മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി വത്തിക്കാന്‍. സമഗ്രമാനവവികസനത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ സമിതി വഴി ആദ്യഘടു എന്ന നിലയില്‍ ഒന്നരലക്ഷം ഡോളറിന്റെ സഹായമാണ് മാര്‍പാപ്പ നല്‍കിയത്. മെക്സിക്കോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ കാര്യാലയം വഴി ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന രൂപതകള്‍ക്ക് ഈ തുക വിതരണം ചെയ്യും. മെക്സിക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ വിശ്വാസികളോട് നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
ചൊവ്വാഴ്ചയാണ് മെക്‌സിക്കോ സിറ്റിക്ക് സമീപത്തും മോറെലോസിലും ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അടുത്തിടെ മെക്‌സിക്കോയില്‍ ദുരന്തം വിതച്ച രണ്ടാമത്തെ ഭൂചലനമാണ്. പ്രൈമറി സ്കൂളിലെ 22 കുട്ടികൾ ഉൾപ്പെടെ 248 പേരാണു ദുരന്തത്തിൽ മരിച്ചത്. മറ്റൊരു സ്കൂൾ തകർന്നു 30 കുട്ടികളെ കാണാതായിട്ടുണ്ട്. രാജ്യത്തിന്റെ മധ്യ സംസ്ഥാനങ്ങളെ തകർത്ത ഭൂകമ്പത്തിൽ രണ്ടു കോടിയിലേറെ ആളുകൾ വസിക്കുന്ന മെക്സിക്കോ സിറ്റിക്കു പുറമേ പ്യൂബ്ല, മൊറീലോസ്, ഗ്വരേരോ നഗരങ്ങളിലാണു നാശനഷ്ടമേറെയും.
pravachakasabdam.com
Post a Comment