ഗിരിപ്രഭാഷണത്തിനിടയിൽ ക്രിസ്തു പറയുന്ന ഒരു വചനം ഏറെ കഠിനമാണ് എന്ന് തോന്നാറുണ്ട്: ”നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല” (മത്തായി 7:23). അവന്റെ നാമത്തിൽ ഒരുപിടി കാര്യങ്ങൾ എല്ലാ ദിവസവും ചെയ്യുന്നവരെ നോക്കിയാണ് ഈ വേദവാക്യം. ആർക്കായി ഒരു ജന്മം മാറ്റിവച്ചുവോ, ആരുടെ നാമം ചൊല്ലി ചുവടുകൾ മുന്നോട്ടു വച്ചുവോ ആ പരമചൈതന്യത്തിന് എന്നെ പരിചയമില്ല എന്ന് പറഞ്ഞാൽ സഹിക്കാനാകുമോ?
അവനെ എനിക്ക് പരിചയമുണ്ടാകാം. പക്ഷേ, അവൻ എന്നെ അറിയുന്നില്ല. പരിചയം ഉണ്ടെന്ന് ബോധ്യപ്പെടുത്താൻ പലയാവർത്തി കഥകൾ പറഞ്ഞുനോക്കി. അവനായി പ്രസംഗിച്ചത്, പാടിയത്, വിശുദ്ധ വസ്ത്രങ്ങൾ വടിവൊത്ത വിധത്തിൽ ധരിച്ചത്, മൂർച്ചയോടെ എഴുതിയത്, ഉപവാസമനുഷ്ഠിച്ചത് അങ്ങനെ പലതും. എന്നിട്ടും അൽഷിമേഴ്‌സ് വന്നവനെപ്പോലെ അവൻ പറയുന്നു, എനിക്ക് നിന്നെ ഒരു പിടിയും കിട്ടുന്നില്ല.
മറക്കാതിരിക്കാൻ അവൻ സ്ഥാപിച്ച സ്മാരകം കുർബാനയാണ്. ക്രമഭംഗി തെറ്റാതെ അതു ചൊല്ലിയ കാര്യവും പറഞ്ഞുനോക്കി. ഏശുന്നില്ല. ഇത് എന്തുകൊണ്ടാണ്? എന്റെ തെറ്റിദ്ധാരണകളെ ഓർമിച്ചെടുത്തത് അപ്പോഴാണ്. അവന്റെ നാമത്തിൽ ജീവിക്കുന്നവരും ശുശ്രൂഷകൾ നടത്തുന്നവരും നെഞ്ചിൽ സൂക്ഷിക്കേണ്ട അവബോധങ്ങളുണ്ട്.
ആത്മീയത എന്നാലെന്താണ്?
ആത്മീയത എന്താണെന്ന് മനസിലാക്കുകയാണ് ഒന്നാമത്തേത്. നാം ചെയ്യുന്ന കാര്യങ്ങളാണ് നാമെന്ന തെറ്റിദ്ധാരണയുണ്ട് നമുക്ക്. ആത്മീയകാര്യങ്ങളുടെ ആകെത്തുകയാണ് ആത്മീയത എന്ന തോന്നൽ. അതു ശരിയല്ല. അമ്മ ആരെന്ന ചോദ്യത്തിന് രാപകലില്ലാതെ അമ്മ ചെയ്യുന്ന ഏറെ കാര്യങ്ങൾ കുഞ്ഞ് പറയും. രാവിലെ വിളിച്ചെഴുന്നേൽപിച്ചതും ഭക്ഷണം വിളമ്പിയതും കുളിപ്പിച്ചതും പഠിക്കാനയച്ചതും എല്ലാം. പക്ഷേ, ഇവയെല്ലാം ചേർന്നാലും അമ്മയാകില്ല. അമ്മ ചെയ്യുന്ന പ്രവൃത്തികളുടെ സങ്കലനമല്ല അമ്മ. അതിനപ്പുറമാണ്. സത്താപരമായ ഒരു നിലനിൽപ്പുണ്ട്, നമുക്ക്.
ക്രിസ്തുവിനായി നാം ചെയ്യുന്നതു മാത്രമല്ല ആത്മീയത. അതിനപ്പുറം ചിലതുണ്ട്. ”മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു” (ലൂക്കാ 10:38). അവന്റെ കൂടെയായിരിക്കുന്നതിനെക്കാൾ അവനായി ഓടുന്നവർക്കുള്ള വെല്ലുവിളിയുണ്ട് ഈ വാക്കുകളിൽ. പ്രവൃത്തികളുടെ ബാഹുല്യംകൊണ്ട് ആന്തരികജീവിതത്തിന്റെ മഹത്വം നഷ്ടമാക്കുന്നവർ ഏറെയാണ്. ആരംഭം മിക്കവാറും എല്ലാവരുടെയും നല്ലതുതന്നെ. ക്രിസ്തുവിനെ കണ്ടുമുട്ടിയ ആദ്യനാളുകളാണത്. കൂടെയിരുന്ന് മതിതീരാതെ വരുമ്പോൾ, അവൻതന്നെ പറഞ്ഞുതുടങ്ങും ‘ഇനി കുറച്ചുപേരോടായി ഈ ചൈതന്യത്തിന്റെ ശക്തി വെളിപ്പെടുത്തുക.’ അപ്പോഴാണ് പ്രവൃത്തികൾ തുടങ്ങുന്നത്.
ആരാധനയില്ലാത്ത ഓട്ടങ്ങൾ, അതെത്ര വിശിഷ്ടമാണെങ്കിലും അവന്റെ ഹൃദയത്തിനിണങ്ങിയതല്ല. രക്ഷകന് സദ്യയൊരുക്കാനല്ല, കൂടെയിരിക്കാനാണ് അവൻ പറയുന്നത്. ആക്റ്റിവിസത്തിന്റെ നിരാകരണമല്ലിത്. മറിച്ച്, ആത്മീയതയെ കുറെ കാര്യങ്ങളായി ചുരുക്കാനുള്ള മനുഷ്യന്റെ തത്രപ്പാടിന്റെ നിരാകരണമാണ്. ക്രിസ്തു വീട്ടിലണയുമ്പോൾ അവനെ സ്വീകരിക്കുകയാണ് ഉത്തമം. കൂടെയിരിക്കുന്നതാണ് ശ്രേഷ്ഠം.
ബെനഡിക്‌റ്റെൻ സന്യാസിമാരാണ് പ്രാർത്ഥനയും ജോലിയും കൂട്ടിയിണക്കാം എന്നു പഠിപ്പിച്ചത്. പ്രവൃത്തിയെ പ്രാർത്ഥനയാക്കാമെന്ന്. അതിന് ധ്യാനം വേണം. എന്നാൽ ജോലിയുടെ അവശതയിൽ അലയുന്ന സന്യാസിക്ക് ആ ധ്യാനം ഉണ്ടാകാനിടയില്ല. അതില്ലെങ്കിൽ ജോലിയെ ആരാധനയാക്കുന്നത് ദുഷ്‌ക്കരമാകും. അവന്റെ നാമത്തിൽ പലതും ചെയ്യും. പക്ഷേ, അവനുമായി ബന്ധമില്ല! മറ്റൊന്നുകൂടിയുണ്ട്. ഒന്നും അവനായി ചെയ്യാത്തപ്പോഴും അവനായി സൂക്ഷിക്കുന്ന ഒരു മനസുണ്ടാകണം. അതാണ് പ്രധാനം. വേർപിരിയാത്ത ബന്ധത്തിന്റെ ഒരു മനസാണത്.
സ്‌നേഹമുണ്ടോ?
അവനായി ചെയ്യുന്ന കാര്യങ്ങളുടെ പിന്നിൽ സ്‌നേഹമുണ്ടോ എന്ന് പരിശോധിക്കണം. അതാണ് രണ്ടാമത്തെ കാര്യം. സ്‌നേഹം കുറയുമ്പോൾ ഒന്നാമതായി ആരാധന അനുഷ്ഠാനമാകും. അവിടെ, ഞാനും ക്രിസ്തുവും തമ്മിൽ അകലം കൂടിയിരിക്കും. സ്വാനുഭവം ഇക്കാര്യം വ്യക്തമാക്കാൻ സഹായിക്കും.
അന്ന് ആരാധനയ്ക്കായി ദിവ്യകാരുണ്യം എഴുന്നള്ളിച്ച് വയ്ക്കുകയായിരുന്നു. പരമ്പരാഗതമായ പ്രാർത്ഥനകൾ ചൊല്ലി, വളരെ നിസ്സംഗമായി തിരുവസ്ത്രങ്ങൾ മാറ്റാൻ ഞാൻ നീങ്ങിയപ്പോൾ കരച്ചിലോടെ പലരും പ്രാർത്ഥിക്കുന്നു. ‘ഈശോ, എത്രകാലമായി ഈയൊരു നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെയിരിക്കാൻ നീ വരുന്നല്ലോ. ഞങ്ങളുടെ പ്രാർത്ഥന നീ കേട്ടല്ലോ….’ കാത്തിരിക്കുന്നവർക്ക് അവന്റെ വരവ് ആനന്ദത്തിന്റെ ധന്യസമയം. അവർ അത്രമാത്രം അവനെ സ്‌നേഹിച്ചിരുന്നു. അവർ ഒരുക്കിയ ആലയത്തിൽ അവൻ വന്നു.
എന്റെ കൈകളിലാണ് ആ തിരുസാന്നിധ്യം ഉയർത്തപ്പെട്ടതെങ്കിലും അതെന്നെ തഴുകാതെ കടന്നുപോയി. ഞാനതിനെയും. ചിലപ്പോൾ കാര്യങ്ങൾ അങ്ങനെയാണ്. ഓർക്കുന്നില്ലേ, ഒരു ജനക്കൂട്ടത്തിനൊപ്പം ക്രിസ്തു നടത്തിയ യാത്ര. ആരവം മുഴക്കി കൂടെ നടന്നവർ അവനിൽനിന്നും ഒന്നും കേൾക്കാതെ പോകുമ്പോൾ, വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടവൾ സൗഖ്യം സ്വീകരിച്ച് സുവിശേഷകയായി.
ചെയ്യുന്ന കാര്യങ്ങളുടെ പിന്നിൽ സ്‌നേഹമുണ്ടോ അതോ…? ഓരോ ഓഫിസിലും കാര്യങ്ങൾ നടക്കുന്നുണ്ട്. അതുപോലെ, അവന്റെ കാര്യത്തിലും ചിലതു ചെയ്യുന്നു എന്നു മാത്രമാണോ. എത്രമാത്രം സ്‌നേഹിച്ചു എന്നതാണ് പ്രധാനം. ആ സ്‌നേഹത്തിന്റെ ആത്മപ്രകാശനമാണ് ശുശ്രൂഷകൾ. അന്നൊരിക്കൽ ശിമയോൻ ആഘോഷമായ സദ്യയൊരുക്കി. ക്ഷണിക്കപ്പെടാത്ത ഒരാൾ മാത്രം നേരത്തേ എത്തി. ക്രിസ്തുവിന്റെ പാദത്തിങ്കൽ അവൾ വന്നിരുന്നു. ഇടറാത്ത പാദങ്ങളൊന്നും അന്നേവരെ അവൾ കണ്ടിട്ടില്ല. ആദ്യമായി ഒരാളുടെ പാദം; ഒരിക്കലും ഇടറാത്തതും ഇടറുന്നവരെ താങ്ങുന്നതുമായ പാദം.
അവൾ വാവിട്ടു കരഞ്ഞു. സ്‌നേഹം കണ്ണീരായി ഒഴുകി. ആ പാദം അവൾ പതുക്കെ തുടച്ചു. അവിടുത്തോടുള്ള സ്‌നേഹം കരയിപ്പിച്ചതാണവളെ. അന്ന്, ശിമയോന് കിട്ടാതെ പോയത് അവൾക്ക് കിട്ടി. ശിമയോൻ ശുശ്രൂഷിച്ചു. അവൾ സ്‌നേഹിച്ചു. ആ സ്‌നേഹമാകട്ടെ ഒരിക്കലും അവളിൽനിന്ന് അകറ്റപ്പെട്ടുമില്ല. അവളെന്നും അവനെ ഓർത്തു. അവൻ അവളുടെ സ്‌നേഹത്തെയും. സ്‌നേഹം വിധിയുടെ മാനദണ്ഡമാക്കിയിട്ടുള്ളവൻ ആ സ്‌നേഹത്തിന് വലിയ വില കല്പിക്കുന്നു. എത്രമാത്രം നീ സ്‌നേഹിക്കുന്നുണ്ട് എന്നതാണ് പ്രധാനം.
സ്‌നേഹിക്കുന്നവർ കണക്ക് സൂക്ഷിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. തന്റെ കുഞ്ഞിനെ എത്ര പ്രാവശ്യം മുലയൂട്ടി സ്‌നേഹിച്ചു എന്ന് ഏത് അമ്മയാണ് പറയുക. സ്‌നേഹം കുറയുമ്പോൾ കണക്ക് പറയാൻ തുടങ്ങും. മറിയം എന്നെ വെറുതെ വിട്ടിരിക്കുന്നത് നീ കാണുന്നില്ലേ എന്ന് മർത്താ പരാതിപ്പെടുമ്പോൾ, അവൾ ചെയ്യുന്ന ശുശ്രൂഷകളുടെ പ്രേരകശക്തി സ്‌നേഹമാണോ വെറും ധർമമാണോ? വെറും ധാർമിക മനുഷ്യനല്ല, ക്രിസ്തുവിന്റെ ഹൃദയത്തിനിണങ്ങിയവൾ. പ്രചോദനം പ്രകടമല്ല. മനുഷ്യൻ പ്രകടനം നോക്കി വിധിക്കുന്നു. ക്രിസ്തുവാകട്ടെ പ്രചോദനം വായിച്ചറിഞ്ഞും. പ്രകടമാക്കുന്നതിനെ അടിസ്ഥാനമാക്കി പ്രചോദനം അറിയുക മനുഷ്യന് എളുപ്പമല്ല. എന്നാൽ, സ്‌നേഹത്തിൽ പ്രചോദിതമാകാത്തതൊന്നും ക്രിസ്തുവിന്റെ മനസിൽ ഇടം ലഭിക്കുന്നതല്ല. ദൈവസ്‌നേഹത്തിന്റെ ഈരടികൾ ആർത്തുപാടുന്നവനും ഏറ്റുപാടുന്നവനും സ്‌നേഹമില്ലെങ്കിൽ അവനിൽ ഇടമില്ലെന്നറിയുക.
മറിയം നിന്നെ സ്വീകരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നും ഞാൻ ചെയ്യുന്നത് നിന്റെ ശ്രദ്ധയിൽപ്പെടാൻ അവൾ അനുവദിക്കുന്നില്ല എന്നുമൊക്കെയുണ്ട് മർത്തായുടെ ആകുലതകൾക്കിടയിൽ. മറിയത്തിന്റെ സ്‌നേഹത്തെ മർത്തായുടെ പ്രവൃത്തിക്ക് അളക്കാനാവില്ല. ഒന്നും പ്രവർത്തിക്കാത്തപ്പോഴും സ്‌നേഹിക്കാനാകും എന്നറിയുക. അത് സമയം പാഴാക്കലല്ല. സമയത്തിന്റെ സമഗ്രമായ വിനിയോഗം തന്നെയാണ്.
സ്‌നേഹിക്കുന്നവർ കണക്ക് സൂക്ഷിക്കില്ല എന്നതിന്റെ ഉത്തമോദാഹരണം അന്ത്യവിധിയിലെ വാക്കുകൾ തന്നെയാണ് (മത്തായി 25). വിശന്നപ്പോൾ ഭക്ഷിക്കാൻ തന്നു, ദാഹിച്ചപ്പോൾ കുടിക്കാൻ തന്നു, നഗ്നനായപ്പോൾ ഉടുപ്പിച്ചു, കാരാഗൃഹത്തിൽ വന്നു കണ്ടു, നാടോടിയായിരുന്നപ്പോൾ സ്വീകരിച്ചു, രോഗത്തിൽ ആശ്വാസമായെത്തി. ഇതു പറയുമ്പോൾ അവരുടെ മറുപടി ശ്രദ്ധിക്കുക: എപ്പോഴാണ് ഞങ്ങളിത് ചെയ്തത്. ഞങ്ങളിതൊന്നും ഓർക്കുന്നില്ല. വിശന്നപ്പോൾ തിന്നാൻ തന്നതും ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതും വസ്ത്രമില്ലാത്തപ്പോൾ ഉടുപ്പിച്ചതൊന്നും ഞങ്ങൾ ഓർക്കുന്നില്ലല്ലോ. എണ്ണിയും തൂക്കിയും ചെയ്ത കാര്യങ്ങളുടെ കണക്കൊന്നും സൂക്ഷിച്ചിട്ടില്ല. സ്‌നേഹത്തിൽ എന്തൊക്കെയോ ചെയ്തു. അത്രയേയുള്ളൂ. അതിത്രമാത്രം ശ്രേഷ്ഠമായിരുന്നെന്ന് അവർപോലും അറിഞ്ഞില്ല. കാരണം, ഉള്ളിലെ സ്‌നേഹം ചിലതു ചെയ്യാൻ നിർബന്ധിക്കുന്നു (2 കോറിന്തോസ് 5:14).
സ്‌നേഹത്തിന്റെ സ്വാഭാവികതയും ധ്യാനിക്കേണ്ടതാണ്. സ്‌നേഹമില്ലാതെ ശുശ്രൂഷിക്കുമ്പോൾ നാം വളരെ പെട്ടെന്ന് മടുക്കുന്നു. മനസിലെ മടുപ്പ് ശരീരത്തിന്റെ തളർച്ചയായും മാറും. പരിഭവങ്ങൾ ഏറെയാകും അവിടെ. ചെയ്യുന്ന കാര്യങ്ങൾ ക്രിസ്തുവിൽ ആകണമെങ്കിൽ സ്‌നേഹം കൂടിയേ തീരൂ. വെറും ധാർമികാചാര്യനല്ല ക്രിസ്തു. സ്‌നേഹരാജനാണ് അവിടുന്ന്.
ഒളിഞ്ഞിരിക്കുന്നത്
സൂക്ഷ്മതയോടെ നോക്കിയാൽ നാം ചെയ്യുന്ന പല ദൈവവേലകളിലും ശക്തമായ അഹങ്കാരം ഒളിഞ്ഞിരിപ്പുണ്ട്. അവന്റെ നാമത്തിൽ ജീവിക്കുന്നവർ എന്നു കരുതുന്നവർക്ക് ഇതേറെ ഉണ്ടാകാനിടയുണ്ട് എന്നതാണ് യാഥാർത്ഥ്യം. ദൈവം നമ്മുടെ കൈവെള്ളയിലാണെന്ന തോന്നൽ. മറ്റുള്ളവരെക്കാൾ കൊള്ളാവുന്നവരെന്ന ഗർവ്.
പണ്ടൊരു പ്രമുഖവ്യക്തിയുടെ ശുശ്രൂഷാജീവിതത്തിന്റെ ജൂബിലിയാഘോഷങ്ങൾ നടക്കുകയായിരുന്നു. ചെയ്ത വൻകാര്യങ്ങൾ കൂടുതൽ ശക്തമായി പറഞ്ഞ ആളെ വിളിച്ച് അദ്ദേഹം പറഞ്ഞു: ”ഞാൻ ചെയ്ത പ്രധാന കാര്യങ്ങളെല്ലാം നീ പറഞ്ഞു. പക്ഷേ, എന്റെ എളിമയെക്കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല!” ചെയ്യുന്ന കാര്യങ്ങൾക്കു പിന്നിൽ കൃപയേകിയ ദൈവത്തെ മറക്കാനിടയുണ്ട്. ഇടയ്ക്കിടെ അവന്റെ നാമം പറയുമ്പോഴും എന്റെ അഹമാണ് മുമ്പിലെങ്കിൽ ഞാൻ പറയുന്നതും ചെയ്യുന്നതും ഒന്നും ക്രിസ്തുവിന്റെ ഓർമയിൽ തെളിയാൻ ഇടയില്ല.
പരിമളമാവുക
ക്രിസ്തു നമ്മെ ഓർത്തിരിക്കാൻ നാം എന്തു ചെയ്യണം? അവൻ അറിയാൻ വിധത്തിൽ ചിലതു ചെയ്യണം. ഒരുപക്ഷേ, അവൻ മാത്രം അറിയാൻ വിധത്തിൽ. അതിന് രണ്ടുപേർക്കിടയിൽ ചില സമാനതകൾ വേണം. ക്രിസ്തുവും ഞാനും പരസ്പരം അറിയുന്ന ചില സമാനതകൾ. അതിലൊന്ന് അവനേറ്റ ക്ഷതങ്ങളിൽ ചിലത് എനിക്കേൽക്കണം എന്നതാണ്. അതായത്, ക്രിസ്തു കടന്നുപോയ ചില കഷ്ടതകളിൽ ഞാനും പങ്കുചേരണം. അത് ഏകാന്തതയോ വേദനയോ ആരോപണമോ പരിഹാസമോ വഞ്ചനയോ ദാരിദ്ര്യമോ പട്ടിണിയോ പ്രവാസമോ എന്തുമാകാം. ക്രിസ്തുവിനുവേണ്ടി എന്നു പറഞ്ഞ് ജീവിച്ചിട്ട് ഇതിലേതെങ്കിലും ചിലതിൽ ഞാൻ മുങ്ങിക്കുളിർന്നിട്ടുണ്ടോ?
എന്റെ തെറ്റുകൊണ്ടല്ല, മുറിവേറ്റവരെ വീണ്ടെടുക്കാൻ നടത്തിയ യാത്രകൾക്കിടയിൽ സംഭവിച്ചത്. ഞാൻ രക്ഷിച്ച അല്ലെങ്കിൽ വീണ്ടെടുത്തവനുപോലും അറിയില്ല അതിന്റെ പിന്നിൽ ഞാനായിരുന്നു എന്ന്. അതവനെ അറിയിക്കാൻ ഞാനൊരിക്കലും ശ്രമിച്ചിട്ടുമില്ല. പക്ഷേ, നിർണായകസമയത്ത് ക്രിസ്തുവിന്റെ കൈയിലെ അസ്ത്രമായി ഞാൻ മാറി. അവൻ ആരെ ഉന്നംവച്ചുവോ അവിടെത്തന്നെ അതു ചെന്നു പതിച്ചു. അസ്ത്രം നുറുങ്ങിയിരിക്കാം, പക്ഷേ ലക്ഷ്യം സാധ്യമായി.
നഷ്ടമായ ആടിനെ രക്ഷിക്കാൻ ഇടയൻ നടത്തുന്ന യാത്രയും മുറിവുകളും കഷ്ടതയും ആടറിയുമോ? പക്ഷേ നല്ല ഇടയനായ ക്രിസ്തു അറിയും. ഒരാത്മാവിന്റെ രക്ഷയ്ക്കായി ഞാൻ എത്രത്തോളം നിലവിളിച്ചുവെന്നും കഷ്ടപ്പെട്ടുവെന്നും ഒരാളും അറിയില്ല. പ്രകടനം നോക്കി വിലയിടുന്നവർ അതറിയാൻ തീരെ സാധ്യതയില്ല. എന്നാൽ ഉടയവൻ അറിയുന്നു. വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നതുപോലെ, നമ്മുടെ രക്ഷയ്ക്കായി ആരെല്ലാം അധ്വാനിച്ചു എന്ന് നാമറിയുന്നത് നിത്യതയിലാണ്. ഭൂമിയിൽ വച്ചുമാത്രം തീരുന്നതല്ല ക്രിസ്തു പഠിപ്പിച്ച നീതി. അത് നിത്യതയോളം നീളുന്നതാണ്.
അവന്റെ വഴികളെ ധ്യാനിക്കുന്നവർക്കും ആ മാറിൽ ചാഞ്ഞിരിക്കുന്നവർക്കും മാത്രമേ ആ ഹൃദയമിടിപ്പുകൾക്കനുസൃതം ശുശ്രൂഷ ചെയ്യാനാകൂ. നിത്യതയുടെ കവാടത്തിൽ അവൻ കാത്തുനിൽക്കുന്നുണ്ട്, അവനായി ക്ഷതമേറ്റവരെ സ്വാഗതം ചെയ്യാനും അവന്റെ പരിമളം പരത്തുന്നവരെ ചേർത്തുപിടിക്കാനും. ഈ യാത്രയുടെ ഒടുക്കം അങ്ങെന്നെ തിരിച്ചറിയാതെ പോകുന്ന ദുരന്തം എനിക്ക് വരരുതേ, അതുമാത്രമാണ് പ്രാർത്ഥന.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ
Shalom Times
Post a Comment