സുഹൃത്തുക്കളേ, ദൈര്‍ഘ്യമുള്ള ഒരു പോസ്റ്റാണെന്ന് കരുതി വായിക്കാതിരിക്കരുത്. നിങ്ങള്‍ക്കോ, നിങ്ങളുടെ ഉറ്റവര്‍ക്കോ, ഉടയവര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഉറപ്പായും ഇത് ഉപകരിച്ചേക്കാം....
കാന്‍സര്‍ രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഡോ. തോമസ് വറുഗീസ്.....
ഏവരും ക്യാന്‍സറിനെ ഭയപ്പെടുമ്പോള്‍ കാന്‍സര്‍ ഭയക്കുന്ന ഒരാളുണ്ട് കൊച്ചിയില്‍ - അതാണ് ഡോ. തോമസ് വറുഗീസ് - M.S, FICS (ഓങ്കോളൊജി), FACS. ദൈവം കനിഞ്ഞു നല്‍കിയ ജീവിതം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാതെ ദുഃഖിതര്‍ക്കും, നിരാലംബര്‍ക്കും വേണ്ടി സേവനം ചെയ്താലേ അത് പൂര്‍ണ്ണതയില്‍ എത്തുകയുള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹം. കണ്ണീര്‍ തൂകുന്നിടത്ത് സാന്ത്വനസ്പര്‍ശവുമായി
എത്തുന്നതാണ് യഥാര്‍ത്ഥ ദൈവസ്നേഹമെന്ന് വിശ്വസിക്കുന്ന ഈ ഡോക്ടര്‍ സര്‍ജിക്കല്‍ ക്യാന്‍സര്‍ ചികിത്സയില്‍ പുതിയ ആശയങ്ങളും, പുതിയ മാനങ്ങളും തേടിക്കൊണ്ടിരിക്കുന്നു. തളരാത്ത ഉത്സാഹവും, പുതിയ അറിവുകള്‍ തേടാനുള്ള അഭിവാഛയുo, പരീക്ഷണങ്ങള്‍ വഴി റിസ്ക് എടുക്കുവാനും, തടസ്സങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും, അപരനെ സഹായിക്കാനുള്ള ത്വരയുമാണ് അദ്ദേഹത്തിന്‍റെ കൈമുതല്‍. അഭിമുഖത്തിനായി ഞാന്‍ ചെല്ലുമ്പോള്‍ കണ്‍സള്‍ട്ടിംഗ് മുറിയുടെ മുമ്പിലുള്ള ചുമരില്‍ എഴുതിവെച്ചിരിക്കുന്ന - Before you return to dust help someone to return to life എന്ന വാചകത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. ആ ആശയം അന്വര്‍ത്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒരാളാണല്ലോ ഡോക്റ്റര്‍ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.
സര്‍ജിക്കല്‍ ഓങ്കോളോജിയില്‍ പ്രശസ്തനും, പ്രഗല്‍ഭനുമായ ഡോ. തോമസ് വറുഗീസ് റാന്നിക്കടുത്ത കീക്കോഴൂരിലെ അധ്യാപകദമ്പതികളായ കെ.ടി.വറുഗീസിന്‍റെയും, മേരി വറുഗീസിന്‍റെയും മകനാണ്. റാന്നി എം.എസ്. ഹൈസ്ക്കൂളില്‍ നിന്നും അടിസ്ഥാന വിദ്യാഭ്യാസo പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും, കോഴഞ്ചേരി സെ.തോമാസില്‍ നിന്ന് യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്കോടെ ബി.എസ്സ്സിയും കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം,ബി,ബി.എസ് എടുത്തു. മുബൈയിലെ സയണ്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു എം. എസ്സ്. തുടര്‍ന്ന് മുബൈ ടാറ്റ മെമ്മോറിയല്‍ ക്യാന്‍സര്‍ ഹോസ്പിറ്റലില്‍ ഒമ്പതര വര്‍ഷം റസിഡന്‍റ് സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ആയി സര്‍ജിക്കല്‍ ഓങ്കോളൊജിയില്‍ സ്പെഷ്യലൈസ് ചെയ്തു.
ഇന്ത്യയില്‍ ആദ്യമായി ബ്രെസ്റ്റ് റീകണ്‍സ്ട്രക്ഷന്‍ പ്രോഗ്രാം പ്രൊജക്റ്റ് ആരംഭിച്ചത് ഡോക്റ്ററാണ്. സ്ത്രീ സൌന്ദര്യത്തിന്‍റെ ബഹിര്‍സ്പുരണമായ സ്തനങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടാല്‍ പിന്നെ അവര്‍ക്കുണ്ടാകുന്ന നൈരാശ്യം പറയേണ്ടതില്ലല്ലോ. രോഗം മാറിക്കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ പ്രതിച്ഛായയെ കുറിച്ചായിരിക്കും ചിന്ത. അങ്ങനെയുള്ളവര്‍ക്ക് ആശ നല്‍കുന്ന ചികിത്സാരീതിയാണ് കോസ്മമെറ്റിക്ക് സര്‍ജറി. "തൈറോയ്‌ഡ് ആന്‍റ് ബ്രെസ്റ്റ് സര്‍ജറി - തോമസ് ടെക് നിക്" എന്ന പേരില്‍ ഒരു സ്പെഷല്‍ ശസ്ത്രക്രിയ തന്നെ ഡോക്റ്റര്‍ കണ്ടുപിടിച്ചിട്ടണ്ട്. ഈ രീതിയില്‍ ശസ്ത്രക്രിയ ചെയ്താല്‍ തൈറോയ്‌ഡ് രോഗികളില്‍ സാധാരണയായി ഉണ്ടാകാറുള്ള ശസ്ത്രക്രിയയുടെ പാടുകള്‍ കാണുകയില്ല. സ്തനാര്‍ബുദ രോഗികള്‍ക്കാണെങ്കില്‍ മാറിടം പഴയതുപോലെ നിലനില്‍ക്കുകയും ചെയ്യും. ഡോക്റ്ററുടെ മസ്തിഷ്കശിശുവായ ഈ സര്‍ജറിയിലൂടെ ഇതിനകം 4000 ത്തോളം തൈറോയ്‌ഡ് ശസ്ത്രക്രിയകളും, 2000ത്തോളം ബ്രെസ്റ്റ് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ക്യാന്‍സര്‍ ബാധിച്ച അവയവങ്ങള്‍ മുറിച്ചുമാറ്റാതെ അവയെ ഉപയോഗിക്കാന്‍ പറ്റുംവിധം സംരക്ഷിക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തന്‍റെ മുമ്പിലിരിക്കുന്ന രോഗിക്ക് ശരീരവും, മനസ്സും, ആത്മാവും ഉണ്ടെന്നും ശരീരം സുഖമാകുന്നതിനോടൊപ്പം മനസ്സിനും സൗഖ്യം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
റിനായ് മെഡിസിറ്റിയില്‍ എത്തുന്നതുവരെയുള്ള ഡോക്റ്ററുടെ ഔദ്യോഗിക ജീവിതനാള്‍വഴിയിലേക്ക് ഒന്നു കണ്ണോടിക്കാം. ടാറ്റാ മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്‍ററിലെ 9 വര്‍ഷത്തെ പരിശീലനത്തിനു ശേഷം Memorial Sloan Kettering Cancer Centre, M D Anderson Cancer Centre, Johns Hopkins University, George Washington University, ആസ്ത്രേലിയയിലെ Peter Mc Callum Cancer Centre, ജപ്പാനിലെ Jutendo University എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ഒബ് സര്‍വറായി സര്‍ജിക്കല്‍ കാന്‍സറിന്‍റെ വിജ്ഞാനസാഗരത്തില്‍ മുങ്ങിത്തപ്പി മുത്തുകള്‍ വാരിയെടുത്താണ് കേരളത്തിലേക്ക് മടങ്ങിയത്. പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ HODയായി 7 വര്‍ഷവും, ലേയ്‌ക്ക് ഷോറില്‍ സര്‍ജിക്കല്‍ ക്യാന്‍സര്‍ വകുപ്പുമേധാവിയായി 13 വര്‍ഷവും സേവനമനുഷ്ടിച്ചു. കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ആദ്യമായി സര്‍ജിക്കല്‍ കാന്‍സര്‍ ട്രീറ്റ്മെന്‍റ് കൊണ്ടുവന്നത് ഇദ്ദേഹമാണ്. അതിനുമുമ്പ് കാന്‍സര്‍ ശസ്ത്രക്രിയകള്‍ തിരുവനന്തപുരം ആര്‍.സി.സി യില്‍ മാത്രമേ നടത്തിയിരുന്നുള്ളു .
ഇത്രയും നാളത്തെ സേവനത്തിനിടയില്‍ മനസ്സില്‍ തട്ടിയ അനുഭവങ്ങളില്‍ ചിലത് പറയാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം വാചാലനായി. ഇവിടത്തെ ഒരാശുപത്രിയില്‍ നിന്നും മൂന്നേമൂന്നു ദിവസത്തെ ആയുസ്സ് വിധിച്ച് പറഞ്ഞുവിട്ട ശ്വാസകോശ കാന്‍സര്‍ രോഗിയെ സുഖമാക്കിയതാണ് ഒന്ന്. കാലില്‍ ക്യാന്‍സര്‍ ബാധിച്ച ഒരു സ്ത്രീയെ രക്ഷിക്കാന്‍ കാല്‍ മുറിച്ചു മാറ്റുകയെ മാര്‍ഗ്ഗമുള്ളു എന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയിട്ടും കാല്‍ മുറിക്കാതെ തന്നെ രോഗം ഭേദമാക്കിയതാണ് രണ്ടാമത്തേത്. എന്നാല്‍ തന്‍റെ നാട്ടുകാരനായ മുരുകേശനില്‍ ഡോക്റ്റര്‍ നടത്തിയ സര്‍ജറി ലോകശ്രദ്ധ നേടി. ഡോക്റ്റര്‍മാര്‍ പ്രഖ്യാപിച്ച വിധിയും കഴിഞ്ഞ് പാലിയേറ്റീവ് കെയറിന്‍റെ പരിചരണത്തില്‍ വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിഞ്ഞ മുരുകേശന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. ഒരു മുഖക്കുരുവിന്‍റെ രൂപത്തില്‍ വന്ന ക്യാന്‍സര്‍ വിത്ത് പൊട്ടിമുളച്ച് വളര്‍ന്ന് വലുതായി മുഖം മുഴുവന്‍ മറച്ചപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ മുരുകേശന്‍ മരണത്തെ ഉപാസിക്കാന്‍ തുടങ്ങി. അതറിഞ്ഞ ഡോക്റ്റര്‍ 18 മണിക്കൂര്‍ നീണ്ട ക്രാനിയോ ഫേഷ്യല്‍ റിസെക്ഷന്‍ ശസ്ത്രക്രിയയിലൂടെ മുരുകന് ജീവിതം തിരിച്ചു കൊടുത്തു. മൂക്കും തലയോട്ടിയും അടിത്തട്ടും ഉള്‍പ്പെടുന്ന ഭാഗം നീക്കം ചെയ്ത് മൈക്രോവാസ്ക്കുലര്‍ ശസ്ത്രക്രിയയിലൂടെ മുഖത്തിന്‍റെ ഒരു ഭാഗം പുന:സൃഷ്ടിച്ചു. മെഡിക്കല്‍ സയന്‍സിലെ അത്യപൂര്‍വ ശസ്ത്രക്രിയകളില്‍ ഒന്നായിരുന്നു അത്. നെട്ടൂര്‍ ഗ്രാമത്തിലെ ഓണാഘോഷം ഡോക്ടര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് മുരുകേശന്‍ അതിന് നന്ദി പ്രകാശിപ്പിച്ചു. അങ്ങനെ എത്രയെത്ര ശസ്ത്രക്രിയകളാണെന്നോ ആ തൊപ്പിയില്‍ പൊന്‍തൂവലുകളായി ചാര്‍ത്തപ്പെട്ടിരിക്കുന്നത്...
അടയാളമില്ലാത്ത തൈറോയ്‌ഡ് ശസ്ത്രക്രിയ വിഭാവനം ചെയ്തതിന് തമിഴ് നാട് എം.ജി .ആര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും The Best Innovation Award നേടിയിട്ടുള്ള ഡോക്റ്ററുടെ അഞ്ച് പേപ്പറുകള്‍ അന്തര്‍ദ്ദേശീയ മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 ഓളം പ്രബന്ധങ്ങള്‍ക്ക് The Best Presentation അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കാന്‍സര്‍ സംബന്ധമായ ലേഖനങ്ങള്‍ എഴുതാറുള്ള ഇദ്ദേഹം ചാനല്‍ ഷോകളിലും സജീവമാണ്. ഈയിടെ നടന്ന ശ്രീകണ്‍ഠന്‍ നായര്‍ ഷോയില്‍ സ്വതവേ ആരെയും ഒരു മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കാത്ത അവതാരകനെ ഡോക്റ്റര്‍ 5 മിനിറ്റ് നിശബ്ദനാക്കിയപ്പോള്‍ പ്രേക്ഷകര്‍ കൈയടിച്ച് അഭിനന്ദിച്ചു.
"ക്യാന്‍സര്‍ എങ്ങനെ എന്തുകൊണ്ട് വരുന്നു" എന്ന എന്‍റെ ചോദ്യത്തിന് ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം മറുപടി നല്‍കി. മെഡിക്കല്‍ സയന്‍സിലെ "ക്യാന്‍സര്‍" എന്ന നാലക്ഷരമടക്കം ഭൂരിഭാഗം സംജ്ഞകളും ഗ്രീക്ക് ഭാഷയില്‍ നിന്നും വന്നതാണ്. ഓരോ ക്യാന്‍സറിനും ഓരോ പ്രധാന കാരണം കണ്ടെക്കാമെങ്കിലും ഇതൊരു മള്‍ട്ടിഫാക്റ്റോറിയലാണ്. പുകവലിച്ചാല്‍ ശ്വാസകോശ കാന്‍സര്‍ വരുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ പുകവലിക്കാരും കാന്‍സര്‍ രോഗികളല്ലല്ലോ. എങ്കിലും ശ്വാസകോശ അര്‍ബുദക്കാരില്‍ 99 ശതമാനവും പുകവലിക്കാരാണ്. ഈസ്ട്രജനാണ് ബ്രെസ്റ്റ് കാന്‍സറിന്‍റെ തേരാളി, സ്ഥൂലത, വ്യായാമമില്ലായ്മ, നേരത്തെ ഋതുമതിയായി വൈകി ആര്‍ത്തവം നില്‍ക്കുക, പ്രസവം വൈകിക്കുക, കുഞ്ഞുങ്ങളെ മുലയൂട്ടാതിരിക്കുക, സൈക്കോളജിക്കല്‍ ഇമോഷണല്‍ സ്ട്രെസ്സ്, ഫാസ്റ്റ് ഫുഡ് ....ഇവയെല്ലാം സ്ഥാനാര്‍ബുദത്തിന്‍റെ രാസത്വരകങ്ങളാണ്. എങ്കിലും ഈയവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കെല്ലാം കാന്‍സര്‍ വരണമെന്നില്ല. കാലം മാറുന്നതിനനുസരിച്ച് കാരണങ്ങളും മാറുന്നു. അതിന്‍റെ പഠനങ്ങളും മാറുന്നു. മരുന്നുകളും മാറുന്നു. എങ്കിലും പുകയില, അന്തരീക്ഷ മലിനീകരണം, ബാക്ക് ഗ്രൗണ്ട് മലിനീകരണം എന്നിവ ക്യാന്‍സര്‍ വരുത്തുമെന്ന് ഉറപ്പിച്ചു പറയാം.
ഡോക്റ്ററോട് സംസാരിച്ചിരുന്നാല്‍ നേരം പോകുന്നതറിയില്ല. ക്യാന്‍സര്‍ ചികിത്സയുടെ നടക്കുന്ന സര്‍വ്വവിജ്ഞാനകോശമാണ് അദ്ദേഹം. വര്‍ഷങ്ങളുടെ അനുഭവങ്ങളില്‍ നിന്നും സ്വായത്തമാക്കിയ അറിവുകളാണ് പറഞ്ഞു തരുന്നത്, മെഡിക്കല്‍ കുട്ടികള്‍ക്ക് റോള്‍ മോഡലാക്കാന്‍ തികച്ചും യോഗ്യനായ ഒരാള്‍. കമ്മ്യൂണിറ്റി ഓങ്കോളജിയിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ വിശ്രമമില്ലാതെ ഓടിനടക്കുന്ന അദ്ദേഹം കേരള കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിഡണ്ടും, നിരവധി പാലിയേറ്റീവ് സംഘടനകളുടെ പേട്രണും, റോട്ടറി ക്യാന്‍സര്‍ സൊസൈറ്റിയുടെ ചെയര്‍മാനുമാണ്. ബ്രെസ്റ്റ് കാന്‍സര്‍ തടയാനായി പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിവരുന്ന "സുമ്പത്തോണ്‍" നൃത്തവ്യായാമ ഷോ കൊച്ചിയില്‍ കൊണ്ടുവരുകയാണ് അദ്ദേഹം.
"ഹെല്‍ത്ത് ഇക്കണോമിക്സി"ന്‍റെ പ്രചാരകനായ ഡോക്റ്റര്‍ സര്‍ജറി കഴിഞ്ഞ രോഗികളെ 24 മണിക്കൂറുകള്‍ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുന്നു. സര്‍ജറി കഴിയുന്നതോടെ ചികിത്സയുടെ 75 %വും പൂര്‍ത്തിയായി. ബാക്കി നേഴ്സിംഗ് പരിചരണം വീട്ടില്‍ പോയി ചെയ്യാവുന്നതേയുള്ളു. അതുകൊണ്ട് ആശുപത്രികള്‍ക്കും, രോഗികള്‍ക്കും ലാഭമാണ്. രോഗിയെ കാണാന്‍ വരുന്നവരുടേയും, രോഗിയുടേയും, കുടുംബത്തിന്‍റെയും അനാവിശ്യ പണച്ചിലവുകള്‍ ഒഴിവാക്കാം. മറ്റൊരു രോഗിയെ അഡ്മിറ്റാക്കാന്‍ സാധിക്കുന്നതുകൊണ്ട് ആശുപത്രിക്കും ലാഭo. അതിലൂടെ ഒരു രോഗിയെക്കൂടി ചികത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതിനാല്‍ ഡോക്റ്റര്‍ക്കും സായൂജ്യം. നല്ലൊരു ഡോക്റ്റര്‍ നല്ലൊരു ശ്രോതാവായിരുന്നാലെ രോഗികളുടെ പ്രയാസങ്ങള്‍ കേട്ടറിഞ്ഞ് നല്ല ചികിത്സ നല്‍കാനാകൂ എന്നാണ് പ്രമാണം. പുറത്ത് കാത്തിരുന്നപ്പോള്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. നിരാശയോടെ അകത്തേക്ക് പോകുന്ന രോഗികള്‍ പുഞ്ചിരിച്ചുകൊണ്ടാണ് പുറത്തേക്ക് വരുന്നത്. അതേ അദ്ദേഹം നല്ലൊരു ശ്രോതാവാണ്.
രാജഗിരി ഹോസ്പിറ്റലില്‍ അനസ്തേഷ്യവിഭാഗം മേധാവി ഡോ. ആനി തോമസാണ് സഹധര്‍മ്മിണി. മക്കള്‍ രണ്ടുപേര്‍ - മകള്‍ ഷാരോണ്‍ മരിയ തോമസ് MDSന് പഠിക്കുന്നു, മകന്‍ ഗ്രെഗ് വറുഗീസ് തോമസ് ആര്‍ക്കിടെക്ക്റ്റിനും. ചെമ്പരത്തിപ്പൂക്കളുടെ ആരാധകനായ ഡോക്റ്ററുടെ ശേഖരത്തില്‍ ഇപ്പോള്‍ 30 ഇനം ചെമ്പരത്തികളുണ്ട്. ലോകത്താകെയുള്ള 4000 ത്തോളം സ്പീഷീസ് കൊണ്ടുവന്ന് മുറ്റമൊരു ചെമ്പരത്തി ലൈവ് മ്യൂസിയമാക്കാനാണ് അടുത്ത ശ്രമം, നല്ലൊരു ഗായകനും, ഫോട്ടോഗ്രാഫറും , ക്വയര്‍ ലീഡറും, ക്വിസ് മത്സരാര്‍ത്തിയുമാണ് അദ്ദേഹം. എങ്ങനെ ഇതിനൊക്കെ സമയം കണ്ടെത്തുന്നു എന്ന് ചോദിച്ചപ്പോള്‍ "എനിക്കും പ്രധാനമന്ത്രി മോദിജിക്കും 24 മണിക്കൂറേയുള്ളൂ. കാര്യങ്ങള്‍ ചെയ്യാന്‍ അത് ധാരാളം" എന്നായിരുന്നു മറുപടി.
ലോകം മുഴുവന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള "തിങ്ക് പിങ്ക്" പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന ഈ ഒക്ടോബര്‍ മാസത്തില്‍ ഇങ്ങനെയൊരു സര്‍ജിക്കല്‍ കാന്‍സര്‍ പ്രതിഭാശാലിയോട് സംസാരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
Post a Comment