ദുഃഖശനി
യേശുവിന്റെ സഹനത്തിനു പിന്നിലെ നമ്മോടുള്ള സ്നേഹം തിരിച്ചറിഞ്ഞ്, ജീവിതത്തിൽ ചുവടുമാറ്റി ചവിട്ടാനുള്ള നമ്മുടെ തീരുമാനത്തിന്റെ പ്രഖ്യാപനമാണ് ഇന്നത്തെ മാമ്മോദീസ വ്രതനവീകരണം. ഒരു പുതുജീവിതത്തിന്റെ പണിപ്പുരയിലാണ് നാം. നമ്മുടെ തീരുമാനത്തെ ശക്തിപ്പെടുത്താനുള്ള നല്ല അന്തരീക്ഷമാണ് ദുഃഖശനിയുടെ നിശബ്ദത. സാത്താനെയും അവന്റെ പ്രവൃത്തികളെയും ഉപേക്ഷിക്കാനും ക്രിസ്തുവിൽ ഒരു പുതിയ ജീവിതത്തിനായി സമർപ്പിക്കാനുമുള്ള തീരുമാനമാണ് വിശ്വാസ സമൂഹം ഏറ്റുപറയുക. പുതിയ ജീവിതത്തിന്റെ പ്രതീകങ്ങളാണ് പുതിയ വെള്ളവും പുതിയ തീയും. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് പാനം ചെയ്ത്, ക്രിസ്തുവിന്റെ വെളിച്ചത്തിൽ സഞ്ചരിക്കുവാനുള്ള ആഗ്രഹം.
നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞ്, ഇനി മേലിൽ പാപം ചെയ്യുകയില്ലെന്ന് തീരുമാനിച്ചപ്പോൾ, നമ്മിലെ പഴയ മനുഷ്യൻ മരിക്കുകയും നാം യേശുവിന്റെ മരണത്തിൽ പങ്കുചേരുകയും ചെയ്തു. നമ്മുടെ പാപത്തിന്റെ പാതാളങ്ങളിലേയ്ക്ക് അവനിറങ്ങി വന്ന് നമ്മെയും കൈ പിടിച്ചുയർത്തി. ആഗ്രഹിക്കാത്ത തിന്മ ഇനിയും ചെയ്യാതിരിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ടത് പാപസാഹചര്യങ്ങൾ ഒഴിവാക്കുന്നതിലാണ്. മനസ്താപപ്രകരണത്തിൽ നാം ചൊല്ലും: “അങ്ങയുടെ പ്രസാദവര സഹായത്താൽ പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലയെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു”. പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുക പുതിയ ജീവിതത്തിന്റെ സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്.
റോഡരികിലെ കാന വൃത്തിയാക്കുന്നവർ, പലപ്പോഴും കാനയിൽ നിന്നു കോരിയെടുക്കുന്ന അഴുക്കെല്ലാം കാനയുടെ മുകളിൽ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീടു വന്ന് കൊണ്ടുപോകുമെന്നാണ് പറച്ചിൽ. പക്ഷെ, പലപ്പോഴും സംഭവിക്കാറില്ല. ദിവസങ്ങൾ പിന്നിടുന്തോറും, അഴുക്കെല്ലാം കാനയിലേക്കു ഊർന്നിറങ്ങി വീണ്ടും തടസ്സം സൃഷ്ടിക്കും. വീണ്ടും വൃത്തിയാക്കാൻ വരുമ്പോൾ കാണുന്നത് പഴയ അഴുക്കുകൾ തന്നെ. എല്ലാ കുമ്പസാരത്തിലും ഒരേ പാപങ്ങൾ തന്നെയാണ് നമുക്കും പറയാനുള്ളത്.
യേശുവിന്റെ പിന്നാലെ ഞാൻ പോകുവാനെന്നാത്മാവിൽ
തീരുമാനം ചെയ്തു മേലിൽ പിന്നിലേക്കില്ലൽപവും.
Post a Comment