രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യേശുവിന്റെ ജനനവും ആഗോള തലത്തില്‍ ക്രിസ്തുമസിന്റെ പ്രാധാന്യവും സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യേശുവാണ് ക്രിസ്തുമസിന് പിന്നിലുള്ള കാരണമെന്നും നാം ദൈവത്തിന്റെ പുത്രന്മാരാണ് എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ ആനന്ദമെന്നും ട്രംപ് തന്റെ സന്ദേശത്തില്‍ ആയിരങ്ങളോട് പ്രഘോഷിച്ചു. നാഷ്ണല്‍ ക്രിസ്മസ് ട്രീയുടെ ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാരംഭ കാലം മുതല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് പ്രാര്‍ത്ഥനയുടെയും ആരാധനയുടെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് എന്നത് വിശുദ്ധമായ കാലമാണ്. രണ്ടായിരം വര്‍ഷം മുന്‍പ് ലോകജനതയ്ക്ക് ലഭിച്ച വലിയ സമ്മാനമാണ് യേശുവിന്റെ ജനനം. മനുഷ്യവംശത്തിന് മുഴുവൻ ദൈവം നൽകിയ സമ്മാനമാണ് അത്.


നമ്മുടെ വിശ്വാസം എന്തു തന്നെ ആയാലും യേശു ക്രിസ്തുവിന്റെ ജനനം അത്ഭുതകരമായ ചരിത്രമാണ്. അത് ലോകത്തെ തന്നെ മാറ്റിമറിച്ചു. നമ്മള്‍ ഓരോരുത്തരും ദൈവത്തിന്റെ മക്കളാണെന്നാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ആനന്ദം. അതാണ് നാം ഇന്നേ ദിവസം മനോഹരമായി ആഘോഷിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളേക്കാൾ പരസ്പര സ്നേഹത്തിന്റെയും ശുശ്രൂഷയുടേയും അവസരമാണെന്നും അതുവഴി ഹൃദയത്തിലും ലോകം മുഴവനും സമാധാനമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യു‌എസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഏറെ ആദരവോടെ അമേരിക്കയ്ക്കും ലോകജനതയ്ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ കുടുംബങ്ങളിലും രാജ്യത്തും ഉണ്ടാകട്ടെയെന്ന ആശംസയോടെയുമാണ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ തെളിയിക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ വനിത മെലാനിയയും സന്നിഹിതയായിരിന്നു. സ്വർണ്ണ- വെള്ളി വർണ്ണ നക്ഷത്രങ്ങളാൽ അലംകൃതമായിരുന്നു ക്രിസ്മസ് ട്രീ. 1923 ൽ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങിന് രാജ്യത്തു ആരംഭം കുറിച്ചത്.

കടപ്പാട് : www.pravachakasabdam.com

Post a Comment

Previous Post Next Post

Total Pageviews