വിശുദ്ധ ചാവറയച്ചന്‍റെ ജീവിതം വിലയിരുത്തിക്കൊണ്ട് ഡോ. സുകുമാർ അഴീക്കോട് ഇപ്രകാരം എഴുതി: '' പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരാൾ ഇരുപതാം നൂറ്റാണ്ടിൽ ആദരപൂർവം അനുസ്മരിക്കപ്പെടുന്നുണ്ടെങ്കിൽ ആ വ്യക്തി പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചുകൊണ്ടുതന്നെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും സൃഷ്ടിച്ച ആളായിരിക്കും. അങ്ങനെയുള്ളവരെയാണ് യുഗസ്രഷ്ടാക്കൾ എന്നുവിളിക്കുന്നത്. അച്ചൻ അത്തരത്തിൽ ഒരു യുഗസ്രഷ്ടാവായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച് കേരളീയ സമൂഹത്തിന് ശക്തിയും വെളിച്ചവും പകർന്ന ചാവറയച്ചൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് സൂര്യതേജസായി ചൂടും വെളിച്ചവും പകരുന്നു. ഇത് തുടർന്നുകൊണ്ടേയിരിക്കും.""

ഒരു യുഗസ്രഷ്ടാവ് എന്നു ഡോ. അഴീക്കോട് വിശേഷിപ്പിക്കുന്ന വിശുദ്ധ ചാവറയച്ചൻ 1805 ഫെബ്രുവരി 10ന് കുട്ടനാട്ടിലെ കൈനകരിയിലാണ് ജനിച്ചത്. കളരി വിദ്യാഭ്യാസത്തിനുശേഷം പ്രസിദ്ധനായ പാലയ്ക്കൽ തോമാ മല്ലാനച്ചന്റെ കീഴിൽ വൈദികശിക്ഷണം സ്വീകരിച്ചു. 24-ാം വയസിൽ പുരോഹിതനായി അഭിഷിക്തനായി. അതിനുശേഷം അദ്ദേഹം ചെയ്ത ഒരു പ്രധാനകാര്യം ഫാ. തോമസ് പാലയ്ക്കൽ ഫാ. തോമസ് പോരൂക്കര എന്നിവരോട് ചേർന്നു സി.എം.ഐ സന്യാസസഭയ്ക്ക് രൂപം കൊടുക്കുകയായിരുന്നു. 1831ൽ മാന്നാനത്ത് ആരംഭിച്ച ഈ സന്യാസസഭയുടെ മേധാവി എന്ന രീതിയിലാണ് വിശുദ്ധ ചാവറയച്ചൻ കേരളം അന്നുവരെ കാണാതിരുന്ന ഒട്ടേറെ സാമൂഹിക -സാംസ്കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടത്. അതിലൊന്നു 1846 ൽ അദ്ദേഹം മാന്നാനത്ത് ആരംഭിച്ച സംസ്കൃത സ്കൂളായിരുന്നു. സംസ്കൃതപഠനം താഴ്ന്ന ജാതിക്കാർക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് സവർണരെയും അവർണരെയും ഒരേ ബെഞ്ചിലിരുത്തിക്കൊണ്ട് പഠിപ്പിക്കുന്ന സംസ്കൃത വിദ്യാലയത്തിന് അദ്ദേഹം ആരംഭം കുറിച്ചത്.

ദരിദ്രരായ വിദ്യാർത്ഥികൾ പഠനത്തിൽനിന്ന് പിന്മാറാതിരിക്കാൻ അവർക്ക് ഉച്ചക്കഞ്ഞി നൽകുന്ന രീതിയും വിശുദ്ധ ചാവറയച്ചൻ ആരംഭിച്ചു. അദ്ദേഹം ആരംഭിച്ച സൗജന്യ ഉച്ചക്കഞ്ഞി വിതരണത്തിൽ നിന്നു പ്രചോദനം സ്വീകരിച്ചാണ് പിൽക്കാലത്ത് സർക്കാർ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി ഏർപ്പെടുത്തണമെന്ന ശുപാർശ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ 1936 നവം. 26ന് തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചതെന്ന് ചരിത്രകാരനായ പ്രൊഫ. എം.എ. ശ്രീധരമേനോൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മാന്നാന്നത്ത് സ്കൂൾ ആരംഭിച്ചതിനുശേഷം കുടമാളൂരിലും ചാവറയച്ചൻ സ്കൂൾ ആരംഭിക്കുകയുണ്ടായി. എന്നാൽ, 'പള്ളിയോടൊപ്പം ഒരു പള്ളിക്കൂടം" എന്ന ആശയം 1864ൽ അദ്ദേഹം നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ മുതലാണ് വിദ്യാഭ്യാസരംഗത്ത് വലിയൊരു കുതിച്ചുചാട്ടം കേരളം ദർശിച്ചത്.




1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ്‌ റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സുറിയാനിക്കാരുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ്‌ റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

വൈദികർക്ക് വേണ്ടി സന്യാസസഭ ആരംഭിച്ചതിന് ശേഷം സ്ത്രീകൾക്കുവേണ്ടി ഒരു സന്യാസസഭ ആരംഭിക്കണമെന്ന തീവ്രമായ ആഗ്രഹം ചാവറയച്ചനുണ്ടായിരുന്നു. ഫാ. ലെയോപ്പോൾഡ് ബെക്കാറോ എന്ന ഇറ്റാലിയൻ മിഷണറിയുടെ സഹകരണത്തോടെ 1866 ഫെബ്രു. 13ന് കൂനന്മാവിൽ ഒരു മഠം തുടങ്ങാൻ ചാവറയച്ചന് സാധിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ കൂനന്മാവിൽത്തന്നെ പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കൂളും ബോർഡിംഗ് ഹൗസും ലെയോപ്പോൾഡ് മിഷണറിയുടെ സഹകരണത്തോടെ തുടങ്ങാൻ ചാവറയച്ചന് സാധിച്ചു.
മലയാളക്കരയിൽ ഇതൊക്കെ സംഭവിക്കുന്നത് ആദ്യമായിട്ടായിരുന്നു. വിശുദ്ധ ചാവറയച്ചൻ പുരുഷന്മാർക്കായി ആരംഭിച്ച സി.എം.ഐ സഭയിൽ ഇപ്പോൾ 1800 വൈദികർ ഉൾപ്പെടെ 3000 അംഗങ്ങളുണ്ട്. സ്ത്രീകൾക്കായി അദ്ദേഹം സ്ഥാപിച്ച സി.എം.ഡി സഭയിൽ ഇപ്പോൾ 6500 അംഗങ്ങൾ ഉണ്ട്.

മലയാളത്തിലെ ആദ്യത്തെ നാടകങ്ങൾ എന്നു സാഹിത്യ അക്കാഡമി അംഗീകരിച്ചിരിക്കുന്ന ഇടയനാടകങ്ങളുടെ (1857) കർത്താവാണ് ചാവറയച്ചൻ. ചാവറയച്ചന്റെ ഗുരുവായിരുന്ന ഫാ. തോമസ് പാലയ്ക്കലിനെക്കുറിച്ച് അദ്ദേഹം എഴുതിയ 'പാലയ്ക്കൽ തോമാ കത്തനാരുടെ ചരിത്രം" ആണ് ഒരു മലയാളിയെക്കുറിച്ച് മറ്റൊരു മലയാളി എഴുതിയ ആദ്യത്തെ ജീവചരിത്രം.

''മറ്റുള്ളവർക്ക് നന്മ ചെയ്യാത്ത ദിവസം നിന്റെ ആയുസിന്റെ പുസ്തകത്തിൽ ചേർക്കപ്പെടുകയില്ല"" എന്ന് പഠിപ്പിച്ച ചാവറയച്ചനാണ് കേരളത്തിൽ ആദ്യമായി ഒരു അഗതിമന്ദിരം 1869 ൽ കൈനകരിയിൽ സ്ഥാപിച്ചത്.

Post a Comment

Previous Post Next Post

Total Pageviews