അമേരിക്കയിലെ അറ്റ്ലാന്‍റാ  അതിരൂപതയുടെ ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തില്‍ USA യുടെ പല ഭാഗങ്ങളില്‍ നിന്നും വന്ന 20,000 യുവജനങ്ങള്‍ ഒരു കത്തോലിക്കാ കന്യാസ്ത്രീയില്‍ നിന്നും തീരെ പ്രതീക്ഷിച്ച കഥയല്ല ‘എത്രയും മഹത്വമേറിയ പരിശുദ്ധ ത്രിത്വത്തിന്‍റെ’ സന്ന്യാസ സഭാംഗമായ ബഹുമാനപ്പെട്ട സിസ്റ്റര്‍ മിറിയം ജെയിംസ് ഹെഡ്ലാന്‍റ് അവര്‍ക്കായ് പങ്കുവച്ചത്.

ബഹുമാനപ്പെട്ട സിസ്റ്ററിന്‍റെ സ്വന്തം വാക്കുകളില്‍ നിന്ന് :
“ഞാന്‍ എന്‍റെ പതിനൊന്നാമത്തെ വയസ്സില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. എന്‍റെ പന്ത്രണ്ടാം ജന്മദിനം മുതല്‍ ഞാന്‍ മദ്യം കഴിക്കാന്‍ തുടങ്ങി. എന്‍റെ പതിമൂന്നാമത്തെ വയസ്സില്‍ ഞാന്‍ ബലാല്‍സംഘത്തിന് ഇരയായി. എന്‍റെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ ഞാന്‍ മദ്യത്തിന് പൂര്‍ണ്ണമായും അടിമയായി.

എനിക്ക് ഇരുപത്തൊന്ന് വയസ്സുള്ള ഒരു പ്രഭാതത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ രണ്ടു കാര്യങ്ങള്‍ ഞാന്‍ ഓര്‍മ്മിച്ചു. ഒന്നാമതായി ഞാന്‍ ഓര്‍ത്തത് കഴിഞ്ഞ രാത്രിയില്‍ ഞാന്‍ എന്താണ് ചെയ്തത് എന്നാണ്. തീര്‍ത്തും പരിതാപകരമായ ഒരു കാര്യം. രണ്ടാമതായി ഞാന്‍ ഓര്‍ത്തത് നാണക്കേടിന്‍റെ മേഖലയില്‍ വലിയ ആഴമേറിയ, തീര്‍ത്തും ശോചനീയമായ ഒരു കാര്യമായിരുന്നു. ഇവ രണ്ടും ഞാന്‍ മേലില്‍ ചെയ്യുകയില്ല എന്ന് പണ്ട് പ്രതിജ്ഞ ചെയ്തിരുന്നത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഈ രണ്ടു കാര്യങ്ങളും ആവര്‍ത്തിക്കുന്നത് നിര്‍ത്താന്‍ പറ്റുന്നില്ലാത്ത ബലഹീനമായ അവസ്ഥയില്‍ ഞാന്‍ സ്വയം എത്തി എന്ന് ആ നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ മരണം ആഗ്രഹിച്ച് എന്‍റെ കോളെജിലെ റൂമിന്‍റെ തറയിലെ ഒരു ബോളില്‍ ഇഴഞ്ഞു കയറി. എനിക്കെന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.

പക്ഷേ ദൈവത്തിന് അറിയാമായിരുന്നു.

എന്നോട് യാതാര്‍ത്ഥ്യം ഉദ്ഘോഷിക്കുവാന്‍ അനേകം ആളുകളെ ദൈവം എന്‍റെ ജീവിതത്തിലേക്ക് അയക്കുവാന്‍ തുടങ്ങി. അവരില്‍ ഒരാള്‍, എന്‍റെ ജീവിതത്തെ നവീകരിക്കുവാന്‍ എന്നെ വെല്ലുവിളിച്ച ഒരാള്‍, ഒരു വൈദികന്‍ ആയിരുന്നു. അദ്ദേഹം പറയുമായിരുന്നു : “നീ വിളിക്കപ്പെട്ടിരിക്കുന്നത് വലിയ കാര്യങ്ങളിലേക്കാണ്. നീ എന്താണ് നിന്‍റെ ജീവിതം കൊണ്ട് ചെയ്യുന്നത്? നിനക്ക് കൂടുതല്‍ വേണമെന്ന് എനിക്കറിയാം. നിന്‍റെ ജീവിതത്തിന് ഒരു വലിയ ലക്ഷ്യമുണ്ട്. എപ്പോഴെങ്കിലും അതിനോട് ‘യെസ്’ പറയാന്‍ നീ ശ്രമിച്ചിട്ടുണ്ടോ?”
ആ മനുഷ്യന്‍ ക്രിസ്തുവിനെ സ്നേഹിച്ചിരുന്നു. ക്രിസ്തുവിനോട് എപ്പോഴും യെസ് പറഞ്ഞുകൊണ്ട് തന്നെത്തന്നെ പുതിയ മനുഷ്യനാക്കാന്‍ അദ്ദേഹം ക്രിസ്തുവിനെ എപ്പോഴും അനുവദിച്ചിരുന്നു.  ഞാന്‍ ഇപ്പോള്‍ ഇവിടെ നിങ്ങളുടെ മുന്നില്‍ ആയിരിക്കുവാനുള്ള കാരണങ്ങളില്‍ ഒന്ന് ക്രിസ്തുവിനോട് ‘യെസ്’ പറഞ്ഞ ഒരു മനുഷ്യന്‍റെ ശക്തിയാണ്. നമ്മള്‍ എത്രനാള്‍ നമ്മേക്കൊണ്ട് ഈ ലോകത്തില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല എന്നും ചിന്തിച്ച് നടക്കും? നമ്മുടെ ‘യെസ്’ ഇല്‍ ആണ് കാര്യം. നമ്മുടെ ജീവിതത്തില്‍ ആണ് കാര്യം. നമ്മള്‍ ക്രിസ്തുവിനോട്  ‘യെസ്’ പറയുമ്പോള്‍ ലോകം തന്നെ മാറ്റപ്പെടുന്നു.
നിങ്ങളുടെ ജീവിതമാകുന്ന കഥയുടെ അന്ത്യമല്ല നിങ്ങളുടെ പാപജീവിതങ്ങളും തകര്‍ച്ചകളും. യേശു നേരത്തേ തന്നെ നിനക്കായ് കാത്തിരിക്കുകയാണ്. നിനക്ക് ഏറ്റവും കൂടുതല്‍ വേദന നല്‍കുന്ന മേഖലകളിലും യേശു നിനക്കായ് കാത്തിരിക്കുകയാണ്. നിന്‍റെ ഏറ്റവും ആഴമേറിയ സ്വപ്നങ്ങളിലും നിന്‍റെ ഏറ്റവും ആഴമേറിയ ആഗ്രഹങ്ങളിലും യേശു നിനക്കായ് കാത്തിരിക്കുകയാണ്.

എന്‍റെ ജീവിതത്തെ ഇപ്രകാരം രൂപപ്പെടുത്തിയ രണ്ടു ചോയ്സുകളേപ്പറ്റി പറയാം.
അതില്‍ ഒന്നാമത്തെ ചോയ്സ് ഇതാണ്.
പതിനേഴ് വയസ്സുള്ള രണ്ട് ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളായിരുന്നു എനിക്ക് ജന്മം നല്‍കിയ എന്‍റെ അപ്പനും അമ്മയും. അവര്‍ വിവാഹിതരായിരുന്നില്ല. ഈ ദിവസം വരേയും ഞാന്‍ അവരുടെ മുഖം കണ്ടിട്ടില്ല. പക്ഷെ എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട് എന്‍റെ അമ്മ എന്നെ അബോര്‍ട്ട്  ചെയ്യുവാന്‍ ചിന്തിച്ചിട്ടുണ്ടാവണം എന്ന്. പക്ഷേ അമ്മ എന്നെ നശിപ്പിച്ചില്ല. പതിനേഴ് വയസ്സുള്ള ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടി ജീവന്‍റെ കണികയോടും തന്‍റെ ഗര്‍ഭപാത്രത്തില്‍ ഉരുവായ കുഞ്ഞിനോടും ‘യെസ്’ പറഞ്ഞതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്.
(അമേരിക്കയില്‍ വിവാഹിതരാകാത്ത അഥവാ പങ്കാളി ഇല്ലാത്ത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക്  തങ്ങളുടെ കുഞ്ഞുങ്ങളെ ആരും അറിയാതെ പ്രസവിച്ച് ഏല്‍പ്പിച്ച് മടങ്ങി പോകാന്‍ സൌകര്യങ്ങളുള്ള അനാഥാലയങ്ങള്‍ ഉണ്ട്. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് അനാഥാലയങ്ങള്‍ ഈ കുട്ടികളെ ദത്തു നല്‍കുകയും ചെയ്യും)
രണ്ടാമത്തെ ചോയ്സ് എന്നെ ദത്തെടുത്തത് വഴി എന്‍റെ അപ്പനും അമ്മയും ആയിത്തീര്‍ന്ന ദമ്പതികളുടേതാണ്.
ഇനി അവരേക്കുറിച്ചാണ് പറയുന്നത്.
എന്നേപ്പറ്റിയുള്ള എന്‍റെ മാതാപിതാക്കളുടെ ആദ്യ ചിത്രം ക്രിസ്തുമസ് കാലത്തിലേതാണ്. എന്‍റെ അമ്മ എന്നെ ക്രിസ്തുമസ് ട്രീയുടെ താഴെ കൊണ്ടുപോയ് കിടത്തിയിട്ട്  ഞാന്‍ ആണ് ആ വര്‍ഷം കുടുംബത്തിന് ലഭിച്ച ക്രിസ്തുമസ് സമ്മാനം എന്ന് പറഞ്ഞു.

ദൈവവും നമുക്ക് തന്‍റെ സ്നേഹത്തിന്‍റെ സമ്മാനം നല്‍കുന്നുണ്ട്. നമുക്ക് വേണ്ടി തുടിക്കുന്ന ദൈവത്തിന്‍റെ ഹൃദയം നമുക്ക് മനസ്സിലാകാറില്ല. ദൈവം നിങ്ങളെ സുഖപ്പെടുത്താന്‍ കടാക്ഷിക്കുന്നത് നിങ്ങള്‍ വലിയ കാര്യങ്ങളിലേക്ക് വിളിക്കപ്പെട്ടതു കൊണ്ടാണ്. ദൈവം നിങ്ങളിലേക്ക് നോക്കുന്നു. ദൈവം നിങ്ങളെ കാരണം കൂടാതെ സ്നേഹിക്കുന്നു. നിങ്ങള്‍ മനോഹരമായ ദൈവനിവേശിത ജീവിതം പങ്കുവയ്ക്കണം എന്നതല്ലാതെ ദൈവത്തിന് വേറെയൊരു ലക്ഷ്യവുമില്ല.”

Post a Comment

Previous Post Next Post

Total Pageviews