ഒരിക്കൽ ജോസഫിന്റെ സദ്ഗുണങ്ങളും വിശുദ്ധിയും പരീക്ഷിക്കാൻ ദൈവം തീരുമാനിച്ചു. അദ്ദേഹത്തിൽ ഉന്നത കൃപകൾ വീണ്ടും വർഷിക്കുന്നതിനുവേണ്ടിയായിരുന്നു അത്. എവിടെനിന്നും ആശ്വാസമില്ലാത്ത സഹനം. അതുവരെ നേരിട്ടതിന്റെയെല്ലാം ഇരട്ടി. അദ്ദേഹത്തിൽ അസൂയ പൂണ്ടവർ ഘോരമായി അദ്ദേഹത്തെ അധിക്ഷേപിച്ചു. അതെല്ലാം കേട്ട്, അല്പം ആശ്വാസത്തിനായി ജോസഫ് വീട്ടിൽ മറിയത്തിന്റെയും ഈശോയുടെയും അടുത്തു ചെന്നു. അപ്പോൾ മറിയം കേട്ടഭാവംപോലും കാണിക്കാതെ മുറിക്കുള്ളിലേക്കുപോയി. ഈശോയ്ക്കാകട്ടെ വലിയ ഗൗരവഭാവം.
പറഞ്ഞറിയാനാകാത്ത ദു:ഖമാണ് അപ്പോൾ ജോസഫിനുണ്ടായത്. അസഭ്യം കേട്ടതിനെക്കാൾ, ഈശോയുടെയും മാതാവിന്റെയും അവഗണന ജോസഫിന്റെ ആത്മാവിൽ കയ്പായി ആഴ്ന്നിറങ്ങി. കഠിന വേദനയിലും ഉത്കണ്ഠയിലും കുനിഞ്ഞ ശിരസോടെ അദ്ദേഹം ജോലിസ്ഥലത്തേക്കു മടങ്ങി. ഏറെ അസ്വസ്ഥതയോടെ കരയാനും വിലപിക്കാനും തുടങ്ങി. ഈശോയ്ക്ക് തന്നോട് എന്തോ അനിഷ്ടമുണ്ടായിരിക്കുന്നു, അദ്ദേഹത്തിനു തോന്നി. ”എന്റെ പൊന്നുമോനേ, ഈശോയേ, ഞാൻ അത്യന്തം അസ്വസ്ഥനായിരിക്കുന്നു. നിനക്കെതിരായി എന്തുതെറ്റാണ് ഞാൻ ചെയ്തത്? എന്നോടു കോപിക്കുന്ന മുഖത്തോടെ നിന്നെ എനിക്ക് കാണേണ്ടിവന്നത് എന്ത്? നിന്നെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ഏറ്റം ദുർഭഗനായ മനുഷ്യൻ. നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ എന്തുചെയ്യും? ജോസഫ് സ്വയം പറഞ്ഞു കരഞ്ഞു.
പിന്നീട് തന്റെ ആത്മാവിനെ സ്വർഗത്തിലേക്ക് ഉയർത്തി പിതാവിനോടു പ്രാർത്ഥിച്ചു, ‘ഓ! കാരുണ്യവാനായ പിതാവേ, ഈ കഷ്ടതയിൽ എന്നോടു കനിവു തോന്നണമേ! അങ്ങയുടെ ഈ അയോഗ്യ ദാസൻ ഈ ക്ലേശങ്ങളെല്ലാം സഹിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കിൽ ക്ഷമാപണത്തോടെ ഞാൻ അത് അംഗീകരിക്കുന്നു. ഇത് അവിടുത്തെ പദ്ധതിയുടെ ഭാഗെമങ്കിൽ എന്റെ ഭാവിജീവിതം മുഴുവനും അങ്ങനെയുള്ള സാഹചര്യങ്ങളിൽ സന്തോഷത്തോടെ കഴിഞ്ഞുകൊള്ളാം. എന്നിൽ പാപത്തിന്റെ മാലിന്യമൊന്നും ഉണ്ടാകാതിരിക്കട്ടെ.
കർത്താവേ, അങ്ങയുടെ ഈ ദാസൻ അങ്ങയോടു യാചിക്കുന്നു: അവിടുന്ന് എന്നെ ശാസിക്കുകയും ശിക്ഷിക്കുകയും എല്ലാ സാന്ത്വനവും എന്നിൽനിന്ന് എടുത്തുമാറ്റുകയും ചെയ്താലും അങ്ങയെ ഉപദ്രവിക്കാൻമാത്രം എന്നെ ഒരിക്കലും അനുവദിക്കരുതേ. ലോകത്തുള്ള കഷ്ടതകൾ മുഴുവനും എന്റെമേൽ പതിച്ചുകൊള്ളട്ടെ. അവിടുത്തേക്ക് അനിഷ്ടകരമായ നിസ്സാര തെറ്റുപോലും ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ.
ക്ലേശങ്ങളാൽ ചുറ്റിവരിയപ്പെട്ടു ദു:ഖിതനായ ജോസഫ് എന്തുചെയ്യണമെന്നറിയാതെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി. ചിലപ്പോൾ തോന്നും, വേഗം ചെന്ന് ഈശോയോട് മാപ്പുചോദിക്കണമെന്ന്; പക്ഷേ, അങ്ങനെയൊട്ടു ചെയ്യാൻ പറ്റുന്നുമില്ല. ചില സമയത്ത് അങ്ങനെ ചെയ്യുന്നതാണ് ശരിയെന്ന് മനസ് നിർബന്ധിക്കും. ഒടുവിൽ അപ്രകാരം ചെയ്യാൻ തീരുമാനിച്ചു. തന്റെ സ്‌നേഹനിധിയായ ഈശോയുടെ കാൽക്കൽ വീണു മാപ്പു ചോദിക്കാമെന്ന് തീരുമാനിച്ചപ്പോഴേക്കും അതാ, ഈശോ ജോസഫിന്റെ അടുത്തേക്കുവന്ന് വലിയ സ്‌നേഹത്തോടെ അദ്ദേഹത്തെ ആലിംഗനം ചെയ്തു. ജോസഫിനുണ്ടായ ആനന്ദവും ആശ്വാസവും എങ്ങനെ വിവരിക്കും! ഈശോ പറഞ്ഞു: ”എന്റെ പ്രിയപ്പെട്ട അപ്പാ, സന്തോഷമായിരിക്കുക. അങ്ങ് എനിക്ക് ഒരു ദ്രോഹവും ഒരിക്കലും ചെയ്തിട്ടില്ല. എനിക്ക് അപ്പനോട് വലിയ സ്‌നേഹമാണ്.”
”ഓ! എന്റെ സ്‌നേഹമേ, എന്റെ ആത്മാവ് കഠോരദു:ഖത്താൽ വലയുകയായിരുന്നു. എന്നാൽ ഇപ്പോൾ നിന്റെ പുഞ്ചിരിക്കുന്ന മുഖം എന്നെ ആനന്ദിപ്പിക്കുന്നു.”
”പ്രിയപ്പെട്ട അപ്പാ, അങ്ങു സന്തോഷിക്കുക. അങ്ങ് എന്നെയും എന്റെ സ്വർഗീയ പിതാവിനെയും പ്രസാദിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ദൈവഹിതം സ്വയം തിരിച്ചറിയുകവഴി വലിയ സുകൃതങ്ങൾക്ക് അങ്ങ് യോഗ്യത നേടുകയും ചെയ്തിരിക്കുന്നു.” ജോസഫ് വരുന്നതും കാത്തിരിക്കുകയായിരുന്നു മറിയം. മറിയം സംസാരിച്ചപ്പോൾ ജോസഫിന് വലിയ ആശ്വാസം ലഭിച്ചു. വീണ്ടും തന്നെത്തന്നെ വിനീതനാക്കി, ദൈവത്തിന് നന്ദിയർപ്പിച്ച് ജോലിസ്ഥലത്തേക്ക് അദ്ദേഹം തിരികെപ്പോയി. ഇനിമുതൽ തന്റെ ആത്മാവിന് ആവശ്യമായതെന്തും തന്നോടു പ്രവർത്തിക്കണമേ, എന്ന പ്രാർത്ഥനയോടെ ദൈവത്തെ സദാ കീർത്തനംപാടി ആരാധിച്ചുകൊണ്ടിരുന്നു.
പരീക്ഷാഫലം
തുടർന്നുള്ള ദിനങ്ങളിൽ ജോസഫിന്റെ ഹൃദയം പൂർണമായും ദൈവത്തിൽ നിമജ്ജനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജോലിയിൽ അത് തെല്ലും തടസമായില്ല. ശരീരം ജോലിയിൽ വ്യാപൃതമായിരിക്കുമ്പോൾ ആത്മാവ് പ്രാർത്ഥനയിൽ മുഴുകി. ദൈവത്തെ സ്തുതിക്കുകയും മറ്റുള്ളവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുകയും എല്ലാം അവിടുത്തേക്കു സ്‌നേഹോപഹാരമായി സമർപ്പിക്കുകയും ചെയ്തു. സദാ ദൈവത്തിൽ ലയിച്ചിരുന്നതിനാൽ ജോലികളെല്ലാം അതിമനോഹരമായും വേഗതയിലും പൂർത്തിയായി. ലോകത്തിൽ, കൃത്യനിർവഹണങ്ങൾക്കിടയിലും ആത്മാവ് ദൈവത്തിൽ പരമാനന്ദത്തിൽ സദാ ആഹ്ലാദിക്കുന്നതിനുള്ള കൃപ. അനേകനാൾ വിശുദ്ധൻ സ്വയം പരിശ്രമിച്ചിട്ട് ലഭിക്കാതിരുന്നത്, അദ്ദേഹം കടന്നുപോയ സഹനത്തിലൂടെ ദൈവം പ്രദാനം ചെയ്തു; പുണ്യപൂർണതയിലേക്ക് ഒരു പ്രമോഷൻ കൂടെ.
ഇറ്റലിയിൽ മൗണ്ട് ഫിസ്‌കാനോയിലെ മദർ മരിയ സിസിലിയ ബെയ്ജിന് ഈശോ, വിശുദ്ധ യൗസേപ്പിനെക്കുറിച്ച് നല്കിയ വെളിപ്പെടുത്തലിലെ ഒരു സംഭവമാണിത്. യൗസേപ്പിതാവിന്റേതിനു സമാനമായ അപ്രതീക്ഷിത സഹനങ്ങൾ നേരിടുന്നവരാണ് നാമും. കാരണമില്ലാതെ ഒറ്റപ്പെടുത്തപ്പെടുക, മാറ്റിനിർത്തപ്പെടുക, സുഹൃത്തുക്കൾ മുഖംതരാതെ വഴിമാറിപ്പോകുന്നു, പ്രിയപ്പെട്ടവരുടെ അവഗണന, ദൈവംപോലും കൈവിട്ടപോലെ. എപ്പോഴും എന്തിനും ഓടിയെത്തുന്ന പരിശുദ്ധ അമ്മതന്നെ ഒന്നും കേൾക്കാത്തപോലെ… സഹിക്കാൻ കഴിയില്ല. എന്തുകൊണ്ടിങ്ങനെ ദൈവമേ? ഞാൻ എന്താണ് ചെയ്യേണ്ടത്? ഒന്നും അറിയാതെ വല്ലാതെ കുഴങ്ങും. മറ്റൊന്നുമല്ല, വലിയ കൃപകൾ വീണ്ടും വർഷിക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് അത് ചെയ്യുന്നത് എന്ന യൗസേപ്പിതാവിന്റെ അനുഭവമാണ് നമുക്കുള്ള ഉത്തരം. വേദനകളൊന്നും യാദൃശ്ചികമല്ല, ആകസ്മികവുമല്ല. വലിയ കൃപയിലേക്കുള്ള പ്രമോഷന് ദൈവമിടുന്ന യോഗ്യതാ പരീക്ഷയല്ലാതെന്ത്? അത് അവിടുന്ന് പ്രത്യേകം തിരഞ്ഞെടുത്തവർക്ക് മാത്രമുള്ളത്. അതുകൊണ്ടല്ലേ 1പത്രോസ് 5:10-ൽ ഓർമിപ്പിക്കുന്നത് ”തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അൽപകാലത്തെ സഹനത്തിനുശേഷം പൂർണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.”
എന്തിനാ ഇതൊക്കെ?
എന്തിനാ ഇതൊക്കെ എന്ന ഒരു ‘കുരുത്തക്കേട്’ ഉള്ളിലൊന്നു മിന്നിമറഞ്ഞേക്കാം. വിട്ടുകളയല്ല് ആ കുരുത്തക്കേടിനെ. ദൈവവചനം ഉദ്ധരിച്ചുതന്നെ ചെറുക്കണം. അല്ലെങ്കിൽ കൂടെക്കൂടെ അത് ശല്യമായെത്തും. ”അവിടുന്നു മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി” റോമാ 8:29,30. ദൈവം നമ്മെ സ്വപുത്രനെപ്പോലെ ആക്കാൻ, തന്റെ മഹത്വംനല്കാൻ ആണെന്ന് ചങ്കുറപ്പോടെ പ്രലോഭകനോട് പറയണം.
തന്മൂലം തോറ്റുകൊടുക്കരുത്, പൂർവയാക്കോബിനെപ്പോലെ അവസാനംവരെ പൊരുതിനില്ക്കണം. ഇണക്കു തെറ്റിയാലെന്ത്, അനുഗ്രഹം വാങ്ങിച്ചെടുക്കാതെ- പുണ്യപൂർണതയിലേക്കുള്ള പ്രമോഷൻ നേടാതെ ദൈവത്തെ വിട്ടുപോരരുത്. ”രാത്രിയിൽ വിലാപമുണ്ടായേക്കാം; എന്നാൽ പ്രഭാതത്തോടെസന്തോഷത്തിന്റെ വരവായി” (സങ്കീർത്തനങ്ങൾ 30:5). അനുഗ്രഹമില്ലാത്ത ഒരനുഭവവും ദൈവം തരില്ല. ആ പ്രമോഷൻ നേടിയെടുക്കുക എന്നത് നമ്മുടെ മിടുക്ക്. ചെറുതും വലുതും ഒന്നും നഷ്ടമാക്കരുത്.
”ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.” സകലവും നന്മയ്ക്കാക്കുമെന്നാണ് വാഗ്ദാനം- ചിലതുമാത്രമല്ല. ആയതിനാൽ റോമാ 8:28 തിരുവചനങ്ങളിലെ ദൈവിക ഉറപ്പ് നമ്മിൽ വീണ്ടും ഉറപ്പിക്കണം.
തന്ത്രങ്ങൾക്കെതിർ തന്ത്രം
ഒരു സാധാരണ മനുഷ്യൻ കടന്നുപോകുന്ന എല്ലാ അനുഭവങ്ങളും പ്രലോഭനങ്ങളും ജോസഫ് നേരിടുന്നുണ്ട്. ദൈവഹിതപ്രകാരം അദ്ദേഹം അവയെ തോല്പിച്ച് പുണ്യത്തിൽ അഭിവൃദ്ധിപ്പെടുന്ന രീതി നമുക്കും ശക്തിയേകും.
ബ്രഹ്മചര്യവ്രതം തകർക്കാൻ ചതിയൊരുക്കിയവരിൽ നിന്നും ഓടി രക്ഷപ്പെടുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു. രുചികരമായ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെ കഠിന ഉപവാസവും ആത്മ നിയന്ത്രണവും തോല്പിച്ചു. നിരർത്ഥകവും അപരിചിതവുമായവയെക്കുറിച്ച് വ്യർത്ഥഭാഷണത്തിന് പ്രലോഭിപ്പിച്ചപ്പോൾ, തിരക്കുള്ള പണിയുണ്ടെന്നും തന്നെ വെറുതെ വിടണമെന്നും മുഖത്തുനോക്കി മറുപടി.
ജോസഫിന്റെ നന്മകളും പുണ്യങ്ങളും എടുത്തുകാണിച്ച്, തന്നെപ്പോലെ യോഗ്യതയുള്ള മറ്റാരുമില്ലെന്നുള്ള ചിന്ത ഉള്ളിലുയർത്താൻ പിശാച് ശ്രമിച്ചപ്പോൾ തന്നെ തകർക്കാനുള്ള അവന്റെ തന്ത്രം തിരിച്ചറിഞ്ഞ് ദൈവത്തിൽ ശരണപ്പെടുകയും എളിമയിൽ കൂടുതൽ ആഴുകയും ചെയ്തു. കഠിന ആക്ഷേപ, അസഭ്യ വർഷം ചൊരിയപ്പെടുമ്പോൾ നിശബ്ദനായി അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. മോഷണക്കുറ്റം ആരോപിക്കപ്പെടുമ്പോഴും നിശബ്ദ പ്രാർത്ഥന. ദേഹോപദ്രവമേല്പിച്ചവരെയും വെറുക്കാതെ, ദൈവത്തിന് കൃതജ്ഞതയേകി.
കൂടെക്കൂടെ ലഭിച്ചിരുന്ന ദൈവദൂതരുടെ സന്ദർശനവും സന്ദേശങ്ങളും തോന്നലും കെട്ടുകഥയുമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശത്രു ശ്രമിച്ചപ്പോൾ ദൈവം അവിടുത്തെ ദൂതരിലൂടെ സംസാരിച്ചവ വിശ്വാസത്തോടെ ഏറ്റുപറഞ്ഞ് ഉറപ്പിച്ചു. വേദനിപ്പിച്ചവരെ വെറുക്കാൻ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ അവരുടെ നന്മ ആഗ്രഹിച്ച് അവരെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുകവഴി തിന്മ തന്റെ തന്ത്രവുമായി ഓടി ഒളിച്ചു.
ഉപേക്ഷിച്ച സമ്പത്തിനെക്കുറിച്ചുള്ള ഓർമയും പകരം വീണ്ടും നേടണമെന്ന ചിന്തയും ഉയർന്നപ്പോൾ, അവയെ ഗൗനിക്കാതെ സാത്താനെ പരിഹസിച്ചോടിച്ചു. ദൈവത്തിന്റെ കൃപയിൽമാത്രമേ താൻ സന്തോഷിക്കുന്നുള്ളൂ എന്ന് ഉദ്‌ഘോഷിച്ചു. നേരിട്ട പ്രലോഭനങ്ങളോരോന്നും അധികമധിക പുണ്യയോഗ്യതകളാൽ വിശുദ്ധനെ അലങ്കരിച്ചുകൊണ്ടിരുന്നു. പ്രലോഭനങ്ങളൊന്നും വിട്ടുകളയേണ്ടവയല്ലെന്നും വിശുദ്ധിയിലേക്കുള്ള പ്രമോഷൻ ടെസ്റ്റുകളാണെന്നുമല്ലേ വിശുദ്ധൻ ഇതിലൂടെ ഓർമിപ്പിക്കുന്നത്!
വിശുദ്ധ യൗസേപ്പിതാവേ, അപ്രതീക്ഷിത സഹനങ്ങളിലും അനുനിമിഷങ്ങളിലെ പ്രലോഭനങ്ങളിലും അങ്ങയെ അനുകരിച്ച് ദൈവത്തെ സന്തോഷിപ്പിക്കാനും പുണ്യാഭിവൃദ്ധിനേടാനും ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.
Post a Comment