റോം: ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായി റോമില്‍ തുടരുന്ന ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. 27ന് രാത്രി പ്രദേശിക സമയം 8.45നു റോമില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട് 28നു രാവിലെ 7.45ന് ഫാ.ടോം ഡല്‍ഹിയിലെത്തും. ബംഗളൂരു പ്രോവിന്‍സില്‍ നിന്നുള്ള സലേഷ്യന്‍ സഭാപ്രതിനിധികളും ന്യൂഡല്‍ഹി പ്രോവിന്‍സില്‍നിന്നുള്ള പ്രതിനിധികളും വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.
ഒഖ്ലയിലെ സലേഷ്യന്‍ ഹൗസില്‍ വിശ്രമിച്ചശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ഫാ. ടോം കാണും. പിന്നീട് വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോയെയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം സിബിസിഐ ആസ്ഥാനത്തെ പത്രസമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഡല്‍ഹി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
29നു രാവിലെ എട്ടിനു ഫാ. ടോം ബംഗളൂരുവിലെത്തും. അന്ന്‍ സിബിസിഐ നേതൃയോഗത്തില്‍ കര്‍ദ്ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും ഉള്‍പ്പെടുന്ന പ്രതിനിധികളെ സന്ദര്‍ശിക്കും. 30ന് ബംഗളൂരു സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പ്രോവിന്‍സിലെ എല്ലാ വൈദികരോടും ചേര്‍ന്ന് ഫാ. ടോം കൃതജ്ഞതാ ബലി അര്‍പ്പിക്കും. ഒക്ടോബര്‍ ഒന്നിന് രാവിലെ 10നാണ് അദ്ദേഹം കേരളത്തിലെത്തുക.
നെടുന്പാശേരിയിലെത്തുന്ന അദ്ദേഹത്തെ ബിഷപ്പുമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. ഉച്ചകഴിഞ്ഞു പാലാ ബിഷപ്‌സ് ഹൗസില്‍ ബിഷപ്പുമാരെ സന്ദര്‍ശിച്ചശേഷം നാലിനു ജന്മനാടായ രാമപുരത്തെത്തും.
രണ്ടിന് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തുടര്‍ന്ന് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം എന്നിവരെയും സന്ദര്‍ശിക്കും. നേരത്തെ ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്തെത്തി ഫാ. ടോമിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന നടപടി പൂര്‍ത്തിയാക്കിയിരിന്നു.
http://pravachakasabdam.com
Post a Comment