കേടുപാടുകളൊന്നുമില്ലാതെ പതിനെട്ടുമാസം ദൈവം എന്നെ കാത്തു സൂക്ഷിച്ചു. എന്തിനാണ് അവര്‍ എന്നെ തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ല. എന്തായാലും ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും നമുക്കെല്ലാവര്‍ക്കുമുള്ള നിയോഗമായിക്കൂടിയാണ് ഇതിനെ ഞാന്‍ കാണുന്നത്. സാക്ഷ്യം കൂടുതല്‍ ശക്തമാക്കാന്‍ എനിക്കിതു പ്രചോദനമാകും. ഇനിയുള്ള എന്‍റെ പ്രേഷിതദൗത്യം എന്താണെന്നറിയില്ല. നിങ്ങളെല്ലാവരും ഇനിയും എനിക്കായി പ്രാര്‍ഥിക്കണം. നിങ്ങള്‍ക്കായി ഞാനും പ്രാര്‍ത്ഥിക്കുന്നു – യമനില്‍ ബന്ദികളില്‍ നിന്നു മോചിതനായ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ കേരളത്തോടും മലയാളികളോടും കൃതജ്ഞത അറിയിച്ചു കൊണ്ട് ഉരുവിട്ട വാക്കുകളാണിത്. റോമില്‍ നിന്നു മലയാളത്തിലാണു ഫാ. ടോം മോചനശേഷം ആദ്യമായി വിശേഷങ്ങള്‍ പങ്കുവച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടു വീഡിയോ കോണ്‍ഫെറന്‍സിംഗിലൂടെ നടത്തിയ ആശയവിനിമയത്തിലാണു ഭാരതത്തോടും കേരളത്തോടും മലയാളികളോടും ഫാ. ടോം നന്ദി അറിയിച്ചത്.
സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ കര്‍ദിനാളുമായി നടത്തിയ സംഭാഷണത്തില്‍ ഫാ. ടോമിനു പറയാനുണ്ടായിരുന്നതേറെയും ദൈവാനുഗ്രഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുടെ വാക്കുകള്‍. കേരളത്തില്‍ എന്‍റെ മോചനത്തിനായി പ്രാര്‍ഥിക്കുകയും പ്രയത്നിക്കുകയും ചെയ്ത നിരവധി പേരുണ്ട്. അവരോടെല്ലാം എനിക്കു കടപ്പാടുണ്ട്. ഉടന്‍ കേരളത്തില്‍ എത്താനാണ് ആഗ്രഹവും പ്രതീക്ഷയും. വരുമ്പോള്‍ എല്ലാവരെയും നേരിട്ടുകണ്ടു നന്ദിയറിയിക്കണമെന്നും ആഗ്രഹിക്കുന്നു. ചോദിക്കുന്നതെന്തും നല്‍കുന്നവനാണു സ്വര്‍ഗസ്ഥനായ ദൈവമെന്ന് എനിക്കും നമുക്കെല്ലാവര്‍ക്കും വീണ്ടും ബോധ്യപ്പെട്ട നാളുകളാണിത് — ഫാ. ടോം പറഞ്ഞു.
Post a Comment