ് ലഭിച്ചു.
പാഴ്‌സൺസ് പറയുന്നു ”കത്തോലിക്കാ സഭയിൽ ചേരണമെന്ന ആഗ്രഹം എന്നിൽ തീവ്രമായി. പരിശുദ്ധ കുർബാനയിലൂടെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യം അനുഭവിക്കുകയെന്ന വലിയ വരം ലഭിക്കുന്നതിനുവേണ്ടിയും ധ്യാനിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ നൈറ്റ് വിജിൽ പ്രാർത്ഥനയിൽ പങ്കെടുത്ത രാത്രിയിൽ എന്നെ പൂർണമായും യേശുവിനും പരിശുദ്ധ അമ്മയ്ക്കും സമർപ്പിച്ചു പ്രാർത്ഥിച്ചു.”
അന്ന് തിരുവോസ്തിയിൽ എഴുന്നെള്ളിയിരിക്കുന്ന യേശുവിനെക്കുറിച്ചും പരിശുദ്ധ കുർബാനയിലൂടെ ലഭ്യമാകുന്ന സൗഖ്യാനുഭവങ്ങളെക്കുറിച്ചും സംസാരിച്ചത് സിസ്റ്റർ ബ്രജിമക്കെന്നയാണ്.
സിസ്റ്റർ പറഞ്ഞതെല്ലാം ഞാൻ ഹൃദയത്തിൽ അനുഭവിച്ചതും വിശ്വസിച്ചു കഴിഞ്ഞതുമായിരുന്നു. എങ്കിലും പലപ്പോഴും എന്നിലെ ആശയക്കുഴപ്പം എന്റെ ധൈര്യം ചോർത്തിക്കളയുന്നതുപോലെ തോന്നി.അന്ന് പ്രസംഗം ശ്രദ്ധിച്ചിരുന്നപ്പോഴെല്ലാം എന്റെ പ്രാർത്ഥനയിതായിരുന്നു; ”ഉചിതമായ ഒരു തീരുമാനമെടുക്കാൻ ധൈര്യം നൽകണമേ.”
സഭയിൽ അംഗമാകുന്നു
”കത്തോലിക്കാ സഭയിൽ ചേർന്ന് മിശിഹായുടെ തിരുശരീര-രക്തങ്ങൾ സ്വീകരിക്കാൻ ഞാൻ തീർച്ചപ്പെടുത്തി.” അങ്ങനെ ആദ്യ മഡ്ജുഗോറിയാ യാത്ര കഴിഞ്ഞ് മൂന്നര വർഷങ്ങൾ പിന്നിട്ടപ്പോൾ 1988 ഡിസംബർ എട്ടിന് അമലോത്ഭവ രാജ്ഞിയുടെ തിരുനാൾ ദിനത്തിൽ (ഡിസം.8) കത്തോലിക്കാ സഭയിൽ ഹീതർ പാഴ്‌സൺസ് തിരിച്ചെത്തി.
വിശ്വാസജീവിതത്തിന്റെ അടിസ്ഥാനമായി വിശുദ്ധ കുർബാനയും അതിലെ യേശുവിന്റെ പൂർണ സാന്നിധ്യവും ഇതിനോടകം അവൾ അംഗീകരിച്ചുകഴിഞ്ഞു. ഇപ്പോൾ പാഴ്‌സൺസും മറ്റുള്ളവരെപ്പോലെ തിരുവോസ്തിയിൽ പൂർണമായി യേശുവിനെ കാണുന്നു, അനുഭവിക്കുന്നു.
മാത്യു ജോസഫ് കുര്യംപറമ്പിൽ


Post a Comment

Previous Post Next Post

Total Pageviews