ഡബ്ലിന്‍: പോളണ്ടിനും, ഇറ്റലിക്കും ശേഷം ജപമാല കൊണ്ട് സംരക്ഷണം തീര്‍ക്കാന്‍ അയര്‍ലണ്ടും ഒരുങ്ങുന്നു. “റോസറി ഓണ്‍ ദി കോസ്റ്റ് ഫോര്‍ ലൈഫ് ആന്‍ഡ് ഫെയിത്ത്” എന്ന് പേരിട്ടിരിക്കുന്ന ജപമാലയത്നം ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 26-നാണ് രാജ്യത്തു നടക്കുക. ജപമാല കൂട്ടായ്മകളാല്‍ രാജ്യത്തെ പൊതിയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഓരോ ജപമാല കൂട്ടായ്മ നടക്കുന്ന സ്ഥലങ്ങളിലും ഫലകങ്ങള്‍ നിലത്ത് സ്ഥാപിക്കുവാനും സംഘാടകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ജപമാലയിലെ 53 ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയെ സൂചിപ്പിക്കുന്നതിനായി അയര്‍ലന്‍ഡിലുടനീളം 53 സ്ഥലങ്ങളിലായുള്ള ജപമാലകൂട്ടായ്മക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. യേശുവിനെ രാജാവായി അംഗീകരിച്ചുകൊണ്ട് തങ്ങളുടെ രാജ്യത്തെ ക്രിസ്തുരാജന് സമര്‍പ്പിച്ച ആദ്യത്തെ രാജ്യമാണ് അയര്‍ലന്‍ഡ്. ഇതിനാലാണ് ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ തന്നെ പരിപാടി നടത്തുന്നതെന്നും, ക്രിസ്തുരാജനെ ആദരിക്കുമ്പോള്‍ അവന്റെ മാതാവായ പരിശുദ്ധ മറിയവും ആദരിക്കപ്പെടുന്നുണ്ടെന്നും പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ക്രിസ്തുരാജന്റെ പേരിലുള്ള ആദ്യത്തെ കത്തീഡ്രല്‍ ദേവാലയം സ്ഥിതിചെയ്യുന്നതും അയര്‍ലന്‍ഡിലാണ്.
ശക്തമായ പ്രോലൈഫ് നിയമങ്ങള്‍ ഉള്ള രാജ്യമാണ് അയര്‍ലണ്ടെങ്കിലും, ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനുള്ള സമ്മര്‍ദ്ദം രാജ്യത്തിനുമേല്‍ ഏറിക്കൊണ്ടിരിക്കുകയാണ്. 2015-ല്‍ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയിരിന്നു. 2016-ല്‍ നടന്ന സെന്‍സസ് പ്രകാരം 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ രാജ്യത്തു ഒരുമതത്തിലും വിശ്വസിക്കാത്തവരുടെ ശതമാനം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ രാജ്യത്തിന്റെ രക്ഷയ്ക്കായി വിശ്വാസികള്‍ ഒന്നടങ്കം കൂട്ടജപമാല നടത്തുന്നത്.
ലോകത്തിന് മാതൃകയായി പോളണ്ടും ഇറ്റലിയും നേരത്തെ വന്‍ ജപമാലയത്നം നടത്തിയിരിന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ‘റോസറി ഓൺ ദ ബോര്‍ഡര്‍’ എന്ന പേരോട് കൂടി ഏതാണ്ട് ഒരു ദശലക്ഷത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് പോളണ്ട് അതിര്‍ത്തിപ്രദേശങ്ങളിലൂടെ നടത്തിയ ജപമാല യജ്ഞത്തിന്റെ ചുവടുപിടിച്ചാണ് ഇറ്റലിയും ജപമാലയത്നം ആചരിച്ചത്. കത്തോലിക്കാ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ അയര്‍ലണ്ടിന്റെ വിശ്വാസസംരക്ഷണത്തിനായുള്ള ഒരു പോരാട്ടമായാണ് ജപമാലയത്നത്തെ വിശ്വാസികള്‍ കാണുന്നത്.
Post a Comment