മനുഷ്യന്റെ ഉൽഭവ ത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ആ അന്വേഷണങ്ങൾക്ക് ഇപ്പോൾ ഒരു ഉത്തരമായിരിക്കുന്നു എന്നുവേണം കരുതാൻ. ഇറാക്കിലെ പശ്ചിമ ബാഗ്ദാദ് പ്രദേശങ്ങളിൽ ഗവേഷണം നടത്തുകയായിരുന്ന ഒരു സംഘം നരവംശ ശാസ്ത്രജ്ഞരാണ് 2017 ഒക്ടോബർ ആദ്യവാരം ജീവന്റെ രഹസ്യത്തിലേയ്ക്ക് വെളിച്ചം വീശുന്ന ആ സുപ്രധാന കണ്ടുപിടുത്തം നടത്തിയത്. ബാഗ്ദാദിനും ഹിലയ്ക്കുമിടയിൽ നടന്ന ശാസ്ത്രീയ ഖനനങ്ങളിൽ ഉയർന്നുവന്ന പൗരാണികാവശിഷ്ടങ്ങളിൽ ഒന്ന് അതിശയകരമായിരുന്നു. കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ഫോസിലായിരുന്നു അത്.

സ്വിറ്റ്സർലൻഡിലെ സേണിലെ ഭൗമാന്തര ഗവേഷണശാലയിൽ നടത്തിയ  C14 ഡേറ്റിംഗ് എന്ന അത്യാധുനിക പാലിയന്റോളജിക്കൽ കാർബൺ ഡേറ്റിംഗ് സാങ്കേതികവിദ്യയിൽ പ്രസ്തുത ഫോസിൽ ഒരു പുരുഷന്റേതാണെന്നും അതിന് ഏകദേശം 2,00,000 വർഷങ്ങളോളം പഴക്കമുണ്ടെന്നും തെളിഞ്ഞു. ഇത്ര പഴക്കമുള്ള ഒരു ഫോസിൽ കേടുപാടുകളില്ലാതെ ലഭിക്കുന്നത് അത്യപൂർവ്വമായ സംഭവമായിരുന്നു എന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്തിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിയേഷൻ റിസർച്ചിലെ നരവംശശാസ്ത്രവകുപ്പ് മേധാവി ഡോ. ക്ലിഫോർഡ് ബർഡിക് പറഞ്ഞു. ഫോസിലിന്റെ പഴക്കവും‌ അതിനരികിൽ കാണപ്പെട്ട, ചരിത്രാതീതകാലത്തെ അടുപ്പിലൂതുന്ന തരം കരിങ്കൽ കുഴലും മനുഷ്യോൽപ്പത്തിയിലേയ്ക്ക് വെളിച്ചം വീശുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിശയിപ്പിക്കുന്ന കാര്യം അതല്ല, പ്രകൃതിയാൽ അങ്ങേയറ്റം സൂക്ഷ്മമായി പരിരക്ഷിക്കപ്പെട്ടിരുന്ന ആ ഫോസിലിന് ഒരു വാരിയെല്ല് കുറവാണത്രേ! തുടർന്നുള്ള സൂക്ഷ്മപഠനങ്ങളിൽ വാരിയെല്ല് കാലപ്പഴക്കത്താൽ നശിച്ചുപോയതായി യാതൊരു തെളിവും കണ്ടെത്താനായില്ല. മാത്രമല്ല, ആരോ കൃത്യമായി ഇളക്കിയെടുത്തതുപോലെയാണ് ആ വാരിയെല്ല് അസ്ഥിവ്യവസ്ഥയുമായി യോജിക്കേണ്ട ഭാഗങ്ങൾ കാണപ്പെടുന്നത്.

യു.എസിലെ മിഷിഗണിലുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് ആന്ത്രപ്പോളജിക്കൽ സ്റ്റഡീസുമായി ചേർന്ന് നാസയുടെ നരവംശശാസ്ത്രവിഭാഗം നടത്തിയ ബ്രെയിൻ മാപ്പിംഗ് പരീക്ഷണങ്ങളിൽ ഫോസിലിന്റെ തലയോട്ടിക്കുള്ളിൽ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേകതരം കളിമണ്ണാണുള്ളത് എന്ന് കാണപ്പെട്ടു. ഈ മണ്ണിന് മധ്യേഷ്യയിലെ പുരാതന കാൽഡിയൻ പ്രദേശത്ത് (പിന്നീട് ബാബിലോണിയയും ഇന്നത്തെ ഇറാക്കുമായി മാറിയ പ്രദേശം) കണ്ടെത്തിയ 2,00,000 വർഷം പഴക്കമുള്ള ഉൽക്കയിലെ മണ്ണുമായി ധാതുസമ്പത്തിൽ അത്ഭുതകരമായ സദൃശ്യമുണ്ടെന്ന് നാസയുടെ ജിയോളജി വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ഫ്രാങ്ക് മാർഷ് പറഞ്ഞു. കാൽഡിയൻ പ്രദേശം ആദിമ മെസപ്പട്ടേമിയൻ സംസ്ക്കാരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു എന്നതുമായി ഇതിനെ കൂട്ടിവായിക്കണം എന്ന് ഡോ. ക്ലിഫോർഡ് കൂട്ടിച്ചേർത്തു.

നവംബർ ആദ്യം പുറത്തിറങ്ങിയ ഏറ്റവും പുതിയ ലക്കം ജേണൽ ഓഫ് ആന്ത്രപ്പോളജിയിൽ ഈ പഠനങ്ങളെയെല്ലാം കൂട്ടിയിണക്കി പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിൽ ഡോ. ക്ലിഫോർഡ് ഇങ്ങനെ പറയുന്നു: "ആദിമസംസ്ക്കാരത്തിന്റെ ഉൽഭവസ്ഥാനമെന്ന് കരുതുന്ന പുരാതന മദ്ധ്യപടിഞ്ഞാറൻ മെസപ്പെട്ടേമിയയിൽ തന്നെ (ഇന്നത്തെ ഇറാക്ക്) കാണപ്പെട്ട അപൂർവ്വ മനുഷ്യഫോസിൽ ഒരു യാദൃശ്ചികതയല്ല. മനുഷ്യരാശിയുടെ ഈറ്റില്ലത്തിൽ കണ്ടെത്തപ്പെട്ട അതിന് ഒരു വാരിയെല്ല് ഇല്ല എന്നതും തലച്ചോറിന്റെ ചില ഭാഗങ്ങളെന്ന് കരുതുന്ന കളിമൺ അവശിഷ്ടങ്ങളും ആ ഫോസിൽ ലോകത്തിലെ ആദ്യത്തെ ആധുനിക മനുഷ്യന്റേതായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഫോസിലിൽ നിന്ന് കണ്ടെത്തിയ അപൂർവ്വമണ്ണിന്റെ ഘടനയും അഭൗമസാന്നിദ്ധ്യവും ആകാശചാരിയുമായ ഉൽക്കയുടെ ധാതുഘടനയും തമ്മിലുള്ള സാദൃശ്യം മനുഷ്യന്റെ ഉല്പത്തിയിൽ മണ്ണിനുള്ള സുപ്രധാന പങ്കിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിവ് നൽകുന്നു."

"ഒരുപക്ഷേ അവൻ ആദം തന്നെയാകാം!" മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ശാസ്ത്രരഹസ്യം ലോകത്തെ അറിയിക്കാനായി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ ഡോ. മാർഷ് പകുതി കളിയായി പറഞ്ഞത് ഇങ്ങനെയാണ്.

ഏതായാലും, മെസപ്പട്ടേമിയയിലെ ഒരു വാരിയെല്ല് ഇല്ലാത്ത പുരുഷന്റെ അത്യപൂർവ്വ കളിമൺ സാന്നിദ്ധ്യമുള്ള ഫോസിൽ പുറത്തുവന്നതോടെ മനുഷ്യൻ ഉണ്ടായത് മണ്ണിൽ നിന്ന് തന്നെയെന്ന് ശാസ്ത്രം ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്. ഈ സുപ്രധാന കണ്ടുപിടുത്തം 1966 മുതൽ യുനെസ്കോ നരവംശശാസ്ത്ര പ്രതിഭകൾക്ക് വർഷം തോറും നൽകി വരുന്ന "Genius in Genesis" അവാർഡിന്  ഡോ. ക്ലിഫോർഡിനെയും ഡോ. മാർഷിനെയും സംയുക്തമായി അർഹരാക്കിയിരിക്കുന്നതായി യുനെസ്കോയുടെ നരവംശശാസ്ത്രവിഭാഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തയാഴ്ച സേണിൽ നടക്കുന്ന യുനെസ്കോ അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസിലാണ് അവാർഡ് നൽകുക. വരുന്ന വർഷത്തെ വൈദ്യശാസ്ത്രരംഗത്തെ നൊബേൽ സമ്മാനപ്പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തിയതായി നൊബേൽ സമ്മാന സംഘാടകസമിതി ഇന്ന് വെളിപ്പെടുത്തുകയുണ്ടായി.

വിവരങ്ങൾക്ക് കടപ്പട്:
1. മിനിസ്ട്രി ഓഫ് ക്രിയേഷൻസ്, സ്വിറ്റ്സർലാൻഡ്
2. ജേണൽ ഓഫ് ആന്ത്രപ്പോളജി, നാസ
3. യുനെസ്കോ മന്ത്ലി മാഗസിൻ (നവംബർ ലക്കം)
4. പ്രസ് റിലീസ്, നൊബേൽ കമ്മറ്റി, നോർവേ.

2 Comments

  1. ദയവായി ഇതുപോലുള്ള കള്ളക്കഥകൾ പ്രചരിപ്പിക്കാതിരുന്നുകൂടെ?
    അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ ?
    അസത്യങ്ങൾ പ്രചരിപ്പിക്കുകയും സത്യത്തിനു എതിരെ നിൽക്കുകയും ചെയ്യുന്നതുകൊണ്ട് എന്താണ് നിങ്ങളുടെ നേട്ടം ?

    ReplyDelete
  2. ജോബിൻ, ക്ഷമിക്കുക. ഇത് ഞാനല്ല എഴുതിയത്.

    ReplyDelete

Post a Comment

Previous Post Next Post

Total Pageviews