അബൂജ: ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ദിനമായ ഒക്ടോബര്‍ 13-ന് നൈജീരിയായില്‍ അരലക്ഷത്തോളം വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് സൂര്യനില്‍ അത്ഭുതകരമായ ചലനം മാറ്റം നടന്നതായി റിപ്പോര്‍ട്ട്. പരിശുദ്ധ മറിയത്തിന്റെ തൃപ്പാദങ്ങളില്‍ പുനര്‍സമര്‍പ്പണം നടത്തുന്ന വേളയിലാണ് ആയിരങ്ങളെ സാക്ഷിയാക്കി അത്ഭുതം നടന്നത്. നൈജീരിയായിലെ ബെനിന്‍ സിറ്റിയില്‍ നടന്ന സമര്‍പ്പണ ചടങ്ങിനു ശേഷം ഉച്ചകഴിഞ്ഞ് ശക്തമായ മഴയുണ്ടായി. അതേതുടര്‍ന്ന്‍ സൂര്യന്റെ നിറം മാറുകയും സൂര്യന്‍ ആകാശത്ത് നൃത്തം ചെയ്യുന്ന രീതിയില്‍ കാണപ്പെട്ടുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പുരോഹിതരും മെത്രാന്‍മാരും ഉള്‍പ്പെടുന്ന 55,000-ത്തിലധികം ആളുകളാണ് അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. സമര്‍പ്പണത്തിന്റെ സ്ഥിരീകരണമായാണ് ഈ പ്രതിഭാസത്തെ വിശ്വാസികള്‍ വിലയിരുത്തുന്നത്. കൃത്യം നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1917 ഒക്ടോബര്‍ 13-ന് ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ അത്ഭുതം നടന്നിരുന്നു.

Must Read: ‍ "സ്വർഗ്ഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ" ദൈവമാതാവായ കന്യകാമറിയം 1917-ൽ പ്രത്യക്ഷപ്പെട്ടപ്പോൾ സൂര്യന്‍ പോലും നൃത്തം ചെയ്തു

എഴുപതിനായിരത്തോളം ആളുകളാണ് അതിനു സാക്ഷ്യം വഹിച്ചത്. നിരവധി നിരീശ്വരവാദികളും അന്ന് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അതേസമയം നൈജീരിയായില്‍ നടന്ന അത്ഭുതത്തെക്കുറിച്ച് സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.


എന്നാല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ ഫേസ്ബുക്ക്‌ പേജില്‍ പ്രത്യക്ഷപ്പെട്ട ദൃക്സാക്ഷി വിവരണവും വീഡിയോയും അത്ഭുതത്തിന്റെ സാധുതയേയും, അംഗീകാരത്തേയുമാണ്‌ സൂചിപ്പിക്കുന്നതെന്ന്‍ വിലയിരുത്തപ്പെടുന്നു. അസാധാരണമായ ഈ പ്രതിഭാസം ആയിരങ്ങളുടെ മനംകുളിര്‍പ്പിച്ചുവെന്നും, ഫാത്തിമയില്‍ സംഭവിച്ച അത്ഭുതത്തേയാണ് ഇതോര്‍മ്മപ്പെടുത്തുന്നതെന്നും സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എപ്പിസ്കോപ്പേറ്റിന്റെ ഡയറക്ടറായ ഫാദര്‍ ക്രിസ് എന്‍. അന്യാന്വു പറഞ്ഞു. ഇനിമുതല്‍ നൈജീരിയ ഒരിക്കലും പഴയതുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈജീരിയായിലെ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലാണ് രാജ്യത്തെ വീണ്ടും മാതാവിന് സമര്‍പ്പിക്കുന്നതിന് സഭാനേതൃത്വം തീരുമാനിച്ചത്. നൈജീരിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ ജോസ് ഇഗ്നേഷ്യസ് അയാവു കൈഗാമ മെത്രാപ്പോലീത്തയാണ് സമര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. 53 മെത്രാന്‍മാരും, ആയിരത്തിലധികം പുരോഹിതരും, രണ്ടായിരത്തിലധികം സന്യാസി-സന്യാസിനിമാരും, 55,000-ത്തോളം വിശ്വാസികളും സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post

Total Pageviews