തവിട്ടുനിറത്തിലുള്ള ളോഹയുടെ പുറമേ അരയിൽ കെട്ടിയ വെള്ളച്ചരടിൽ മുറുകെ പിടിച്ചു സദസിനെ നോക്കി അച്ചൻ ചോദിച്ചു, എന്താണു വിവാഹം? സദസ് അച്ചന്റെ മുഖത്തേക്കു നോക്കിയിരുന്നു. അച്ചൻ പറഞ്ഞുതുടങ്ങി. ചക്കാത്തിൽ ചുമക്കാൻ പറ്റാത്തത്, എളുപ്പത്തിൽ എടുക്കാൻ പറ്റാത്തത്, പിള്ളകളിച്ചു നടക്കാൻ പറ്റാത്തതെന്താണോ അതാണ് വിവാഹം. അച്ചൻ പുഞ്ചിരിച്ചു, സദസ് ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ അച്ചനോടൊപ്പം ചിന്തിച്ചു.
ഇതു ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. കപ്പുച്ചിൻ വൈദികൻ. അല്പംകൂടി ചേർത്തുപറഞ്ഞാൽ കപ്പുച്ചിൻ സന്യാസസഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സൂപ്പീരിയർ. 23 വർഷമായി ലോകമെങ്ങുമുള്ള മലയാളിക്കുടുംബങ്ങളുടെ പ്രിയപ്പെട്ട മാർഗദർശി. ലോകത്തിൽ ഏറ്റവും അധികം കുടുംബനവീകരണ ധ്യാനവും ക്ലാസുകളും സെമിനാറുകളും നടത്തുന്ന പുരോഹിതൻ. ക്രൈസ്തവർക്കു മാത്രമല്ല മുസ്ലിം, ഹിന്ദു, കൂടാതെ ഇതര ക്രൈസ്തവസഭാമക്കൾക്കും സ്വീകാര്യൻ. അഞ്ചു മിനിട്ടു പോലും ഒരേ ഇരുപ്പിൽ ഇരുന്നു പ്രസംഗം കേൾക്കാൻ മടിക്കുന്ന ജനം അച്ചന്റെ മുന്നിൽ എത്ര മണിക്കൂറുകൾ വേണമെങ്കിലും ഇരിക്കും. സമയം കടന്നുപോകരുതെന്നു മനസിൽ പ്രാർഥിക്കുന്ന സദസ്. സരസമായി, നർമത്തിൽ പൊതിഞ്ഞു കഥകളും ഉപകഥകളും പറഞ്ഞ് എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാര്യങ്ങൾ അവതരിപ്പിക്കുന്ന വൈദികൻ വേറെയുണ്ടോ എന്നറിയില്ല. യുട്യൂബിലെ താരമായ വൈദികൻ. 15 ലക്ഷം പേരാണ് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം യുട്യൂബിലൂടെ ശ്രവിച്ചത്. ഓരോ പ്രഭാഷണവും അഞ്ചു ലക്ഷം മുതൽ എട്ടു ലക്ഷം വരെ ശ്രോതാക്കളെ സൃഷ്ടിക്കുന്നു. 42 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. കുടുംബനവീകരണമാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്.
ബൈബിളിനെ വ്യാഖ്യാനിക്കാൻ ധാരാളം ആളുകളുണ്ട്. കുടുംബത്തെ നവീകരിക്കാൻ ഞാൻ തീരുമാനിച്ചുവെന്ന് അച്ചൻ പറയും. അഞ്ച് പുസ്തകമെഴുതി, ഏഴ് പാട്ടുകളും എഴുതി. സരസമായ സംസാരം, ദൈവചൈതന്യം നിറഞ്ഞ പുഞ്ചിരി, ഫലിതം നിറഞ്ഞ അവതരണ രീതി. ക്രിസ്തീയ സന്ദേശം എല്ലാ മതസ്‌ഥർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കാൻ താൽപര്യമുള്ള പുരോഹിതൻ. ഇടുക്കിയിലെ വലിയതോവാളയുടെ ഗ്രാമീണതയും നിഷ്കളങ്കതയും പരിശുദ്ധിയും ജീവിതത്തിലുള്ള വൈദികൻ. നർമരസമുള്ള കുടുംബനവീകരണ ധ്യാനങ്ങളുമായി ലോകം ചുറ്റുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എന്താ നർമത്തിലൂടെ പറയുന്നതെന്നു ചോദിച്ചാൽ പറയും, എനിക്ക് ഏതു പ്രസംഗവും അഞ്ചുമിനിട്ട് കേട്ടാൽ ബോറടിക്കും. അപ്പോൾ എന്റെ അനുഭവമായിരിക്കും എല്ലാവർക്കുമെന്ന ചിന്തയുള്ളതുകൊണ്ട് ബോറടിമാറ്റാനും ഗൗരവമുള്ള വിഷയത്തെ പ്രതിപാദിക്കുമ്പോൾ ആളുകൾക്കു പെട്ടെന്നു മനസിലാക്കാനുംവേണ്ടിയാണ് അല്പം സരസമായി പറയുന്നത്. വായനയിൽ നിന്നും യാത്രയിൽ നിന്നും അനുഭവത്തിൽ നിന്നും ഉരുത്തിരിയുന്ന കഥകൾ അവതരിപ്പിക്കാനും ചേരുംപടി ചേർക്കാനും കഴിയുന്നു.
ഇടുക്കി വലിയതോവാള പുത്തൻപുരയ്ക്കൽ ജോസഫ്–അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൻ. തത്ത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ. സ്കൂളിൽ ഡിസിഎൽ, ദീപിക യൂത്ത് ലീഗ് തുടങ്ങിയവയിലൂടെ നേതൃപാടവത്തിനുള്ള പരിശീലനം. കെഎസ്സി വിദ്യാർഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റുവരെയായി. കേരളകോൺഗ്രസ് പിളർന്നപ്പോൾ പരിപാടി ഉപേക്ഷിച്ചു. തുടർന്നു ഗുജറാത്തിലെ സിഎംഐ സഭയിലെ അച്ചൻമാരുടെ കൂടെ ഒന്നര വർഷം. തിരിച്ചുവന്നതു വൈദികനാകാൻ ഉറച്ച്. സുവിശേഷപ്രസംഗവും ധ്യാനവുമായി കഴിയുന്ന കപ്പുച്ചിൻ സഭയിൽ ചേർന്നു.
കോട്ടയം, കാരിത്താസ് കപ്പുച്ചിൻ വിദ്യാഭവനത്തിലായിരുന്ന വൈദികപഠനം. 1993 ഡിസംബർ 26നു വൈദികാന്തസിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരം, ഉഴവൂർ, ഭരണങ്ങാനം എന്നിവിടങ്ങളിൽ ധ്യാനഗുരു. അസീസി ധ്യാനമന്ദിരത്തിൽ ഡയറക്ടർ. ഇപ്പോൾ കപ്പുച്ചിൻ സന്യാസസഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സൂപ്പീരിയർ. ഇതെല്ലാമാണെങ്കിലും 18 മണിക്കൂറിലധികം നിരന്തരപ്രയത്നം. യാത്രകളിൽ വായന, വിമാനയാത്രകളിൽ പുസ്തകമെഴുത്ത്. സഭയെയും സഭാമക്കളെയും ഒന്നിച്ചുകൊണ്ടുപോകുമ്പോഴും കുടുംബജീവിതം നന്മയുള്ളതാക്കാൻ പ്രവർത്തനം. ആകെയുള്ളത് ഒരു സഹോദരൻ, പേര് തോമസ്. പണി കൃഷി. തോമസിന്റെ മകൻ ഫാ. ജിന്റോ പുത്തൻപുരയ്ക്കൽ ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തിലുണ്ട്.
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ഉറവിടം നേരെയായാൽ ഉറവയുടെ ഒഴുക്കും നേരെയാകും. സ്നേഹത്തിന്റെ ശൂന്യതയാണ് ബന്ധങ്ങൾ തകർക്കുന്നത്. ലോകം മുഴുവൻ നന്നാക്കുന്നവരാണ് എല്ലാവരും. പക്ഷേ, ജീവിതപങ്കാളിയോടു സംസാരിക്കാൻ സമയമില്ല. യന്ത്രം പോലെ ഓടിനടന്നിട്ടു കാര്യമില്ല. സ്നേഹിക്കുന്ന ഭർത്താവുണ്ടോ ഭാര്യ ഏതു കുരിശും ചുമക്കും. ഏതു പാവയ്ക്ക തിന്നാലും കയ്ക്കില്ല. ഏതു പുളി തിന്നാലും പുളിക്കില്ല. ദാമ്പത്യജീവിതത്തെ പിക്നിക്കിനോടാണ് അച്ചൻ ഉപമിക്കുന്നത്. ആദ്യനാളുകളിൽ യാത്ര വൃന്ദാവനത്തിലൂടെ. നിറയെ പൂക്കൾ, ഒഴുകുന്ന പുഴ, ചുറ്റും വൈദ്യുത അലങ്കാരങ്ങൾ. പിന്നെ വാഹനം കാട്ടിലേക്ക് കയറുന്നു. കുത്താൻ വരുന്ന ആന, വെട്ടാൻ വരുന്ന കാട്ടുപോത്ത്, തൊലിക്കട്ടിയുള്ള കാണ്ടാമൃഗം. ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. പിന്നെയും വൃന്ദാവനത്തിലേക്ക് വരാം.
ഒന്നിച്ചു യാത്രചെയ്താൽ. ഒരു അവാർഡുദാനച്ചടങ്ങ്. 50 വർഷമായി പിണങ്ങാതെയും കലഹിക്കാതെയും ജീവിക്കുന്ന കുടുംബം. അവാർഡ് സ്വീകരിച്ചുകൊണ്ട് ഭർത്താവു സദസിനോടു പറഞ്ഞു: വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞു, അടിക്കാനും ഇടിക്കാനും തൊഴിക്കാനും തോന്നിയാൽ ഞാൻ വീടിന്റെ വരാന്തയിൽ ഇറങ്ങിനിൽക്കും. നീ മുറി അകത്തുനിന്നു പൂട്ടി കിടന്നുകൊള്ളണം. കൺട്രോളിൽ സംസാരിക്കാൻ സാധിച്ചാൽ വാതിലിൽ മുട്ടും. അപ്പോൾ തുറന്നാൽ മതി. ഇതു ജീവിതത്തിൽ വിജയകരമായി നടപ്പിലാക്കി. ഇപ്പോഴും ഞാൻ വീടിന്റെ വരാന്തയിൽ തന്നെയാണ്.
തോൽക്കാൻ മനസുണ്ടെങ്കിൽ വിവാഹത്തിൽ ജയിക്കാം, എത്ര വിളഞ്ഞു നടക്കുന്നവനും പക്വതയും പാകതയും നൽകുന്നതാണ് വിവാഹം. പെണ്ണു കെട്ടെടാ, നീ നന്നാകും – നമ്മൾ കേൾക്കുന്ന വാചകം. അവളെ കെട്ടിച്ചുവിടുക അവൾ ഒതുങ്ങിക്കൊള്ളും. ദാമ്പത്യം ഒരുമിച്ചു സഹിക്കാനും ഒരുമിച്ചു കരയാനും പടുത്തുയർത്താനുമുള്ളതാണ്. ദാം എന്നാൽ ദാനം ചെയ്യുക. പത്യം എന്നാൽ ഒരുമിച്ച് സഹിക്കുക.
വിവാഹത്തിന്റെ ആദ്യനാളുകളിൽ ബസിനുള്ളിൽ തട്ടിയും മുട്ടിയും കൂട്ടിയുരുമ്മിയും നഖത്തിലെ ചെളിയും കുത്തി ഇണപ്രാവുകളെപ്പോലെ ഇരിക്കുന്ന ദമ്പതികൾ. കണ്ടക്ടർ ടിക്കറ്റെടുക്കാൻ വരുമ്പോൾ, കണ്ടക്ടർസാറേ കണ്ടക്ടർസാറേ ഒരു ടിക്കറ്റ്. നിങ്ങളിൽ ആർക്കാണ് മുന്നു വയസ് ആകാത്തതെന്ന കണ്ടക്ടറുടെ പരിഹാസമൊന്നും അവരെ ബാധിക്കില്ല. ഞങ്ങളെ കെട്ടിച്ച അച്ചൻ പറഞ്ഞത് ഇനിമുതൽ നിങ്ങൾ രണ്ടല്ല, ഒന്നാണെന്നാണ്. ആദ്യമൊക്കെ തട്ടിയുംമുട്ടിയും മുട്ടിയുരുമ്മിയും ഇരിക്കും. ഗർഭിണിയായോ.. നീ മുന്നിലിരുന്നോ ഞാൻ പിന്നിലിരുന്നോളാം, രണ്ടുമൂന്നു കുട്ടികളായോ.. നീ ഈ ബസിൽ പൊയ്ക്കോ ഞാൻ അടുത്ത ബസിൽ വരാം. ഇതാണു കാലം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ഇമ്പമില്ലെങ്കിൽ ഭൂകമ്പമാകുമെന്ന് അച്ചൻ പറഞ്ഞുവയ്ക്കുന്നു. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം. ഒരുമയില്ലെങ്കിൽ ഉലക്ക മേലേ കിടക്കും.
ആദത്തിനൊരു ഇണവേണമെന്നു ദൈവത്തിനു തോന്നി. ദൈവം സൃഷ്ടിച്ചതിൽ ചിരിക്കാത്ത സാധനം ആദം മാത്രമായിരുന്നു. അവന്റെ മനസിനു സന്തോഷം നൽകാനാണ് ഇണയെ കൊടുക്കാൻ തീരുമാനിച്ചത്. പിടിയാന, എരുമ... നീളുന്നു ലിസ്റ്റ്. ഇതൊന്നും ഇണയാകുന്നില്ല. തേങ്ങാമുറിയും അടയ്ക്കാമുറിയും ചേരില്ലല്ലോ. തങ്കച്ചനും തങ്കമ്മയും തമ്മിലേ ചേരൂ. ആദത്തെ ഗാഢനിദ്രയിലാക്കി. ബൈബിളിൽ ഗാഢനിദ്ര ഇവിടെ മാത്രമേയുള്ളൂ. സ്ത്രീ വരുന്നതിനു മുമ്പു മാത്രമാണ് പുരുഷൻ ഗാഢനിദ്രയിൽ കിടന്നിട്ടുള്ളൂ. സ്ത്രീ വന്നിട്ട് ഉറങ്ങാൻ പറ്റിയിട്ടില്ല. ആദത്തെ ഉറക്കി തലയിലെ എല്ലെടുക്കാൻ നോക്കി. അവൾ പുരുഷന്റെ തലയിൽ കയറുമെന്നു ബോധ്യമായതുകൊണ്ട് ദൈവം അതുപേക്ഷിച്ചു. കാലിനെ എടുത്തില്ല. അവൻ അവളെ കാലേൽ വാരി അടിക്കുമെന്നു മനസിലായി. വാരിയെല്ല് എടുത്തു സ്ത്രീയെ സൃഷ്ടിച്ചു. പെണ്ണിനെ കണ്ടപ്പോൾ ആദം ചിരിച്ചു.
ദൈവം യോജിപ്പിച്ചതു മനുഷ്യൻ വേർപെടുത്തരുത്. വിവാഹം ചേർന്നൊരു തുണയെ നല്കുകയാണ്. വായ് തുറന്നു സംസാരിക്കാത്തവനു വായ് അടയ്ക്കാതെ സംസാരിക്കുന്നവൾ, പിശുക്കനു ഭൂലോക ധുർത്തുകാരിയെ, മുൻകോപിക്കു ശാന്തസ്വഭാവക്കാരിയെയും കിട്ടും. ചേർന്നൊരു ഇണയെക്കുറിച്ചുള്ള കാര്യം പറയുന്നതിനിടെ അച്ചനൊരു കഥ പറയുന്നുണ്ട്. സ്വർഗത്തിൽ നിന്നു മാലാഖ പ്രത്യക്ഷപ്പെട്ട് മാർപാപ്പയോടു പറഞ്ഞത്രേ: ‘ദൈവം മനസ് മാറ്റിയിരിക്കുന്നു. ഇന്നു പാതിരാത്രി മുതൽ ഒരു നിയമം വരുന്നു. ഇപ്പോഴുള്ള ഭാര്യയെ മാറ്റി ഭർത്താവിനു പുതിയ ഒരാളെ സ്വീകരിക്കാം. അതുപോലെ ഭാര്യമാർക്കും ഭർത്താവിനെ മാറ്റി പുതിയ ഒരാളെ സ്വീകരിക്കാം.’ ഈ സംഭവം ജനങ്ങളോടു പറയാൻ മാർപാപ്പ എന്നോടാണു കേട്ടോ പറഞ്ഞിരിക്കുന്നത്. അച്ചൻ പറഞ്ഞുതുടങ്ങി, അപ്പോൾ പ്രസംഗം കേട്ടിരുന്നവരിൽ ഒരാൾ തലപൊക്കിനോക്കി ചോദിച്ചു, ‘അച്ചൻ ചുമ്മാ കൊതിപ്പിക്കാൻ പറയുവാണോ?’
അഭിഭാഷകൻ കൂടിയായ അച്ചൻ നിരവധി കേസുകളിൽ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവർക്കു നീതി ലഭിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനിടയിലും സാമ്പത്തികശേഷിയുള്ളവരുടെ കേസുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 101 പവൻ സ്വർണവും 35 ലക്ഷവും സ്ത്രീധനം നൽകി പെണ്ണിനെ കെട്ടിച്ചുവിട്ടു. വെറും ഏഴു ദിവസം മാത്രം ഒന്നിച്ചുള്ള ജീവിതം. നല്ല സ്വഭാവമുള്ള യുവാവ്. പക്ഷേ, ഒരു കുഴപ്പം മാത്രം, ഉച്ചിമുതൽ പാദംവരെ ഒന്നു തൊട്ടാൽ വെള്ളം പോലെ തണുക്കും. ഭാര്യ ശരീരത്തിൽ സ്പർശിക്കണമെങ്കിൽ സ്പൂൺ വേണം. അവസാനം വിവാഹമോചനത്തിലേക്ക്. ചർച്ചകളും കൗൺസലിംഗും നടന്നു. സ്ത്രീധനം തിരിച്ചുകൊടുത്തു. 50,000 രൂപ വിലമതിക്കുന്ന ഗോദ്റേജ് അലമാര മിച്ചമായി. ഭാര്യയുടെ ഓർമയ്ക്കുവേണ്ടി വയ്ക്കണമെന്നു ഭർത്താവ് വാദിച്ചു. ഭാര്യ സമ്മതിച്ചില്ല. രണ്ടുപേരും പിരിഞ്ഞു. ഒരു ദിവസം ആശ്രമത്തിൽ പത്രവായനയിൽ മുഴുകിയിരിക്കുമ്പോൾ ഒരു മിനി ലോറി ആശ്രമത്തിനു മുന്നിൽ. പെണ്ണിന്റെ അപ്പൻ, ഗോദ്റേജ് അലമാര, മൂന്ന് ചുമട്ടുകാർ. പെണ്ണിനും ചെറുക്കനും അലമാര വേണ്ടാത്ത സ്‌ഥിതിക്ക് അച്ചനിരിക്കട്ടെ എന്നായി പെണ്ണിന്റെ അപ്പൻ. ഇതാണ് ഡൈവോഴ്സ് കേസിൽ കിട്ടിയ ആദ്യത്തെ സമ്മാനം.
നമ്മൾ കൊടുംപാപികളല്ലെന്നാണ് അച്ചന്റെ വേദം. പക്ഷേ, നമ്മൾ ആഗ്രഹിക്കുന്ന നന്മ ചെയ്യാതെ ആഗ്രഹിക്കാത്ത തിന്മ ചെയ്യുന്നു. തീയറ്ററിൽ പോയി നല്ല സിനിമ കാണുമ്പോൾ സന്തോഷിക്കും. ഇടയ്ക്ക് കറന്റ് പോയാലോ നമ്മളിലെ കുറുക്കൻ തലപൊക്കും. പിന്നെ കൂവലാണ്. ബസ് സ്റ്റാൻഡിൽ ബസ് വന്നു നിൽക്കുമ്പോൾ ഇടിച്ചുകയറാനുള്ള തിടുക്കം. മറ്റുള്ളവരെ താഴെയിട്ടിട്ടായാലും സീറ്റ് തരപ്പെടുത്തണം. ബസിൽ കയറിയാലോ നല്ല സീറ്റിനുവേണ്ടിയുള്ള തിടുക്കം. ഒരു ബസ് സ്റ്റാൻഡിൽ ഒരു ബസ് വന്നു നിന്നു. ഒരു വല്യമ്മച്ചി കവണി വാരിച്ചുറ്റി രണ്ടുമൂന്നു കൂടുകളുമായി ഇറങ്ങാനുള്ള നീക്കം. ഇടിച്ചുകയറാനുള്ളയാത്രക്കാരുടെ ശ്രമത്തിനിടയിൽ വല്യമ്മച്ചി വേച്ചുപോകുന്നു. അപ്പോൾ വല്യമ്മച്ചി പറയുകയാണ്, ‘മക്കളെ നിങ്ങൾക്ക് മറ്റേതെങ്കിലും വണ്ടിയിൽ കയറാം. എനിക്ക് ഈ വണ്ടിയിൽ നിന്നല്ലാതെ ഇറങ്ങാൻ പറ്റുമോ’. മനുഷ്യന്റെ സ്വാർഥതയെക്കുറിച്ച് ഇതിലും സരസമായി എങ്ങനെ പറയാനാണ്.
അപ്പന്റെയും അമ്മയുടെയും ആങ്ങളയുടെയും സ്നേഹം ഒന്നിച്ചു കൊടുക്കുന്നവനാണ് ഉത്തമനായ ഭർത്താവ്. സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും വിട്ടു ഭർത്താവിന്റെ അടുത്തേക്കു വരണം. സ്വന്തം അപ്പനെയും അമ്മയെയും ഒട്ടിപ്പിടിച്ചു നിൽക്കരുത്. ഭർത്താവിനെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്.
സ്ത്രീ ക്ഷമിക്കും, മറക്കില്ല. പുരുഷൻ മറക്കും, പക്ഷേ, ക്ഷമിക്കില്ല.
ചില കേസുകളിൽ ഒറ്റപ്പുത്രനെ വിവാഹം കഴിക്കുന്ന പെണ്ണിനു ദുരിതമാണ്. അമ്മയിൽ നിന്ന് ഒരു വിടുതൽ മകനു ലഭിക്കാൻ പ്രയാസമാണ്. വന്നുകയറുന്ന പെണ്ണ് എപ്പോഴും ഒരു വിരുന്നുകാരിയായിരിക്കും.
ഒന്നിച്ചു പ്രാർഥിക്കുന്ന, ഒന്നിച്ചു ഭക്ഷിക്കുന്ന കുടുംബം വിജയിക്കും. മാർച്ചുമാസത്തിലെ കൊടുംചൂടിൽ പള്ളിയിൽ മഴയ്ക്കായുള്ള പ്രാർഥന നടക്കുന്നു. ഉച്ചകഴിഞ്ഞു മാതാപിതാക്കൾ പ്രാർഥിക്കാനായി പള്ളിയിലേക്കു പോയി. ഏഴു വയസുകാരൻ ടോമി പപ്പയോടും അമ്മയോടും ചോദിച്ചു, എവിടെ പോകുന്നു? മഴയ്ക്കായി പ്രാർഥിക്കാൻ പള്ളിയിൽ പോകുന്നു. അപ്പോൾ അവന്റെ നിഷ്കളങ്കമായ അടുത്ത ചോദ്യം. എന്നിട്ടെന്താ നിങ്ങൾ കുടയെടുക്കാതെ പോകുന്നത്? മാതാപിതാക്കളിൽ ആഴമേറിയ വിശ്വാസം വേണം. ഇതു കാണുന്ന മക്കളിലേക്കും വിശ്വാസം വന്നുകൊള്ളും.
പ്രായമായ മാതാപിതാക്കളോടുള്ള പെരുമാറ്റം മക്കൾ നോക്കിക്കാണും. നിങ്ങളുടെ വാർധക്യകാലത്ത് അവരും അതേ വിധത്തിൽ പ്രതികരിക്കും. പ്രായമായ വല്യപ്പൻ ചാരുകസേരയിൽ കാലും നീട്ടിയിരുന്നു പത്രം വായിക്കുന്നു. നാലു വയസുകാരൻ പറയുന്നു, വല്യപ്പൻ ഒന്നു ശരിക്കും കണ്ണടയ്ക്കാമോ? വല്യപ്പൻ–അതെന്തിനാണ് കളിക്കാനാണോ? വല്യപ്പൻ കണ്ണടച്ചാൽ കാര്യം പറയാം. കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിൽ വല്യപ്പൻ കണ്ണടച്ചുകിടന്നു. അവന്റെ കമന്റ്– ഇനി ഞങ്ങളുടെ വീട്ടിൽ സമാധാനം വരും. വല്യപ്പൻ– അതെന്താടാ അങ്ങനെ പറഞ്ഞത്? കൊച്ചുമോൻ– എന്നും രാത്രിയിൽ കിടക്കാൻ നേരത്തു മമ്മി പപ്പയോടു പറയുന്നതു കേൾക്കാം, വല്യപ്പന്റെ കണ്ണടഞ്ഞാലേ ഈ വീട്ടിൽ സമാധാനമുണ്ടാവൂവെന്ന്.
സഭ സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്. പത്തനംതിട്ടയിൽ മാനസികരോഗികൾക്കു വേണ്ടിയുള്ള ഒരു ഭവനം. പുറപ്പുഴയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടിയുള്ള ഭവനം ഉടൻ യഥാർഥ്യമാകും. ഇതിനിടയിൽ തന്നെ നിരവധി മലയാളം ചാനലുകളിൽ കുടുംബനവീകരണപരിപാടികൾ സംഘടിപ്പിക്കുന്നു.
അവസാനം ഒരു ചോദ്യം. അച്ചന്റെ പ്രായം?
''40 വയസ് കഴിഞ്ഞിട്ട് അടുത്ത മേയ് മാസം 15 വർഷം കൂടി പൂർത്തിയാകും.''
- ജോൺസൺ വേങ്ങത്തടം, ഇടുക്കി ബ്യുറോ ചീഫ് , ദീപിക ( 2016 ൽ ദീപിക വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് )
ഫോട്ടോ: ബിബിൻ സേവ്യർ
Post a Comment